Thursday, October 17, 2013

ജനസമ്പര്‍ക്ക കെട്ടുകാഴ്ച ചെലവഴിക്കുന്നത് കോടികള്‍

ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കോടികള്‍ ചെലവഴിക്കുന്ന കെട്ടുകാഴ്ചയാകുന്നു. കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിന് കോടികള്‍ ചെലവഴിക്കുന്നത്. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന് ലക്ഷങ്ങളുടെ പരസ്യമാണ് നല്‍കുന്നത്. കഴിഞ്ഞ തവണയും ഈയിനത്തില്‍ കോടികള്‍ ചെലവിട്ടിരുന്നു. ഇക്കുറി ദേശീയമാധ്യമങ്ങളിലും പരസ്യം നല്‍കാന്‍ നീക്കമുണ്ട്. ഇതുകൂടാതെ ലക്ഷങ്ങള്‍ മുടക്കി മറ്റു പ്രചാരണവും നടത്തും. സംഘാടനത്തിനും കോടികളാണ് ചെലവിടുക.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്ക് സംഘാടനത്തിനുമാത്രം മൂന്നരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. ഇക്കുറി ഇരട്ടിയാകും. 14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടിയോളം ചെലവിട്ടു. പരിപാടി ഉമ്മന്‍ചാണ്ടിയുടെ വണ്‍മാന്‍ ഷോ ആക്കിമാറ്റാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കം. സോളാര്‍ കുംഭകോണത്തെതുടര്‍ന്ന് നഷ്ടമായ പ്രതിഛായ പ്രചാരണ കോലാഹലത്തിലൂടെ വീണ്ടെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതില്‍ തുടര്‍ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അപേക്ഷയില്‍ മിക്കവയും നശിപ്പിച്ചുകളഞ്ഞതായും ആക്ഷേപമുണ്ട്. തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. 54,151 അപേക്ഷയ്ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നത് അജ്ഞാതം. തിരുവനന്തപുരം ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി ഇക്കുറി 14,957 അപേക്ഷ ലഭിച്ചു. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള അപേക്ഷയാണ് ഏറെയും.

deshabhimani

No comments:

Post a Comment