Friday, October 25, 2013

സ്മരണകളില്‍ ഇരമ്പും മേനാശേരി യോദ്ധാക്കള്‍

മേനാശേരി: സ്വന്തം ജീവരക്തം കൊണ്ട് സമരേതിഹാസം തീര്‍ത്ത പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മേനാശേരി രക്തസാക്ഷികളുടെ സമരചരിത്രം. സാമൂഹ്യമാറ്റത്തിനും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും എന്നും പ്രേരകശക്തിയായി, പിറന്നനാടിന്റെ മോചനത്തിനും സര്‍വോപരി പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി അറുപത്തിയേഴ് ആണ്ടുകള്‍ക്കപ്പുറം ധീരരക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു അമരന്മാരായ ദേശാഭിമാനികള്‍ക്ക് വെള്ളിയാഴ്ച മേനാശേരിയില്‍ പിന്മുറക്കാര്‍ പ്രണാമം അര്‍പ്പിക്കും.

സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ വിരിമാറുകാട്ടി പിടഞ്ഞുവീണത് സമരാവേശത്തിന്റെ പ്രതീകമായി മാറിയ 13കാരന്‍ അനഘാശയന്‍ അടക്കം എണ്ണിയാലൊടുങ്ങാത്തവര്‍. പട്ടാളക്കാരന്റെ കൈവെട്ടിവീഴ്ത്തി വയര്‍വെട്ടിപ്പിളര്‍ത്തിയ വേലായുധന്‍ പുതുതലമുറയുടെ സ്മരണകളില്‍ അഗ്നി പടര്‍ത്തുന്നു. മേനാശേരിയിലെ തൊഴിലാളിക്യാമ്പ് തകര്‍ക്കാന്‍ തുലാം പത്തിന് ഉച്ചയോടെ പറപ്പള്ളി തോടുവഴി സര്‍ സിപിയുടെ പട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലുമായി വയലാറില്‍ നിന്ന് ഒളതലവഴി എത്തി. മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ തൊഴിലാളി ക്യാമ്പായിരുന്നു ലക്ഷ്യം. ഈ സമയം ആയിരക്കണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ തമ്പടിച്ചിരുന്നു. പട്ടാളമെത്തിയ വിവരമറിഞ്ഞതോടെ കൈയില്‍കിട്ടിയ ആയുധങ്ങളുമായി ഇവര്‍ മൂന്നുവഴികളിലൂടെ പട്ടാളത്തെ നേരിടാന്‍ മുന്നോട്ടുനീങ്ങി. ഈ സമയംപട്ടാളത്തിന് സര്‍ സിപിയുടെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് ഹെലികോപ്ടറില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മണ്ണില്‍ ഇഴഞ്ഞുനീങ്ങിയ സമരഭടന്മാര്‍ ആവേശപൂര്‍വം മുന്നേറി. പട്ടാളത്തിന്റെ മനോധൈര്യം തകര്‍ക്കുന്ന നിലയില്‍ വേലായുധന്‍ എന്ന യോദ്ധാവ് നിലത്തുനിന്ന് ഉയര്‍ന്നുപൊങ്ങി സമരസഖാക്കളെ വെടിവെച്ചുവീഴ്ത്തിക്കൊണ്ടിരുന്ന പട്ടാളക്കാരന്റെ കൈവെട്ടി താഴെയിട്ടു. അടുത്തവെട്ട് പട്ടാളക്കാരന്റെ വയര്‍പിളര്‍ത്തി. ആ നിമിഷത്തില്‍തന്നെ നിരവധി വെടിയുണ്ടകളേറ്റ് വേലായുധന്‍ പിടഞ്ഞുവീണു.

സമരഭടന്മാര്‍ക്കൊപ്പം നീങ്ങിയ അനഘാശയന്‍ അയ്യങ്കാട്ട് വീടിനുമുന്നില്‍ വെടിയേറ്റു പിടഞ്ഞുവീണ് ധീരരക്തസാക്ഷിയായി. സമരത്തിന്റെ ജ്വലിക്കുന്ന വീരയോദ്ധാവാണ് രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ ഈ 13കാരന്‍. തൊഴിലാളിക്യാമ്പിലേക്കുള്ള കരിങ്കല്‍ചീളുകളും മറ്റും എത്തിക്കുന്നത് അനഘാശയനായിരുന്നു. അയ്യങ്കാട്ട് നിലവറയും പട്ടാളക്കാര്‍ തീവച്ചുനശിപ്പിച്ചു. ഇവിടെനിന്ന് അനേകം തലയോട്ടികള്‍ പിന്നീട് കണ്ടെടുത്തു.

മേനാശേരി ദിനത്തില്‍ ആയിരങ്ങള്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചനയും പുഷ്പചക്രവും സമര്‍പ്പിക്കും. പട്ടണക്കാട്ടെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കും. വൈകിട്ട് നാലിന് പട്ടണക്കാട് പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍നിന്ന് റാലികള്‍ ആരംഭിച്ച് മണ്ഡപത്തിലെത്തി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അടക്കമുള്ള സംയുക്തറാലി പൊന്നാംവെളിയിലെ പൊതുസമ്മേളന വേദിയായ മേനാശേരി രക്തസാക്ഷി നഗറിലേക്ക് നീങ്ങും. തുടര്‍ന്ന് ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനാകും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, അഡ്വ. കെ പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍, എ എം ആരിഫ് എംഎല്‍എ, പി വി പൊന്നപ്പന്‍, എ എസ് സാബു, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എന്‍ എസ് ശിപ്രസാദ്, പി ഡി ബിജു എന്നിവര്‍ സംസാരിക്കും.

മേനാശേരി രക്തസാക്ഷികള്‍ക്ക് ഇന്നു പ്രണാമം

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി സമരചരിത്രത്തിലെ ആവേശോജ്വല മുഹൂര്‍ത്തമായി മാറിയ മേനാശേരി ദിനം വെള്ളിയാഴ്ച ആചരിക്കും. ചുടുനിണം കൊണ്ട് വീരേതിഹാസം രചിച്ച പുന്നപ്ര-വയലാര്‍ സമരത്തിലൂടെ സാമൂഹ്യമാറ്റത്തിന് നാന്ദികുറിച്ച വിപ്ലവപോരാട്ടങ്ങളില്‍ ജ്വലിക്കുന്ന ഏടാണ് മേനാശേരി. മേനാശേരി ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളി ക്യാമ്പിലേക്ക് സര്‍ സിപിയുടെ ചോറ്റുപട്ടാളം പറപ്പള്ളി തോടുവഴി എത്തിയാണ് നിറയൊഴിച്ചത്. വയലാര്‍, ഒളതല ക്യാമ്പുകളില്‍ നടത്തിയ വെടിവയ്പിനുശേഷമായിരുന്നു മേനാശേരിയില്‍ വെടിവെപ്പ് നടത്തിയത്. പ്രദേശത്തെ ജന്മി-മാടമ്പിമാരുടെ ഒത്താശയോടെയെത്തിയ പട്ടാളക്കാരെ ക്യാമ്പിലുണ്ടായിരുന്ന സമരസഖാക്കള്‍ നിലത്ത് ഇഴഞ്ഞുനീന്തി കൈയില്‍ കിട്ടിയ ആയുധങ്ങളുമായി നേരിട്ടു. തോക്കിനുമുന്നില്‍ ചെറുത്തുനിന്ന സമരഭടന്മാര്‍ ധീരരക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ പതിമൂന്നുകാരന്‍ അനഘാശയനും പട്ടാളത്തിന്റെ കൈയും വയറും പിളര്‍ത്തിയ വേലായുധനും പിന്മുറക്കാര്‍ക്ക് ഇന്നും ത്രസിപ്പിക്കുന്ന ആവേശമാണ്. മേനാശേരിയിലെ അമരന്മാരായ രക്തസാക്ഷികളുടെ ധീരസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പൊന്നാംവെളിയില്‍ വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും ചേരും. പട്ടണക്കാട് പഞ്ചായത്തുതല വാരാചരണകമ്മിറ്റിയുടെയും വാര്‍ഡുതല വാരാചരണ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പചക്രങ്ങളും രക്തപുഷ്പങ്ങളുമായെത്തി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. പന്നീട് സംയുക്തപ്രകടനം പൊന്നാംവെളിയിലെ മേനാശേരി നഗറിലേക്ക് എത്തും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ ജി സുധാകരന്‍ എംഎല്‍എ, കെ ഇ ഇസ്മയില്‍, സി ബി ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിക്കും.

deshabhimani

No comments:

Post a Comment