Friday, October 25, 2013

ഭൂരഹിതരില്ലാത്ത കേരളം: ജില്ലയില്‍ കണ്ടെത്തിയത് കരിങ്കല്‍ ക്വാറി

മഞ്ചേരി: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ജില്ലയില്‍ സര്‍ക്കാര്‍ കണ്ടെത്തിയത് കരിങ്കല്‍ ക്വാറി. വാസയോഗ്യമല്ലാത്ത മൊട്ടപ്പാറയാണ് നിരാലംബരും നിര്‍ധനരുമായ 43 കുടംബങ്ങള്‍ക്ക് നല്‍കിയത്. ഒരുതുണ്ട് ഭൂമിയും തലചായ്ക്കാന്‍ ഒരു കൂരയും സ്വന്തമാക്കാന്‍ വര്‍ഷങ്ങളായി അപേക്ഷനല്‍കി കാത്തിരുന്നവര്‍ക്കാണ് കരിങ്കല്‍ ക്വാറി പതിച്ചുനല്‍കി സര്‍ക്കാര്‍ വഞ്ചിക്കുന്നത്. ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന മഞ്ചേരി താരശ്ശേരി കാരേപറമ്പിലെ 465 സര്‍വേ നമ്പറിലുള്ള കരിങ്കല്‍ ക്വാറിയാണ് വിതരണത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയത്. നേരത്തേ കരിങ്കല്‍ ഖനനത്തിനായി റവന്യൂവകുപ്പ് പാട്ടതിന് നല്‍കിയ ഭൂമിയാണിത്. 12 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ 1.35 ഏക്കര്‍ ഭാഗത്ത് മൂന്ന് സെന്റ് വീതമുള്ള 43 പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് നവബര്‍ നാലിന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയല്‍ പട്ടയവിതരണം നടത്തും. ഗുണഭോക്താക്കളില്‍ ഭൂരിഭാഗംപേരും നിരാലംബരായ വിധവകളാണ്. ഇവരില്‍ നാലുപേര്‍ പട്ടികജാതിക്കാരും. ഒരുനേരത്തെ അന്നത്തിനുപോലും ഗതിയില്ലാത്ത പാവങ്ങള്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടെത്താമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കരിങ്കല്‍ ക്വാറി അളന്നുതിട്ടപ്പെടുത്തിയതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.

ഈ പ്രദേശം ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ നേരത്തെ നീക്കം ഉണ്ടായിരുന്നെങ്കിലും ഗുണഭോക്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. ഇതിനിടയിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം അപേക്ഷ നല്‍കിയ പയ്യനാട് വില്ലേജിലെ വിധവകള്‍ക്കും പട്ടികജാതിക്കാര്‍ക്കും മൊട്ടപ്പാറ പതിച്ചുനല്‍കിയത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പാണ് ഇവിടെയുണ്ടായിരുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഭീമന്‍ കുഴികളിലെ വെള്ളക്കെട്ടും മൊട്ടപ്പാറയും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഒന്നിനുംകൊള്ളാത്ത പാറപ്പുറത്ത് എങ്ങനെ വീടുവയ്ക്കും എന്ന അങ്കലാപ്പിലാണ് ഗുണഭോക്താക്കള്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതിനാല്‍ കിട്ടിയ വിലയ്ക്ക് കിടപ്പാടം വിറ്റ് പോകാനുള്ള ഒരുക്കത്തിലാണ് ക്വാറിയുടെ സമീപപ്രദേശത്തുള്ളവര്‍. ജില്ലയില്‍ 22 വില്ലേജുകളിലായാണ് വിതരണത്തിനായി ഭൂമി കണ്ടെത്തിയത്. ഇതില്‍ നല്ലൊരു ശതമാനം ഭൂമിയും വാസയോഗ്യമല്ലാത്തതാണെന്ന് കാണിച്ച് ഗുണഭോക്താക്കള്‍ രംഗത്തെത്തി.

ജനസമ്പര്‍ക്കം: മുഖ്യമന്ത്രി പരിഗണിക്കുന്നത് 523 അപേക്ഷ മാത്രം

ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുന്നത് 523 പരാതി മാത്രം. പരാതി നല്‍കിയ ഭൂരിഭാഗം പേര്‍ക്കും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍പോലും സാധിക്കില്ലെന്ന് ഉറപ്പായി. കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് അപേക്ഷകള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. പരാതികളില്‍ അര്‍ഹരല്ലെന്ന് കണ്ടെത്തിയ 2503 എണ്ണം നിരസിച്ചിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം 46,000 അപേക്ഷ പരിഗണിച്ചിടത്താണ് ഈ കുറവ്. നവംബര്‍ നാലിന് എംഎസ്പി പരേഡ് ഗ്രൗണ്ടിലാണ് ജനസമ്പര്‍ക്ക പരിപാടി. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ പരാതികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. ആകെ 10,171 പരാതികളാണ് ലഭിച്ചത്. ഇതില്‍ 6142 അപേക്ഷകള്‍ സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളി. അവശേഷിക്കുന്ന 4029 അപേക്ഷകളാണ് സ്ക്രീനിങ് കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ 3506 എണ്ണം തീര്‍പ്പാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂരിഭാഗം അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകളില്‍ കെട്ടിക്കിടക്കുകയാണ്. ലഭിച്ച അപേക്ഷകള്‍ വകുപ്പുകള്‍ക്ക് കൈമാറിയതിനെയാണ് തീര്‍പ്പുകല്‍പ്പിച്ചതായി വ്യാഖ്യാനിക്കുന്നത്. പട്ടയത്തിന് ലഭിച്ച അപേക്ഷകള്‍ റവന്യൂവകുപ്പിന് കൈമാറിയതൊഴിച്ചാല്‍ കാര്യമായ നടപടി ഉണ്ടായിട്ടില്ല.

ബിപിഎല്‍ കാര്‍ഡിനുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. പഞ്ചായത്ത് തലത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി മതിയായ പരിശോധന നടത്തിയാണ് ബിപിഎല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അപേക്ഷകരുടെ എണ്ണം പെരുപ്പിക്കാനാണ് ബിപിഎല്‍ അപേക്ഷകള്‍ വാങ്ങിക്കൂട്ടിയത്. ആകെ ലഭിച്ച പരാതികളില്‍ പകുതിയിലേറെയും ബിപിഎല്‍ കാര്‍ഡിനുള്ളവയാണ്. 5000ന് മുകളില്‍ വരുമിത്. ഇതില്‍ 2500ന് മുകളില്‍ അപേക്ഷകള്‍ ആദ്യഘട്ടത്തില്‍ തന്നെ തള്ളി. അവശേഷിക്കുന്ന 2500 എണ്ണം മാത്രമാണ് സ്ക്രീനിങ് കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ 180 എണ്ണം മാത്രമാണ് മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുക. ബാക്കിയുള്ള 2320 അപേക്ഷകളും ഫലത്തില്‍ തള്ളിയ സ്ഥിതിയാണ്. ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം/ലഭ്യതയനുസരിച്ച് ബിപിഎല്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ സ്ക്രീനിങ് കമ്മിറ്റി തീരുമാനിച്ചതായാണ് പറയുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആനുപാതികമായ ഭക്ഷ്യധാന്യം കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കെയാണ് ഈ കബളിപ്പിക്കല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് 1417 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1112 എണ്ണം വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 305 എണ്ണം മുഖ്യമന്ത്രി പരിഗണിക്കും. തൊഴില്‍, വൈദ്യുതി, വെള്ളം, വികലാംഗക്ഷേമം, ആരോഗ്യം, സഹകരണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 93 അപേക്ഷകള്‍ പരിഗണിച്ചതില്‍ 29 കേസുകള്‍ മാത്രമാണ് മുഖ്യമന്ത്രി പരിഗണിക്കുക. മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് പരിഗണിച്ച 19 അപേക്ഷകളില്‍ ഒമ്പത് എണ്ണമാണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി മാറ്റിവച്ചത്. രാവിലെ ഒമ്പത് മുതല്‍ പകല്‍ ഒന്നുവരെയാണ് ഈ പരാതികള്‍ മുഖ്യമന്ത്രി പരിഗണിക്കുക. ഉച്ചയ്ക്കുശേഷം പൊതുജനങ്ങളില്‍നിന്നും നേരിട്ട് പരാതി സ്വീകരിക്കും.

deshabhimani

No comments:

Post a Comment