Friday, October 25, 2013

ചരിത്രം ചുവപ്പിച്ച സമരാനുഭവം പങ്കുവച്ച് സമരസേനാനി

ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച രക്തരൂക്ഷിത പോരാട്ടത്തിന്റെ ഓര്‍മകള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കിയ പുന്നപ്ര-വയലാര്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ സമരകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നു മുദ്രാവാക്യമുയര്‍ത്തി തിരികെ ജീവനോടെ മടങ്ങാമെന്ന ഒരുപ്രതീക്ഷയുമുണ്ടായിരുന്നില്ലെന്ന് ബിഷപ്പ്മൂര്‍ വിദ്യാപീഠത്തിലെ ആരാധ്യയുടെ ചോദ്യത്തിന് മറുപടിയായി പി കെ ചന്ദ്രാനന്ദന്‍ പറഞ്ഞു. 67-ാമത് പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി പറവൂരിലെ രക്തസാക്ഷി നഗറില്‍ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ കുട്ടികളുമായി സമരകാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു പികെസി.

സമരത്തില്‍ പങ്കെടുക്കുമ്പോള്‍ വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നോ എന്നാണ് കാക്കാഴം ജിഎച്ച്എസിലെ സൈറാബാനുവിന് അറിയേണ്ടത്. ജന്മിത്വം നാടുവാണിരുന്ന കാലമായിരുന്നു അന്ന്. ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്നും, പ്രായപൂര്‍ത്തി വോട്ടവകാശം വേണമെന്നുള്ള തൊഴിലാളി വര്‍ഗത്തിന്റെ മുദ്രാവാക്യം ആര്‍ക്കും എളുപ്പമുള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കയര്‍ഫാക്ടറി-മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചത് എതിര്‍പ്പുകളെ അവഗണിച്ചാണ്. ഈ സമരത്തില്‍ സ്ത്രീകളെ എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ല എന്ന ചേദ്യത്തിന് പട്ടാളക്കാരുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്നും ജീവന്‍ പൊലിയുമെന്നും സമരസഖാക്കള്‍ മനസിലാക്കിയിരുന്നു. അതിനാല്‍ സ്ത്രീകളെയും കുട്ടികളെയും പ്രത്യക്ഷത്തില്‍ മാറ്റിനിര്‍ത്തിയെങ്കിലും പട്ടാളക്കാരെ നേരിടുന്നതിനുള്ള പരിശീലനക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് അവരുടെ സഹായം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

ആറുലക്ഷത്തോളം കുടുംബങ്ങളാണ് ജന്മിയുടെ പുരയിടത്തിലെ കൃഷിപ്പണി ചെയ്ത് അവിടെ ഒറ്റമുറിയുള്ള ചെറ്റക്കുടിലില്‍ ഏറ്റവും ഹീനമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്നത്. അവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. ചെയ്യുന്ന ജോലിക്ക് കൂലി നല്‍കിയിരുന്നില്ല. ഇതിനെല്ലാമെതിരെ, മനുഷ്യനായി ജീവിക്കാനുള്ള അവകാശമായിരുന്നു സമരത്തിലൂടെ ലക്ഷ്യംവച്ചത്. അതിന്റെ ഫലമായി പത്ത് സെന്റ് കുടികിടപ്പവകാശവും സാര്‍വത്രികവും സൗജന്യവുമായി വിദ്യാഭ്യാസം നമ്മള്‍ നേടിയെടുത്തു. ദിവാന്‍ സര്‍. സിപിയെ നാടുകടത്താനായി. അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്ന സംഘടിതശക്തിയായി തൊഴിലാളി പ്രസ്ഥാനം മാറിയെന്നും പികെസി വിവരിച്ചു. സമരത്തിനായി മാസങ്ങള്‍ നീണ്ട തയാറെടുപ്പ് പരിശീലനവും പിന്നീട് ഒളിവ് ജീവിതവും ജയില്‍വാസവും ചോദ്യങ്ങള്‍ക്ക് മറുപടിയായി പികെസി വിവരിക്കുമ്പോള്‍ പഴയകാല ജീവിതത്തിന്റെ നേരറിവ് നേടിയെടുത്ത കുട്ടികള്‍ പുന്നപ്ര-വയലാറില്‍ ജീവന്‍ ബലിയര്‍പ്പിച്ച സമരസഖാക്കളെ നെഞ്ചോട് ചേര്‍ത്തു. സിപിഐ എം അമ്പലപ്പുഴ ഏരിയസെക്രട്ടറി എച്ച് സലാം, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍, സെക്രട്ടറി എം രഘു, വി കെ ബൈജു, എം ത്യാഗരാജന്‍, ടി എസ് ജോസഫ്, പി ഷാജി എന്നിവരും പികെസിയ്ക്കൊപ്പമുണ്ടായിരുന്നു.
(വി പ്രതാപ്)

deshabhimani

No comments:

Post a Comment