Wednesday, October 9, 2013

വൈറ്റ്ഹൗസും അടച്ചുപൂട്ടലിലേക്ക്

അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നുള്ള സര്‍ക്കാര്‍സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ വൈറ്റ്ഹൗസിനെയും ബാധിച്ചു. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ കടമെടുക്കല്‍പരിധി വര്‍ധിപ്പിക്കണമെന്നും പ്രസിഡന്റ് ബറാക് ഒബാമ യുഎസ് കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടു. എന്നാല്‍,പരസ്പരമുള്ള ചര്‍ച്ചയ്ക്ക് ഒബാമയും ഡെമോക്രാറ്റുകളും തയ്യാറാകണമെന്നും എങ്കില്‍മാത്രമേ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാന്‍ കഴിയൂവെന്നും റിപ്പബ്ലിക്കന്‍ നിലപാട് കടുപ്പിച്ചു.

പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് വൈറ്റ് ഹൗസ് ജീവനക്കാരില്‍ നാലില്‍ മൂന്നുപേര്‍ എന്നതോതില്‍ നിര്‍ബന്ധിത അവധിയിലാണ്. അത്യാവശ്യമല്ലാത്ത എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഇവരോട് അവധി എടുക്കാന്‍ ആവശ്യപ്പെട്ടത്. ഉപദേശകര്‍, അസിസ്റ്റന്റുമാര്‍, പാചകക്കാര്‍ തുടങ്ങി യ തസ്തികകളില്‍ ജോലിചെയ്യുന്ന 1701 പേരില്‍ 450 പേര്‍മാത്രമാണ് ഇപ്പോള്‍ ജോലിയിലുള്ളത്. വൈറ്റ് ഹൗസിലെ സ്വിച്ച്ബോര്‍ഡുകള്‍പോലും വീണ്ടും തുറക്കുമ്പോള്‍ ബന്ധപ്പെടുക എന്ന സന്ദേശമാണ് നല്‍കുന്നത്.

2008ലെ മാന്ദ്യം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയേക്കാള്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സാമ്പത്തികവിദഗ്ധര്‍ നിരീക്ഷിച്ചു. സ്പീക്കര്‍ ജോണ്‍ ബീനര്‍ക്ക് അടച്ചുപൂട്ടല്‍ അവസാനിച്ചുകാണാന്‍ താല്‍പ്പര്യമില്ലെന്നും അല്ലെങ്കില്‍ അദ്ദേഹം ബജറ്റിനെ ബാധിക്കാത്തവിധം ഇതിന് പരിഹാരം കാണുമായിരുന്നുവെന്നും ഒബാമ വിമര്‍ശിച്ചു. എന്നാല്‍, ഒബാമ കെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആരോഗ്യസംരക്ഷണനിയമത്തില്‍ ചര്‍ച്ചയിലൂടെ മാറ്റംവരുത്താന്‍ പ്രസിഡന്റ് തയ്യാറാവുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ബീനര്‍ തിരിച്ചടിച്ചു. എന്നാല്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും കടമെടുക്കല്‍പരിധി ഉയര്‍ത്തുകയും ചെയ്യാതെ പ്രസിഡന്റ് ഒരു ചര്‍ച്ചയ്ക്കും തയ്യാറാകില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു സാമ്പത്തികദുരന്തത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ കടമെടുക്കല്‍പരിധിയില്‍ താല്‍ക്കാലിക- ഹ്രസ്വകാല ഉയര്‍ത്തല്‍ സാധ്യമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ജീന്‍ സ്പെര്‍ലിങ് പറഞ്ഞു. പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുഴുവനായി ഒബാമയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് റിപ്പബ്ലിക്കന്മാരുടെ ശ്രമം. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് റിപ്പബ്ലിക്കന്മാര്‍ കനത്തവില നല്‍കേണ്ടിവരുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റും എബിസിയും കഴിഞ്ഞദിവസം നടത്തിയ സര്‍വേയില്‍ വെളിപ്പെടുത്തുന്നത്.

deshabhimani

No comments:

Post a Comment