Wednesday, October 9, 2013

ഗുണ്ടാനിയമം ആയുധമാക്കി വീണ്ടും നാടുകടത്തല്‍

വടകര: ഗുണ്ടാനിയമം ആയുധമാക്കി ജില്ലയില്‍ വീണ്ടും രാഷ്ടീയ എതിരാളികളെ നാടുകടത്തുന്നു. ഗുണ്ടാനിയമം ദുരുപയോഗം ചെയ്യില്ലെന്നും തെറ്റായ നീക്കം അവസാനിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് നാടുകടത്തല്‍. സിപിഐ എം എറാമല തുരുത്തിമുക്ക് ബ്രാഞ്ചംഗം ചെറിയ പുത്തന്‍പുരയില്‍ മനോജി(35)നാണ് നാടുകടത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി കഴിഞ്ഞദിവസം നോട്ടീസയച്ചത്. മാര്‍ക്സിസ്റ്റ് വിരുദ്ധ സംഘമായ ആര്‍എംപിയില്‍ നിന്ന് രാജിവച്ച് സിപിഐ എമ്മില്‍ ചേര്‍ന്നതിലുള്ള പ്രതികാരമായാണ് മനോജിനെതിരായ കേസെന്നാണ് സൂചന.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ടി കെ രാജ്മോഹന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)ആക്ട് 15(1) പ്രകാരം കൊയിലാണ്ടി, വടകര താലൂക്കുകളില്‍ പ്രവേശിക്കുന്നത് തടഞ്ഞാണ് ഉത്തരവിട്ടത്. ഓര്‍ക്കാട്ടേരി മേഖലയില്‍ സിപിഐ എമ്മിന്റെ പ്രവര്‍ത്തനം നടത്തിയതിനാണ് വേട്ടയാടല്‍. ആറ് കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെയും പ്രധാന പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് നാടുകടത്തിയിരുന്നു. മനോജ് സ്ഥലത്തില്ലാതിരുന്ന സംഭവങ്ങളിലടക്കം പ്രതിചേര്‍ത്താണ് ഗുണ്ടാനിയമത്തില്‍ കുടുക്കിയത്. പ്രായമായ അച്ഛനും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ എക ആശ്രയമാണ് മനോജ്.

ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കാരുടെ ഇംഗിതത്തിന് വഴങ്ങി ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ് പൊലീസ് പ്രധാന പ്രവര്‍ത്തകരെ വേട്ടയാടുന്നത്. മനോജ് ആര്‍എംപിയില്‍നിന്നും രാജിവച്ച് സിപിഐ എമ്മില്‍ പ്രവര്‍ത്തിച്ചതോടെയാണ് പീഡിപ്പിക്കല്‍ നടപടി തുടരുന്നത്. നേരത്തെ കെ കെ ലതിക എംഎല്‍എയുടെയും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്റെയും മകനും വട്ടോളി സംസ്കൃതം സ്കൂള്‍ ബ്രാഞ്ചംഗവുമായ ജൂലിയസ് നികിതാസ്, നിട്ടൂര്‍ തൂവുമ്മല്‍ സുകുമാരന്‍, തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളി പുത്തന്‍പുരയില്‍ ബാബു, ചെമ്മരത്തൂര്‍ ടൗണ്‍ബ്രാഞ്ചംഗം ചാപ്പയില്‍ ജതിന്‍ലാല്‍ എന്നിവരെയും നിയമം ദുരുപയോഗം ചെയ്ത് പൊലീസ് വേട്ടയാടിയിരുന്നു. കണ്ണൂരില്‍ നടന്ന രാപ്പകല്‍ സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നാടുകടത്തല്‍ നടപടിയില്‍നിന്നും പിന്തിരിഞ്ഞത്. ഇത് ജനങ്ങളില്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐ എമ്മിന്റെ പ്രവര്‍ത്തനം തളര്‍ത്താനും പ്രവര്‍ത്തകരെ വേട്ടയാടാനും ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് യുഡിഎഫ് പിന്‍ബലത്തില്‍ പൊലീസിലെ ഒരു വിഭാഗം.

deshabhimani

No comments:

Post a Comment