Wednesday, October 9, 2013

മുസഫര്‍നഗര്‍ കാത്തിരിക്കുന്നു; മൂന്ന് പൈതങ്ങളെ

അഞ്ച് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ മുസഫര്‍നഗര്‍ കണ്ണീരോടെ കാത്തിരിക്കുന്നു. സെപ്തംബര്‍ എട്ടിന് നടന്ന കലാപത്തിനിടെ കാണാതായതാണിവരെ. കുഞ്ഞുങ്ങളെ തേടി അലയാത്ത സ്ഥലങ്ങളില്ലെന്ന് മുസഫര്‍നഗര്‍ കലാപത്തിനിരകളായി സര്‍വതും നഷ്ടപ്പെട്ടവരുടെ പ്രതിനിധികളായി ഡല്‍ഹിയിലെത്തിയ നയീം, മിയാന്‍ അലി, നസീം എന്നിവര്‍ പറഞ്ഞു. കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പോയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. കലാപം കെട്ടടങ്ങിയശേഷം കുഞ്ഞുങ്ങളെ അന്വേഷിച്ച് എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും കയറിയിറങ്ങി. പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. കുട്ടികള്‍ മരിച്ചതിന് തെളിവൊന്നുമില്ല. അതിനാല്‍ മാതാപിതാക്കള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.

ആക്രമണസമയത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്റെ കൈയില്‍ നിന്ന് അഞ്ച് മാസം പ്രായമുള്ള റഹാന ഊര്‍ന്നുവീഴുകയായിരുന്നുവെന്ന് നയീം പറഞ്ഞു. ആരോ പിടിച്ചുവലിക്കുന്നതിനിടെയാണ് കുഞ്ഞ് വീണത്. പിന്നീട് കണ്ടെത്താനായില്ല- നയീം പറഞ്ഞു. വസ്ത്രവില്‍പ്പനക്കാരനായ മുഹമ്മദ് അല്‍ത്താഫിനൊപ്പമായിരുന്നു അഞ്ച് വയസ്സുള്ള മകള്‍. ബഹളത്തിനിടെ കുട്ടിയെ കൈവിട്ടു. പീന്നീട് കണ്ടിട്ടില്ല. അക്രമികള്‍ ബലാത്സംഗം ചെയ്യുമ്പോഴാണ് ഒരമ്മയ്ക്ക് കുട്ടിയെ നഷ്ടമായത്. ഫുഗാന ഗ്രാമത്തില്‍ സ്ത്രീകള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് മൂവരും പറയുന്നു. അയല്‍ക്കാരായ ചെറുപ്പക്കാരാണ് തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. കുറ്റവാളികളുടെ പേരും വിവരങ്ങളും നല്‍കി. ആരെയും അറസ്റ്റുചെയ്തില്ല.

മൂന്ന് അക്രമികളാണ് സബ എന്ന യുവതിയെ ബലാത്സംഗം ചെയ്യാനെത്തിയത്. ഭര്‍ത്താവിന്റെ സഹോദരന്‍ രക്ഷിക്കാനെത്തിയപ്പോള്‍ അക്രമികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നശേഷം സബയെ ബലാത്സംഗം ചെയ്തു. ഖുദ്സിയയെ ആക്രമിച്ചത് അയല്‍വാസികളായ അഞ്ച് ആണ്‍കുട്ടികളാണ്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തലപിടിച്ച് ചുമരിലിടിച്ച് ബോധംകെടുത്തി. ഫരീദയെ ബലാത്സംഗം ചെയ്തതും അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന്. സ്ത്രീകള്‍ക്കെതിരായ ആക്രമണം വിഷയമാക്കി ആരംഭിച്ച കലാപം സ്ത്രീകളെത്തന്നെ വീണ്ടും പ്രധാന ഇരകളാക്കിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍ പറഞ്ഞു. അസോസിയേഷന്‍ നേതാക്കളായ സേബ ഫാറൂഖി, മധു ഗാര്‍ഗ്, സീമ റാണ, ആശ ശര്‍മ, അഞ്ജന ഝാ, മൈമൂന മൊള്ള എന്നിവരാണ് മുസഫര്‍നഗറില്‍ കലാപത്തിനിരയായവരെ സന്ദര്‍ശിച്ചത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment