Wednesday, October 23, 2013

സലിംരാജിന്റെഭൂമിതട്ടിപ്പ്‌: കൂടുതല്‍ തെളിവ്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് 400 കോടിയുടെ ഭൂമിതട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായി. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ സ്ഥലമാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാന്‍ സലിംരാജും കൂട്ടരും ശ്രമിച്ചത്. ഇത് സംബന്ധിച്ച യഥാര്‍ഥ വസ്തു ഉടമകളുടെ പരാതി പരിശോധിച്ച റവന്യൂ വിജിലന്‍സ് വിഭാഗവും ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 3587 എന്ന തണ്ടപ്പേരില്‍ അബ്ദുറഹിമാന്‍ കുഞ്ഞിന്റെ പേര് മാറ്റി സലിംരാജിന്റെ ബിനാമിയുടെ പേര് എഴുതിച്ചേര്‍ത്തു. ഈ തണ്ടപ്പേര് തയ്യാറാക്കിയത് ട്രാന്‍സ്ഫര്‍ രജിസ്റ്ററി ചട്ടം അനുസരിച്ചല്ലെന്നും റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അബ്ദുറഹിമാന്‍ കുഞ്ഞിന് ഈ വസ്തുവില്‍ അവകാശമില്ലെന്നും റവന്യൂ വകുപ്പിന്റെ തണ്ടപ്പേരില്‍ പറയുന്നുണ്ട്.
ഓരേ സര്‍വേനമ്പറുകള്‍ തണ്ടപ്പേര്‍ രജിസ്റ്ററിന്റെ ഒന്നില്‍ കൂടുതല്‍ പേജുകളില്‍ എഴുതി ചേര്‍ത്തതായും കണ്ടെത്തിയട്ടുണ്ട്. 1602 നമ്പരിലുള്ള തണ്ടപ്പേരും തിരുത്തിയതായി കണ്ടെത്തിയട്ടുണ്ട്. വസ്തുവിന്റെ യഥാര്‍ഥ ഉടമകളാണെന്ന് പൂര്‍ണമായും ഉറപ്പാക്കിയതിന് ശേഷം മാത്രമേ പോക്കുവരവ് ചെയ്ത് നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇക്കാര്യം സലിം രാജിന്റേയും കൂട്ടുതട്ടിപ്പുകാരുടേയും കാര്യത്തില്‍ റവന്യൂ വകുപ്പ് അധികൃതര്‍ കാറ്റില്‍പ്പറത്തി. വ്യാജമായി വസ്തുവിന് പോക്ക് വരവ് ചെയ്ത് നല്‍കി. ഇക്കാര്യത്തില്‍ കടകംപള്ളി വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.

എന്നാല്‍ തഹസീല്‍ദാരുടേയും ഡെപ്യൂട്ടി തഹസീല്‍ദാരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വസ്തു പോക്ക് വരവ് ചെയ്ത് നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ ഇത് സംബന്ധിച്ച അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതിനിടെ വില്ലേജ് ഓഫീസറെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് കുറ്റാരോപിതനായ തഹസീല്‍ദാര്‍ മേലുദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ ചെയ്തു. ഇതിനേയും നിശിതമായ ഭാഷയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്.

തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ വില്ലേജ് ഓഫീസറുടെ പുറത്ത് ചാരി രക്ഷപെടാനാണ് തഹസീല്‍ദാര്‍ ശ്രമിച്ചത്. ഇതിന് മുഖ്യമന്ത്രി മന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും തണ്ടപ്പേര്‍ വ്യജമായ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രൈവറ്റ് സെക്രട്ടറി കത്ത് മുക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണവും നടപടിയും വേണ്ടെന്ന് ഇതേ പ്രൈവറ്റ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

വസ്തുവിന്റെ യഥാര്‍ഥ ഉടമകളായ ജനാര്‍ദ്ദനന്‍ ചെട്ടിയാര്‍, ജ്യോത്സനാദേവ്, പ്രേംചന്ദ്, ശംഭുപോറ്റി, മാധവന്‍ നായര്‍, പരമേശ്വരന്‍ പിള്ള തുടങ്ങിയവരും അവരുടെ പിന്‍തുടര്‍ച്ചാവകാശികളും വസ്തുവിന്റെ കരം ഒടുക്കാന്‍ ചെന്നപ്പോഴാണ് തങ്ങളുടെ ഭൂമി സലിംരാജും കൂട്ടരും തട്ടിയെടുത്തതായി വ്യക്തമായത്. തുടര്‍ന്ന് പൊലീസ് അധികൃതര്‍ക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കി. തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിതെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പീന്നീട് ഈ ഫയലുകള്‍ വെളിച്ചം കണ്ടില്ല. ഇതിനിടെ വ്യാജ തണ്ടപ്പേര്‍ തയ്യാറാക്കുന്നതിന് വ്യാജ ഭാഗപത്രവും തയ്യാറാക്കി. എന്നാല്‍ ഇതിനൊന്നും പരിഹാര നടപടികള്‍ ഉണ്ടായില്ലെന്നും റവന്യൂ വിജിലനന്‍സ് അധികൃതര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

janayugom

No comments:

Post a Comment