Wednesday, October 23, 2013

അന്വേഷണം നീട്ടാന്‍ വിജിലന്‍സ് ഹൈക്കോടതിയിലേക്ക്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമി തട്ടിപ്പില്‍ അന്വേഷണം നീട്ടാന്‍ വിജിലന്‍സ് നീക്കം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസംകൂടി സമയം ചോദിച്ച് ബുധനാഴ്ച വിജിലന്‍സ് അന്വേഷണസംഘം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ആഭ്യന്തരവകുപ്പിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്നാണ് സമയം നീട്ടാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ നല്‍കിയ പരാതിയും റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പൂഴ്ത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണവും നീട്ടിക്കൊണ്ടുപോകുന്നത്. പുതിയ തണ്ടപ്പേര് ചമച്ച് 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ നീക്കം നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്‍കി പോക്കുവരവ് നടത്തിയതായും തെളിവ് ലഭിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ ഇടവയിലുള്ള ബന്ധുവായ എം എം അഷ്റഫിനാണ് ഇരട്ടപ്പട്ടയം നല്‍കിയത്. കടകംപള്ളി വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്റിലെ 10156 എന്ന പേജ് കീറിയാണ് 3587 എന്ന നമ്പരില്‍ പുതിയ തണ്ടപ്പേര് സൃഷ്ടിച്ചത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ് പുതിയ നമ്പരും പേരും എഴുതിച്ചേര്‍ത്തത്. വില്ലേജ് ഓഫീസിലെ ജീവനക്കാരുടെയും രജിസ്റ്ററിലെയും കൈയക്ഷരം പരിശോധിച്ചതില്‍ ഓഫീസിന് പുറത്തുള്ളവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. തണ്ടപ്പേര്‍ തിരിമറിക്ക് പിന്നില്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. എന്നാല്‍, അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്ന നൂറ്റമ്പതോളം കുടുംബങ്ങളുടെ വസ്തുക്കരം ഈടാക്കാതെവന്നതിനെ തുടര്‍ന്നാണ് 2013 മെയ് ആറിന് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ പരാതി നല്‍കിയത്. അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. റവന്യൂ ഇന്റലിജന്‍സ് അന്വേഷണ റിപ്പോര്‍ട്ട് രണ്ടുമാസം മുമ്പാണ് റവന്യൂമന്ത്രിക്ക് ലഭിച്ചത്. വ്യാജരേഖ ചമച്ചെന്നും ഒരേ വസ്തുവിന് ഇരട്ടപ്പട്ടയം നല്‍കിയെന്നും ഈ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയൊന്നും എടുത്തില്ല. 2013-14 വര്‍ഷം മുതല്‍ കരം ഈടാക്കുന്നത് നിര്‍ത്തി. വസ്തു തട്ടിയെടുക്കാന്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന് തെളിഞ്ഞിട്ടും കരം വസൂലാക്കിയില്ല. വസ്തു ഉടമകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടും കരം സ്വീകരിക്കാനോ റവന്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ വില്ലേജ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കിനെകുറിച്ചാണ് വിജിലന്‍സ് ഇപ്പോഴും അന്വേഷണം നടത്തുന്നത്.

സലിംരാജിനെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇരട്ടപ്പട്ടയം കരസ്ഥമാക്കിയ ഭരണകക്ഷി എംഎല്‍എയുടെ ബന്ധുവിന്റെ പങ്കും അന്വേഷിച്ചിട്ടില്ല. റവന്യൂരേഖകള്‍ പരിശോധിക്കാന്‍ കാലതാമസം നേരിടുമെന്ന കാരണം പറഞ്ഞാണ് സമയം നീട്ടിക്കിട്ടാന്‍ വിജിലന്‍സ് ഹൈക്കോടതിയെ സമീപിക്കുന്നത്. കുറഞ്ഞത് 150 വര്‍ഷത്തെ റവന്യൂരേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിന് വിദഗ്ധരുടെ സഹായം ആവശ്യമാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും. തണ്ടപ്പേര്‍ രജിസ്റ്റര്‍ തിരമറി നടത്തിയതായി പ്രഥമദൃഷ്ട്യാ തെളിവ് കിട്ടിയിട്ടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് കണ്ടെത്താന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. സുതാര്യകേരളം പരിപാടിയിലെ പരാതിയും റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പൂഴ്ത്തിയതിനെ കുറിച്ചും റവന്യൂ അധികൃതര്‍ മൗനം പാലിക്കുകയാണ്.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment