Monday, October 21, 2013

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് തിരക്കിട്ട് നടപ്പാക്കാന്‍ ഉന്നതാധികാരസമിതി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പശ്ചിമഘട്ട മേഖലയിലെ 37 ശതമാനം പ്രദേശത്തെ പരിസ്ഥിതി ദുര്‍ബലമേഖലയായി കണക്കാക്കി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. തിരക്കിട്ട് തീരുമാനമെടുക്കരുതെന്ന സംസ്ഥാനങ്ങളുടെ അഭ്യര്‍ഥനയാണ് ചര്‍ച്ച പോലുമില്ലാതെ കേന്ദ്രം തള്ളുന്നത്. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഉന്നതാധികാരസമിതിക്ക് രൂപംനല്‍കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും പുതിയ സമിതി. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ നവംബര്‍ 12നു ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ സമിതിയിലെ മറ്റംഗങ്ങളെ തീരുമാനിക്കും.

പശ്ചിമഘട്ടസംരക്ഷണ വിഷയത്തില്‍ ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമാണ് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പാകെയുണ്ടായിരുന്നത്. ഇതില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ അംഗീകരിക്കാനാണ് ഇപ്പോള്‍ മന്ത്രാലയം തീരുമാനിച്ചത്. ഏത് റിപ്പോര്‍ട്ടാണ് അംഗീകരിക്കുകയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് കേന്ദ്രം ട്രിബ്യൂണലിനെ അറിയിക്കും.

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനത്തായി 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബലമേഖലയായി കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ചതും കേന്ദ്രം അംഗീകരിച്ചതും. കേരളത്തില്‍ ഏതാണ്ട് 11,230 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഉള്‍പ്പെടുക. ഈ മേഖലയില്‍ ഖനനവും ക്വാറി പ്രവര്‍ത്തനങ്ങളും മണല്‍ ഖനനവും പൂര്‍ണമായി നിരോധിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഖനികളില്‍ അഞ്ചുവര്‍ഷത്തിനകം ഖനനം നിര്‍ത്തണം. താപവൈദ്യുത നിലയങ്ങള്‍ പാടില്ല. ജലവൈദ്യുതപദ്ധതികള്‍ നിയന്ത്രണങ്ങളോടെ മാത്രം അനുവദിക്കും. പാരിസ്ഥിതികാഘാതം കൂടുതലായ റെഡ് വിഭാഗത്തില്‍ വരുന്ന വ്യവസായങ്ങള്‍ക്കും നിരോധമുണ്ട്. വന്‍കിട നിര്‍മാണം അനുവദിക്കില്ല. വമ്പന്‍ കെട്ടിടങ്ങളുടെ നിര്‍മാണവും ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കലും അനുവദിക്കില്ല.

ഏത് റിപ്പോര്‍ട്ട് സ്വീകരിക്കുമെന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാത്തതില്‍ ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തെ നിശിതമായി വിമര്‍ശിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ വകുപ്പു സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശവും അംഗീകരിക്കാനുള്ള തീരുമാനം. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ട്രിബ്യൂണല്‍ പരിഗണിക്കുന്നത്. കേന്ദ്രം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അനുകൂലികളായ ചില സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്. കേരളത്തിലും പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment