Monday, October 21, 2013

കെ സി ജോസഫ് പോരെന്ന് മുല്ലപ്പള്ളി,ഷിബുവിനെ നീക്കണമെന്ന് ഐ.എന്‍.റ്റി.യു.സി

പയ്യോളി: ശരിയായ രീതിയില്‍ സാംസ്കാരികവകുപ്പ് കൈകാര്യംചെയ്യാന്‍ മന്ത്രി കെ സി ജോസഫിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താനടക്കം നിര്‍ദേശിച്ചിട്ടാണ് കെ സി ജോസഫിനെ സാംസ്കാരിക മന്ത്രിയാക്കിയത്. വകുപ്പിനെ അദ്ദേഹം ശ്രദ്ധേയമായമാക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. നവീകരിച്ച കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരുടെ സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ എട്ടിനാണ് മ്യൂസിയം തുറക്കാന്‍ തീരുമാനിച്ചിരുന്നത്. മന്ത്രി കെ സി ജോസഫിനെയായിരുന്നു ഉദ്ഘാടകനായും തീരുമാനിച്ചു. എന്നാല്‍ വടകര മണ്ഡലം എംപി എന്ന നിലയില്‍ മന്ത്രി മുല്ലപ്പള്ളിയെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഉദ്ഘാടനത്തിന്റെ തലേന്നാള്‍ മുല്ലപ്പള്ളി ഇടപെട്ട് പരിപാടി മാറ്റിവെപ്പിച്ചു. ഈ കാര്യത്തില്‍ സാംസ്കാരിക മന്ത്രിയും മുല്ലപ്പള്ളിയും തമ്മില്‍ ഇടഞ്ഞു സംസാരിക്കുകയും ചെയ്തു. ഈ നീരസം കൂടിയാണ് വേദിയില്‍ മുല്ലപ്പള്ളി പ്രകടിപ്പിച്ചത്.

ഷിബു ബേബിജോണില്‍നിന്ന് തൊഴില്‍വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ഐഎന്‍ടിയുസി

കൊല്ലം: മന്ത്രി ഷിബു ബേബിജോണിനെ തൊഴില്‍മന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും തൊഴില്‍വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. നീണ്ടകരയില്‍ ഐഎന്‍ടിയുസി വനിതാവിഭാഗം സംസ്ഥാന നേതൃക്യാമ്പില്‍ സംസാരിക്കുമ്പോഴാണ് ചന്ദ്രശേഖരന്‍ തൊഴില്‍മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ക്യാമ്പ് ഉദ്ഘാടകനായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രശേഖരന്റെ വിമര്‍ശനം.

തൊഴില്‍വകുപ്പിനെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയാത്ത ആളാണ് ഷിബു ബേബിജോണ്‍. തൊഴില്‍വകുപ്പിനു കീഴിലുള്ള വിവിധ ബോര്‍ഡുകളിലെ സ്ഥാനങ്ങള്‍ ആര്‍എസ്പി ബി കൈയടക്കുകയാണ്. ഇവ തങ്ങളുടെ കുത്തകയാണെന്നു മന്ത്രിയുടെ പാര്‍ടിയായ ആര്‍എസ്പി ബി കരുതുന്നു. ഈ സ്ഥാനങ്ങളില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായതു നല്‍കുന്നതിനോ അതിനായി പരിഗണിക്കുന്നതിനോ മന്ത്രി തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ തൊഴില്‍ നിയമങ്ങളെക്കുറിച്ച് അറിയാത്ത ഷിബു ബേബിജോണില്‍നിന്നു തൊഴില്‍വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment