Friday, October 25, 2013

കസ്തൂരിരംഗന്‍ ശുപാര്‍ശ: സര്‍ക്കാരിന്റെ അനാസ്ഥ വിനയാകുന്നു

പശ്ചിമഘട്ടത്തിലെ മൂന്നിലൊന്ന് ഭാഗം പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കുന്നതിന് കസ്തൂരിരംഗന്‍ ശുപാര്‍ശ നടപ്പാക്കാനുള്ള കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഏറെ ബാധിക്കുന്നത് മലയോര നിവാസികളെ. പ്രശ്നത്തിലുള്ള സര്‍ക്കാരിന്റെ നിരുത്തരവാദിത്തവും മെല്ലപ്പോക്കും വിനയാവുന്നു. ഇതു സംബന്ധിച്ച് അവ്യക്തത നീക്കാന്‍ സംസ്ഥാനം ഒന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. തുടക്കത്തിലെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടും കേരളം അനങ്ങിയില്ല. കസ്തൂരിരംഗന്‍ കമീഷന്‍ തെളിവെടുപ്പ് നടത്തി അഞ്ച്മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരുനിലപാടും കൈക്കൊണ്ടില്ല. ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിച്ച് ചര്‍ച്ചയായപ്പോള്‍ മാത്രമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറായത്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് ദോഷകരമായി ബാധിക്കുന്നത്. പശ്ചിമഘട്ടത്തിലെ 37 ശതമാനം പ്രദേശങ്ങളും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഒട്ടേറെ പ്രതിസന്ധികള്‍ക്ക് വഴി തെളിച്ചേക്കും. 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ നിവാസികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഈ മേഖലയില്‍ പാറപൊട്ടിക്കല്‍, പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വന്‍കിട കെട്ടിടനിര്‍മാണം, താപവൈദ്യുത നിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുന്നതോടെ ഇപ്പോഴുള്ള ലക്ഷക്കണക്കിന് നിവാസികള്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയുണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ നടപടികളും തുടങ്ങിവച്ച വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവതെവരും. 342 മെഗാവാട്ട് ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന 14 പദ്ധതികളുടെ പ്രവര്‍ത്തനമാണ് ഇതുമൂലം താളംതെറ്റുന്നത്.

സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇടുക്കി 48, കോട്ടയം നാല്, പത്തനംതിട്ട ഏഴ്, കൊല്ലം എട്ട്, തിരുവനന്തപുരം ഏഴ്, പാലക്കാട് 14, തൃശൂര്‍ ഒന്ന്, മലപ്പുറം 10, കോഴിക്കോട് ഒന്‍പത്, വയനാട് 13, കണ്ണൂര്‍ മൂന്ന് എന്നീ ക്രമത്തിലാണ് വില്ലേജുകളെ ബാധിക്കുക. ഇടുക്കിയില്‍ ആകെയുള്ള 64 വില്ലേജുകളില്‍ 48ഉം പരിസ്ഥിതി ലോല മേഖലയാണ്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളെ ഏതാണ്ട് പൂര്‍ണമായും ഇത് ബാധിക്കും. സംസ്ഥാനത്തെ 75 ശതമാനം പ്രദേശങ്ങളും പരിസ്ഥിതിലോല മേഖല(ഇഎസ്എ)യെന്നും മൂന്ന് സോണുകളിലായി ഏകദേശം 63 താലൂക്കുകളും ഉള്‍പ്പെടുന്നുവെന്നുമുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2011 ആഗസ്ത് 31നാണ് സമര്‍പ്പിച്ചത്. ഇതുപ്രകാരം ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ പൂര്‍ണമായും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലായിലാണ്. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന വന്‍പ്രതിഷേധത്തെ തുടര്‍ന്നാണ് പഠിച്ച് ശുപാര്‍ശ നല്‍കുന്നതിന് ആസൂത്രണ കമീഷന്‍ അംഗവും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധനാ സമിതി ചെയര്‍മാനുമായ ഡോ. കസ്തൂരിരംഗനെ കേന്ദ്രം നിയോഗിച്ചത്. ഏപ്രിലില്‍ വിവിധ ജില്ലകളില്‍നിന്നും തെളിവെടുക്കുകയുണ്ടായി. നാടിന്റെ വികസനത്തെയും ജനലക്ഷങ്ങളുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് തള്ളണമെന്ന് തെളിവ് നല്‍കാനെത്തിയ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ഒരേസ്വരത്തിലാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഫലപ്രദമായി ഇടപെടുമെന്ന് പി ടി തോമസ് എംപിയും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇവരാരും ജനവികാരം പരിഗണിച്ചില്ലെന്ന വികാരമാണ് പൊതുവെ ഉയരുന്നത്.
(കെ ടി രാജീവ് )

deshabhimani

No comments:

Post a Comment