Saturday, October 26, 2013

യുഎസിനെതിരെ യൂറോപ്പ്

ബര്‍ലിന്‍: ആഗോള ചാരപ്പണിക്ക് തങ്ങളും ഇരയായെന്ന തിരിച്ചറിവില്‍നിന്ന് ഉടലെടുത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷം അമേരിക്കയ്ക്കെതിരെ ആഞ്ഞടിക്കുന്നു. സഖ്യരാജ്യങ്ങളുടെ പോലും വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയുടെ നടപടി വിശ്വാസവഞ്ചനയാണെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.

ചാരപ്പണിയെക്കുറിച്ച് അമേരിക്കയുമായി ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സും ജര്‍മനിയും തീരുമാനിച്ചതായി ഇയു പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റുംപെയ്സ് അറിയിച്ചു. ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം. അമേരിക്കയ്ക്കൊപ്പം ചാരവൃത്തി ആരോപണം നേരിടുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറണും ഉച്ചകോടിയുടെ തീരുമാനം അംഗീകരിച്ചെന്നും റുംപെയ്സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യാന്വേഷണമേഖലയില്‍ പരസ്പരവിശ്വാസം സംരക്ഷിക്കുന്നതിന് പുതിയ നിയമനിര്‍മാണത്തിനാണ് ഇയു ലക്ഷ്യമിടുന്നത്. ഇതുവഴി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാമെന്ന് റുംപെയ്സ് പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ രഹസ്യാന്വേഷണത്തിന് പ്രധാന്യമുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയ നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പിലെ ഏറ്റവും പ്രധാന ശക്തിയായ ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ഫോണും വര്‍ഷങ്ങളോളം അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധം ശക്തമായത്. അമേരിക്കയ്ക്കെതിരെ തുറന്നടിച്ച ആംഗല മെര്‍ക്കല്‍ തന്നെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ ഫോണ്‍ സംഭാഷണം അവരെ ഒട്ടും തണുപ്പിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ചത്തെ പ്രതികരണം വ്യക്തമാക്കി. സഖ്യരാജ്യങ്ങളില്‍ നടത്തിയ ചാരപ്പണി അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് മെര്‍ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യരാജ്യങ്ങള്‍ തമ്മില്‍ പരസ്പരവിശ്വാസം വേണം. അത്തരമൊന്ന് ഇനി പുതുതായി സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സുഹൃത്തുക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് നല്ല രീതിയല്ല- മെര്‍ക്കല്‍ പറഞ്ഞു.

അതേസമയം, ഈവര്‍ഷമാദ്യം ചാരപ്പണി സംബന്ധിച്ച് അമേരിക്ക തങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പച്ചക്കള്ളമായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ ചുമതലയുള്ള ജര്‍മന്‍ മന്ത്രി റൊണാള്‍ഡ് പൊഫല്ല പറഞ്ഞു. ജര്‍മനിയുടെ നിയമങ്ങള്‍ മറികടന്ന് തങ്ങള്‍ ഒരു നിരീക്ഷണവും നടത്തുന്നില്ലെന്ന് അമേരിക്കയും ബ്രിട്ടനും പൊഫല്ലയ്ക്ക് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാരപ്പണിയെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചത് അദ്ദേഹത്തെ വിവാദത്തിലുമാക്കിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായെന്ന് ബുണ്ടെസ്റ്റാഗിന്റെ പാര്‍ലമെന്ററി നിയന്ത്രണസമിതിയുടെ യോഗശേഷം പൊഫല്ല പറഞ്ഞു. അതേസമയം, അമേരിക്കയുടെ ചാരപ്പണിയെക്കുറിച്ച് ചാന്‍സലര്‍ മെര്‍ക്കല്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് സമിതിയിലെ ഗ്രീന്‍ പാര്‍ടി അംഗം ക്രിസ്റ്റ്യന്‍ സ്ട്രോബിള്‍ ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ പേരാട്ടത്തിനാണ് ചാരവൃത്തി നടത്തുന്നതെന്ന അമേരിക്കയുടെ വാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസവഞ്ചനയാണ് അമേരിക്കയുടെ നടപടിയെന്ന് സമിതി അധ്യക്ഷന്‍ തോമസ് ഓപ്പര്‍മാന്‍ പറഞ്ഞു.

സ്പെയിനും യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തുന്നു

ബ്രസല്‍സ്: ജര്‍മനിക്കു പിന്നാലെ യൂറോപ്പിലെ പ്രധാന സഖ്യരാജ്യമായ സ്പെയിനും അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തുന്നു. ചാരപ്പണിയുടെ വിശദീകരണം ആരായാന്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റസോയ് പറഞ്ഞു. സ്പെയിനിലും അമേരിക്ക ചാരപ്പണി നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. സര്‍ക്കാരിലെ പ്രമുഖരുടെയും മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി റോഡ്രിഗ്സ് സപറ്റാരോ അടക്കമുള്ള നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

deshabhimani

No comments:

Post a Comment