Wednesday, October 9, 2013

ബംഗളൂരുവില്‍ ആയിരങ്ങള്‍ അണിനിരന്ന് ഇടതുപക്ഷറാലി

കോണ്‍ഗ്രസ്, ബിജെപി നയങ്ങള്‍ക്കെതിരെയുള്ള ജനകീയ രാഷ്ട്രീയബദലിന്റെ പ്രസക്തി വിളിച്ചോതി ബംഗളൂരുവില്‍ ഇടതുപാര്‍ടികളുടെ ഉജ്വല റാലി. സിപിഐ എം, സിപിഐ, ഫോര്‍വേഡ്ബ്ലോക്ക് എന്നീ പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ വിവിധ മേഖലയില്‍നിന്നുള്ളവര്‍ അണിചേര്‍ന്ന റാലിയില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സിറ്റി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരംചുറ്റി ഫ്രീഡംപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്തു.

ധനികരെയും കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കുന്ന നയമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. യുപിഎയും എന്‍ഡിഎയും ജനങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നു. അവരുടെ ലക്ഷ്യംസമ്പത്ത് കുന്നുകൂട്ടല്‍മാത്രം. അതിനായി കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നു. ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിക്കേണ്ട രാജ്യത്തിന്റെ വിഭവങ്ങളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. ആര്‍എസ്എസ് "രാഷ്ട്രീയ സര്‍വനാശ സമിതിയാണ്".- അവര്‍ പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എംപി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ വൈസ്ചെയര്‍മാന്‍ പി വി കതിരവന്‍, സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി, സെക്രട്ടറിയറ്റ് അംഗം വി ജെ കെ നായര്‍ എന്നിവരും സംസാരിച്ചു.
(വികാസ് കാളിയത്ത്)

deshabhimani

No comments:

Post a Comment