Sunday, October 20, 2013

കല്‍ക്കരിപ്പാടം തീരുമാനിച്ചത് പ്രധാനമന്ത്രിതന്നെ

കുമാര്‍മംഗലം ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള ശുപാര്‍ശ അന്തിമമായി അംഗീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെയാണെന്നും നിയമാനുസൃതമായാണ് ഇക്കാര്യം ചെയ്്തതെന്നും പ്രധാനമന്ത്രികാര്യാലയം(പിഎംഒ). ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ച "ഉന്നത അധികാരകേന്ദ്രം" പ്രധാനമന്ത്രിയല്ലാതെ മറ്റാരുമല്ലെന്ന് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖ് ആരോപിച്ച സാഹചര്യത്തിലാണ് വിശദീകരണം.

ഒഡിഷ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതുകൊണ്ടാണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതെന്നും വിശദീകരണത്തില്‍ തുടര്‍ന്നു. ഏത് മന്ത്രാലയത്തിലും "കോംപിറ്റന്റ് അതോറിറ്റി" ചുമതല വഹിക്കുന്ന മന്ത്രിയാണെന്ന് പരഖ് ചൂണ്ടിക്കാട്ടി. ഹിന്‍ഡാല്‍കോവിന് പാടം അനുവദിച്ചത് പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ്. നെയ്വേലി ലിഗ്നൈറ്റിനു പകരം ഹിന്‍ഡാല്‍കോവിന് പാടം അനുവദിക്കാന്‍ "കോംപിറ്റന്റ് അതോറിറ്റി" നിര്‍ദേശിച്ചത് സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശ അട്ടിമറിച്ചാണെന്ന് കല്‍ക്കരി കുംഭകോണക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ സിബിഐ പരാമര്‍ശിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പരഖ്.

അതേസമയം, 2005 മെയ് ഏഴിന് ബിര്‍ലയില്‍നിന്ന് പ്രധാനമന്ത്രിക്ക് കത്ത് ലഭിച്ചെന്ന് പിഎംഒ പറയുന്നു. 650 മെഗാവാട്ട് വൈദ്യുതപദ്ധതിക്ക് ഒറീസയിലെ താലാബിര മൂന്ന്, നാല് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടാന്‍ പ്രധാനമന്ത്രി കത്തില്‍ കുറിപ്പെഴുതി. ഇത് 2005 മെയ് 25ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ആഗസ്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. മഹാനദി കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍നിന്ന് വേണ്ടത്ര കല്‍ക്കരി എടുക്കാന്‍ ഹിന്‍ഡാല്‍കോവിന് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഉപയോഗിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.

ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള സമയത്താണ് ഒറീസ മുഖ്യമന്ത്രി 2005 ആഗസ്ത് 18ന് കത്തയച്ചത്. താലാബിര രണ്ട് പാടം ഹിന്‍ഡാല്‍കോവിന് കൊടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്നായിരുന്നു കത്തില്‍. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം പുനഃപരിശോധിക്കണമെന്ന് കുറിപ്പെഴുതി ഫയല്‍ വീണ്ടും ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊണ്ട് 2005 ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി തീരുമാനമെടുത്തെന്നും വിശദീകരണത്തില്‍ പറയുന്നു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment