Sunday, October 20, 2013

മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ടൂത്ത് ബ്രഷ് ചുഴറ്റുന്ന ലാഘവത്തോടെ ബാറ്റ് നാലുവശത്തേക്കും വീശി അത്ഭുതം സൃഷ്ടിക്കുന്നവന്‍ എന്ന് വിളിച്ചത് ഓസ്ട്രേലിയന്‍ ബൗളര്‍ ബ്രെറ്റ് ലീയാണ്. കനമേറിയ ബാറ്റ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറിന്റെ കൈയിലെത്തിയാല്‍ അനായാസവേഗമാര്‍ജിച്ച് വിക്കറ്റിനു ചുറ്റും കൊടുങ്കാറ്റ് സൃഷ്ടിക്കും. ആവേശവും ആഘോഷവുമില്ല. കര്‍മം ചെയ്യുക; കര്‍മ ഫലം വാങ്ങുക- പുഞ്ചിരിയോടെ വീട്ടിലേക്ക് പോവുക. പുറത്തിറങ്ങിയാല്‍ ആരാധകശല്യം. അതുകൊണ്ട് പ്രച്ഛന്നവേഷത്തില്‍ സഞ്ചാരം.

അസ്വാഭാവിക വിഗ്ഗ് വച്ച് മുംബൈയുടെ രാത്രികളില്‍ അലയുന്ന സച്ചിനെ പലരും കണ്ടിട്ടുണ്ട്. വിവാദങ്ങള്‍ക്കും വാതുവയ്പുകള്‍ക്കും വഴി വേറെയാണ്. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള മണ്ഡലം ബാങ്കുകളുടേതും ഉപ്പുമാങ്ങയുടേതുമാണെന്ന പതിവുരീതി തെറ്റിച്ചാണ് സച്ചിന്‍ മുംബൈ വിക്ടോറിയക്ക് വിളിപ്പാടകലെയുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നോമിനേഷന്‍ കൊടുത്തത്. അവിടെ ജാതിയും ശരീരഭാഷയും പറഞ്ഞ് ആരും തോല്‍പ്പിക്കാനെത്തിയില്ല. മാന്യത വിലകൊടുത്ത് വാങ്ങാനാകില്ല. ക്രിക്കറ്റിെന്‍ മാന്യന്മാരുടെ കളി എന്ന് വിളിച്ച കാലമുണ്ടായിരുന്നു.

ചിയര്‍ഗേളും ചതിയും ഒത്തുകളിയും വാതുവയ്പും വിയര്‍പ്പോഹരിയും ഇല്ലാത്ത കാലം. അക്കാലത്താണ് ഒന്നര മാന്യനായി സച്ചിന്‍ വളര്‍ന്നുയര്‍ന്നത്. കൂട്ടുകാരന്‍ വിനോദ് കാംബ്ലി പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ സച്ചിന്‍ ലിഫ്റ്റിലാണ് കുതിച്ചത് എന്നത് പറഞ്ഞുപഴകിയ തമാശ. പതിനാലാം വയസ്സില്‍ ഗവാസ്കറില്‍നിന്ന് പാഡുകള്‍ സമ്മാനമായി നേടിയതും പതിനഞ്ചില്‍ ബോംബെ ടീമിനുവേണ്ടി സെഞ്ചുറി നേടിയതും ക്രിക്കറ്റിലെ അത്ഭുതങ്ങള്‍ക്ക് തുടക്കം. ആ അത്ഭുതത്തിന്റെ പാഡുകളാണ് സച്ചിന്‍ അഴിച്ചുവയ്ക്കുന്നത്. സമ്പൂര്‍ണതാരത്തിന് ഇനി കീഴടക്കാന്‍ ഉയരങ്ങളില്ല. സമ്പാദിച്ചുകൂട്ടിയ റണ്ണിന്റെയും സെഞ്ചുറിയുടെയും റെക്കോഡുകളുടെയും കണക്കുപുസ്തകം എളുപ്പം വായിച്ചുതീര്‍ക്കാവുന്നതുമല്ല. കളിച്ചു തോല്‍പ്പിക്കാന്‍ ഇനിയൊരുതാരം ജനിക്കേണ്ടിയിരിക്കുന്നു.

വിടവാങ്ങല്‍ ദുഃഖകരമാണ്. സച്ചിന് ബാറ്റേന്തി കളത്തില്‍ ഇനിയും നിറഞ്ഞുനില്‍ക്കാം- തന്നെ വേണ്ടാതാകുന്നതുവരെ. ആ സാഹസത്തിന്റെ ഉല്‍പ്പന്നം അസ്പൃശ്യതയാണെന്ന തിരിച്ചറിവില്‍നിന്നാണ് ഔചിത്യപൂര്‍ണമായ തീരുമാനം ജനിച്ചത് എന്നുകരുതാം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നു. ശാന്തമായ പുഞ്ചിരിയില്‍ ഒളിച്ചുവച്ച ചടുലതയും ലക്ഷ്യബോധവും കാഴ്ചപ്പുറത്തുനിന്ന് നഷ്ടമാകുന്നതിന്റെ വിഷമത്തിലും ക്രിക്കറ്റ് പ്രേമിക്ക് എന്നും ഓര്‍ത്ത് പുളകംകൊള്ളാന്‍ ഏറെ അനുഭവങ്ങള്‍ അവശേഷിപ്പിച്ചാണ് സച്ചിന്‍ കളിക്കളം വിടുന്നത്. സച്ചിനെ ദൈവമാക്കിയവരുണ്ട്. ക്രിക്കറ്റ് എന്റെ മതമാണ്; സച്ചിന്‍ എന്റെ ദൈവവും എന്ന് പാടി നടക്കുന്ന ആരാധകവൃന്ദം. ഫാന്‍സ് അസോസിയേഷനുവേണ്ടി ഗോഷ്ടി കാട്ടാനും ആര്‍പ്പുവിളികളില്‍ സായുജ്യമടഞ്ഞ് കളി മറക്കാനും നിന്നില്ല എന്നതാണ് സച്ചിന്റെ മഹത്വം.

ക്രിക്കറ്റിലെ പ്രശസ്തി പലപല വരുമാന സ്രോതസ്സുകള്‍ തുറക്കുമ്പോള്‍, ഇരുനൂറ് നിര്‍ധനകുഞ്ഞുങ്ങള്‍ക്ക് അത്താണിയാകാനും സച്ചിന്‍ സമയം കണ്ടെത്തുന്നു. സാമൂഹ്യസേവനം മഹത്വത്തിന്റെ ഉപാധിയായി ഉദ്ഘോഷിക്കുന്നില്ല. അതുകണ്ടാകണം, ഏറ്റവും മികച്ചതിലും കുറ്റം കണ്ടെത്തുന്നവരാണ് സച്ചിന്റെ വിമര്‍ശകര്‍ എന്ന് കപില്‍ദേവ് പറഞ്ഞത്. കണ്ടു പഠിക്കാന്‍ ഏറെ കാര്യങ്ങള്‍ അവശേഷിപ്പിച്ചാണ് സച്ചിന്‍ ജീവിതത്തിന്റെ പവലിയനിലേക്ക് മടങ്ങുന്നത്. അത് കണ്ണുതുറന്ന് കാണണം- എല്ലാ കളിക്കാരും.

കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങളും കളത്തിനു പുറത്തെ താരമൂല്യവും സമ്പന്നതയുടെ ഉത്തുംഗത്തിലേക്ക് സച്ചിനെയും നയിച്ചിട്ടുണ്ട്. മുംബൈയിലെ നക്ഷത്ര ഭക്ഷണശാലകളടക്കമുള്ള അനേകം കച്ചവടസ്ഥാപനങ്ങളുടെ ഉടമയായിട്ടാകും നാളത്തെ സച്ചിനെ നാമറിയുക. ഫാന്‍സ് അസോസിയേഷനുകള്‍ക്കു പുറകെ പോകാത്ത; പന്തില്‍ കൃത്രിമത്വം കാണിച്ചു എന്ന ആരോപണത്തെ മനസ്സാന്നിധ്യത്തോടെ നേരിട്ട് തന്റെ സത്യസന്ധത ലോകത്തിനുമുന്നില്‍ തെളിയിച്ച മാന്യനായ ക്രിക്കറ്റ് താരം പക്ഷേ ചരിത്രത്തില്‍ തിളങ്ങിത്തന്നെ തുടരും. ആള്‍ക്കൂട്ടവും ആരവങ്ങളുമല്ല ആത്മാര്‍ഥതയും അര്‍പ്പണവും അധ്വാനവുമാണ് മഹത്വം എന്ന പാഠത്തെ സച്ചിന്‍ എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നു.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment