Sunday, October 13, 2013

സമാധാന നൊബേല്‍: അപ്രതീക്ഷിത പ്രഖ്യാപനം

താലിബാന്റെ വെടിയുണ്ടകളെ അതിജീവിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതുന്ന പാക് ബാലിക മലാല യൂസഫ്സായ്, കോംഗോയിലെ ഡോക്ടര്‍ ഡെന്നിസ് മുക്വീഗെ തുടങ്ങിയവര്‍ക്കാണ് പുരസ്കാരത്തിന് മുന്‍ഗണന കല്‍പ്പിച്ചിരുന്നത്. സാധ്യതാപട്ടികയിലുണ്ടായിരുന്നവരെ പിന്തള്ളി 16 വര്‍ഷം പ്രായമുള്ള സംഘടനയ്ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.

കഴിഞ്ഞമാസം സിറിയയില്‍ രാസായുധനിരായുധീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ടതോടെയാണ് ഒപിസിഡബ്ല്യൂ എന്ന പേര് ആഗോളതലത്തില്‍ ശ്രദ്ധേയമായത്. അമേരിക്കന്‍ചേരിയുടെ ആക്രമണനീക്കം സമര്‍ഥമായ ഇടപെടലിലൂടെ പരാജയപ്പെടുത്തിയ റഷ്യയുടെ റഷ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് സിറിയ രാസായുധം നശിപ്പിക്കാന്‍ സന്നദ്ധമായത്. ഒപിസിഡബ്ലുവിലെ 190-ാം അംഗമായി സിറിയ തിങ്കളാഴ്ച ചേരാനിരിക്കുകയാണ്. 1993 ജനുവരി 13ന് ഒപ്പിട്ട രാസായുധ നിരോധന ഉടമ്പടി നടപ്പാക്കാനായി 1997ലാണ് നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായി ഒപിസിഡബ്ല്യു നിലവില്‍വന്നത്. തുടര്‍ന്ന് 16 വര്‍ഷത്തിനിടെ 57,740 ടണ്‍ രാസായുധം നശിപ്പിച്ചതായാണ് കണക്ക്. ലോകത്ത് ഉണ്ടായിരുന്നതിന്റെ 81 ശതമാനമാണ് ഇത്. സംഘടനയുടെ 16 വര്‍ഷത്തെ സേവനത്തിനുള്ള അംഗീകാരമാണ് നൊബേല്‍ പുരസ്കാരമെന്ന് ഒപിസിഡബ്ല്യു ഡയറക്ടര്‍ ജനറല്‍ അഹ്മദ് ഉസുംജൂ പ്രതികരിച്ചു. സമാധാന പുരസ്കാരത്തോടെ ഈവര്‍ഷത്തെ മൗലികമായ നൊബേല്‍ സമ്മാനപ്രഖ്യാപനം പൂര്‍ത്തിയായി. 1968 മുതല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഡിസംബര്‍ പത്തിനാണ് പുരസ്കാരവിതരണം.

ഒപിസിഡബ്ല്യുവിന് പുരസ്കാരം നല്‍കിയതിലൂടെ സിറിയന്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യവും നൊബേല്‍ സമിതി നിറവേറ്റിയതായി വിലയിരുത്തപ്പെടുന്നു. പുരസ്കാരത്തെ സിറിയന്‍ സര്‍ക്കാര്‍ സ്വാഗതംചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളുടെ രാസായുധം നശിപ്പിക്കാന്‍ ഒപിസിഡബ്ല്യു തയ്യാറാകണമെന്ന് സിറിയ ആവശ്യപ്പെട്ടു. ആഗസ്ത് 21നു സിറിയയില്‍ രാസായുധപ്രയോഗം നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അമേരിക്കയും കൂട്ടാളികളും നേരിട്ടുള്ള സൈനിക അധിനിവേശത്തിന് രംഗത്തിറങ്ങിയത്. റഷ്യ ഇടപെട്ട് ആക്രമണം ഒഴിവാക്കാന്‍ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ യുഎന്‍ രക്ഷാസമിതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഒപിസിഡബ്ല്യു സംഘം സിറിയയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടാം സംഘത്തെ ഈയാഴ്ച അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2014 മധ്യത്തോടെ മാത്രമേ ദൗത്യം പൂര്‍ത്തിയാക്കാനാകൂ.

deshabhimani

No comments:

Post a Comment