Sunday, October 13, 2013

കുടുംബകാര്യസ്ഥന്‍

മോന്തായത്തിന്റെ വളവിനനുസരിച്ച് കഴുക്കോലിനും വളവുകാണും. പിള്ളയുടെ പുത്രന്‍ വളഞ്ഞോ നിവര്‍ന്നോ എന്നതില്‍ തര്‍ക്കമില്ല. കീഴൂട്ട് തറവാട്ടിലെ ആനച്ചൂരടിച്ച് വളര്‍ന്നാല്‍ നിവര്‍ന്നേ നില്‍ക്കൂ എന്ന് പിള്ള പറയും- തലയാട്ടി സമ്മതിക്കാന്‍ ആളുമുണ്ടാകും. "ജിഹ്വാഗ്രെ വര്‍ത്തതെ ലക്ഷ്മി; ജിഹ്വാഗ്രെ മരണം ധ്രുവം" എന്നാണ്. ജിഹ്വയെന്നാല്‍ നാവ്. നാവിന്‍തുമ്പിലാണ് ഐശ്വര്യവും പ്രതാപവും വെറുപ്പും നാശവുമെല്ലാം. ഒരിക്കല്‍ പഞ്ചാബ് മാതൃകയില്‍ നാവില്‍ ലക്ഷ്മി വിളയാടിയപ്പോള്‍ പിതാവിന് ഗൃഹസ്ഥാശ്രമം പൂകേണ്ടിവന്നു. ഒരുവിധത്തില്‍ നീന്തിത്തുഴഞ്ഞ് രക്ഷപ്പെട്ടുവന്നപ്പോള്‍ ഇടമലയാര്‍ ചതിച്ചു.

പാദുകങ്ങളും ചെങ്കോലും കിരീടാവാകാശിയെ ഏല്‍പ്പിച്ച് വീണ്ടും ഗൃഹസ്ഥാശ്രമം. ആ വിശിഷ്ടമുഹൂര്‍ത്തത്തിലാണ്, വെള്ളിത്തിരയില്‍നിന്ന് സുവര്‍ണതാരകം രാഷ്ട്രീയനഭസ്സില്‍ ഉദിച്ചുയര്‍ന്നത്. സിനിമയില്‍ സൗകര്യങ്ങളുണ്ട്. നായകനും വില്ലനും വിദൂഷകനുമാകാം. ആ സൗകര്യം രാഷ്ട്രീയത്തിലെത്തുമ്പോള്‍ അതിനെ അസൂയാലുക്കള്‍ ആഭാസമെന്ന് വിളിക്കും. മൂന്നുവട്ടം എംഎല്‍എയും രണ്ടുവട്ടം മന്ത്രിയുമായിരുന്നിട്ടും ആ പാഠം മകന്‍പിള്ളയ്ക്ക് വഴങ്ങിയില്ല. കുടുംബത്തിന്റെ ശാപം രാജിയാണ്. പിതാവ് രാജിവച്ചത് രണ്ടുവട്ടം. മകനും രണ്ടുവട്ടം. ഒടുവില്‍ രാജിയോട് കമ്പം കയറി ഉണ്ടയില്ലാ രാജിവെടിയും.

എംഎല്‍എസ്ഥാനമാണ് വിടുന്നതെങ്കില്‍ താടിവച്ച ഒരാള്‍ കാത്തിരിപ്പുണ്ട്. മകന്‍സ്ഥാനമാണ് ത്യജിക്കുന്നതെങ്കിലാണ് കത്ത് പിതൃസമക്ഷത്തിലെത്തുക. പഴയ പകയൊന്നും ഇപ്പോള്‍ കാണാനില്ല. "അച്ഛന്‍ മുപ്പത്തിയൊന്നു വയസ്സായപ്പോഴല്ലേ എന്നെ കണ്ടിട്ടുള്ളൂ, ഞാന്‍ ജനിച്ചതുമുതല്‍ അച്ഛനെ കാണുന്നതല്ലേ" എന്നാണ് ന്യൂ ജനറേഷന്‍ ഡയലോഗ്. പാര്‍ടിയോഗത്തില്‍ പിതൃപുത്രൈക്യം പൂത്തുലയുമ്പോള്‍, മന്ത്രിസ്ഥാനമെന്തേ വരാത്തൂ എന്നതിലാണാശങ്ക. യാമിനി ആദ്യം പോയി; പിറകെ "പാപമയൂരത്തിന്‍ പീലിചൂടുവാന്‍ കാല്‍ക്കല്‍ വീണോരെല്ലാം പിരിഞ്ഞുപോയി". വ്യവഹാരാദികള്‍ ദല്ലാള്‍ തുണയില്ലാതെ അവസാനിച്ചു. മര്‍ദനത്തിനും മര്‍ദകര്‍ക്കും മാപ്പും മധുരവും നല്‍കി. പാപപരിഹാരമുണ്ഡനവും സംഭവിച്ചു.

വിലക്കുമാത്രം മാറുന്നില്ല. ആരെയും സെന്‍സര്‍ ബോര്‍ഡിലേക്ക് ഉയര്‍ത്തിയിട്ടില്ല. വഴിമധ്യേ ഗൃഹപ്രവേശത്തിന്റെ ഇളന്നീരാട്ടത്തിലേക്ക് കടന്നുകയറിയവനെന്ന ബിരുദമില്ല. പാതിരാവിലെ ടെലിഫോണ്‍ സല്ലാപങ്ങളില്‍ സ്വപ്നംനെയ്തിട്ടില്ല. സൂര്യസുന്ദരിമാരുമായി സന്ധിയുണ്ടായിട്ടില്ല. വ്യവഹാരവേദികളില്‍ കൈചൂണ്ടി കണക്കുപറയാന്‍ ആരും വന്നിട്ടില്ല. തെളിവുകള്‍ വിഴുങ്ങിയവനെന്ന പഴികേട്ടിട്ടില്ല. എന്നിട്ടുമെന്തിനീ അയിത്തമെന്ന ചോദ്യത്തിന് ബോക്സോഫീസില്‍ തകര്‍പ്പന്‍ കൈയടി കാത്തിരിപ്പുണ്ട്. സര്‍വൈശ്വര്യപ്രതാപങ്ങളുടെയും താവഴിയിലൂടെ ചലച്ചിത്രതാരം രാഷ്ട്രീയതാരമാവുകയും ജനായത്തച്ചെങ്കോലിനുടയോനാവുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഉദാത്തമായ ബഹുസ്വരതയുടെ സൗന്ദര്യം അജ്ഞമനസ്സുകളെ ബോധിപ്പിക്കാന്‍ പ്രയാസം. അധികാരവീര്യം കുടുംബകാര്യമാകുമ്പോള്‍ അധികാരവടംവലിയില്‍ പിതൃപുത്ര മത്സരമാകാം.

അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ്. ഒരു സിനിമയിലെ വില്ലന്‍ മറ്റൊന്നില്‍ നായകനും വേറൊന്നില്‍ സഹനടനുമാകും. ഈരാറ്റുപേട്ടയില്‍നിന്ന് അങ്ങനെയൊരു സ്വഭാവനടനെ കൂടെക്കൂട്ടിയതാണ് ചെയ്തുപോയ ഏക വിഡ്ഢിത്തം. അതിന്റെ കൂലി കിട്ടിക്കൊണ്ടേയിരിക്കുന്നു. വാളകത്തെ പാരയും നെല്ലിയാമ്പതിയിലെ കുളിരും ഹരിതരാഷ്ട്രീയത്തിന്റെ ശീതളച്ഛായയും മന്ത്രിമന്ദിരത്തിലെ സ്റ്റണ്ട് രംഗങ്ങളും കഴിഞ്ഞുപോയ എപ്പിസോഡുകള്‍. മെഗാ പരമ്പരയില്‍ ഒരെപ്പിസോഡിന്റെ ജയാപജയങ്ങള്‍ എണ്ണാറില്ല. പിതാവിനെയും പുതുപ്പള്ളിയിലെ പരിശുദ്ധാത്മാവിനെയും തൊട്ടുവണങ്ങി നിത്യവും ഈരാറ്റുപേട്ടയിലേക്കു നോക്കി കുരിശുവരച്ചാല്‍ തരപ്പെടുന്നതാണ് മന്ത്രിപദമെങ്കില്‍ അത് കിട്ടാന്‍ സമയമായി. നല്ല നാളും മുഹൂര്‍ത്തവും പറയുന്ന പുതിയൊരു ജ്യോത്സ്യന്‍ ബാബു പോള്‍ എന്ന അപരനാമത്തില്‍ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കാര്യം ആ ജ്യോത്സ്യരത്നം നോക്കിക്കൊള്ളും.

സുക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment