Sunday, October 13, 2013

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ലക്ഷങ്ങള്‍ തട്ടുന്നു

വിദേശ ആശുപത്രികളില്‍ ജോലി വാഗ്ദാനംചെയ്ത് മലയാളിയുടെ ഉടമസ്ഥതയിലുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ലക്ഷങ്ങള്‍ തട്ടുന്നു. തട്ടിപ്പിനിരയായതറിയാതെ ജോലി കാത്തിരിക്കുന്നത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഉദ്യോഗാര്‍ഥികള്‍. മുംബൈയിലും കൊച്ചിയിലും മറ്റും ശാഖയുള്ള സ്ഥാപനത്തിന്റെ വന്‍ തട്ടിപ്പാണ് "ദേശാഭിമാനി"യുടെ അന്വേഷണത്തില്‍ വെളിപ്പെട്ടത്. മംഗളൂരു എംജി റോഡ് ബല്ലാല്‍ബാഗ് സര്‍ക്കിള്‍ ഇന്‍ലാന്‍ഡ്് അവന്യൂ കെട്ടിടത്തിലെ ഡിഎച്ച്ആര്‍സി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയത്. സിംഗപ്പൂര്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിലേക്കെന്നുപറഞ്ഞാണ് വ്യാജ റിക്രൂട്ട്മെന്റ് നടത്തുന്നത്.

ദേശാഭിമാനി ലേഖകന്‍ ശനിയാഴ്ച ഡിഎച്ച്ആര്‍സി ഓഫീസില്‍ എത്തിയപ്പോള്‍ സിംഗപ്പൂരിലേക്കുള്ള ഭറിക്രൂട്ട്മെന്റ് നടക്കുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാല്‍പ്പതില്‍പരം ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജോലിചെയ്യുന്നവരും മംഗളൂരുവില്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു. ഉദ്യോഗാര്‍ഥിയെന്ന രൂപേണ ഏജന്‍സിയുടെ ലൈസന്‍സിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തിരുവല്ലയിലെ "വേവ്സ് ഇന്ത്യ" എന്ന അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ സബ് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മറുപടി. തങ്ങള്‍ക്ക് ഡിഎച്ച്ആര്‍സിയുമായി ഒരുതരത്തിലും ബന്ധമില്ലെന്നും അവര്‍ മംഗളൂരുവില്‍ തങ്ങളുടെപേരില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതും പണംപിരിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും "വേവ്സ് ഇന്ത്യ" പ്രതിനിധി ലിജു ദേശാഭിമാനിയോട് പറഞ്ഞു. ഇക്കാര്യം ഡിഎച്ച്ആര്‍സി മാനേജര്‍ പ്രദീപ്കുമാര്‍, റിക്രൂട്ട്മെന്റ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന പ്രവീണ്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഈ മേഖലയില്‍ പതിവാണെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍, വാര്‍ത്തയാക്കരുതെന്നും കേരളത്തിലെ തങ്ങളുടെ ശാഖകളെ അത് ബാധിക്കുമെന്നുമായി അപേക്ഷ.

ഇതിനകം ഏഴ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഒരു ലക്ഷം രൂപ വീതം ആദ്യ ഗഡുവായി കൈപ്പറ്റിയെന്നും സമ്മതിച്ചു. വാര്‍ത്തായാക്കരുതെന്നും പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും പ്രവീണ്‍ പറഞ്ഞു. അന്വേഷണത്തില്‍ മലയാളികളായ സരുണ്‍രാജ്, ഹിമ രാഘവന്‍, ബിബിന്‍ കോലത്ത്കട്ടീല്‍, കെ പി സ്നേഹമോള്‍, കെ പി അനീഷ്കുമാര്‍, ആശാ കുര്യന്‍, മിനു എന്നിവരടക്കം ഇരുപത്തഞ്ചലധികം പേരില്‍നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങിയതായി വ്യക്തമായി. സിംഗപ്പൂരിലെ മികച്ച ആശുപത്രികളില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് ബിഎസ്സി നേഴ്സിങ് ഉദ്യോഗാര്‍ഥികളില്‍നിന്ന് 3.15 ലക്ഷം രൂപയും ജനറല്‍ നേഴ്സിങ്ങുകാരില്‍നിന്ന് മൂന്നു ലക്ഷവുമാണ് ഏജന്‍സി ആവശ്യപ്പെട്ടതെന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ ആലക്കോട് സ്വദേശി വിജോ തോമസ് പറഞ്ഞു. ബിഎസ്സിക്കാര്‍ക്ക് മാസം 75,000 രൂപയും പത്ത് വര്‍ഷത്തെ വര്‍ക്കിങ് പെര്‍മിറ്റും ജിഎന്‍എംകാര്‍ക്ക് 60,000 രൂപയും രണ്ടു വര്‍ഷത്തെ പെര്‍മിറ്റുമാണ് വാഗ്ദാനം ചെയ്തത്. വീഡിയോ കോള്‍ സൗകര്യമുള്ള സ്കൈപ് സോഷ്യല്‍ മീഡിയവഴിയാണ് സിംഗപ്പൂരില്‍നിന്ന് ഇന്റര്‍വ്യൂ നടത്തിയിരുന്നത്. സിംഗപ്പൂരില്‍നിന്ന് അഭിമുഖം നടത്തുന്നയാള്‍ക്ക് മംഗളൂരുവിലെ ഉദ്യോഗാര്‍ഥിയെ കാണാമെങ്കിലും ഉദ്യോഗാര്‍ഥിക്ക് അഭിമുഖം നടത്തുന്നയാളെ കാണാന്‍ കഴിയുമായിരുന്നില്ല.
(അനീഷ് ബാലന്‍)

deshabhimani

No comments:

Post a Comment