Wednesday, October 9, 2013

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തെന്ന് എജി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും വെബ് ക്യാമറയും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചതായും എജി അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പരാതിയില്ലെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതിയില്ലെന്ന് നേരത്തെ എജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയെ എപ്പോള്‍ എവിടെ വച്ച് ചോദ്യം ചെയ്തെന്നത് സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഒരാഴ്ച മുന്‍പ് ക്ലിഫ് ഹൗസില്‍ വച്ച് അതീവ രഹസ്യമായാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. എഡിജിപി ഹേമചന്ദ്രനും ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തതെന്നും വിവരമുണ്ട്. കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ശ്രീധരര്‍ നായരുടെ പരാതിയില്‍ വ്യക്തമാക്കുന്നില്ലെന്നും മുഖ്യമന്ത്രിയ്ക്ക് തട്ടിപ്പില്‍ പങ്കുളളതായി കരുതുന്നില്ലെന്നാണ് അഭിഭാഷകന്റെ നിലപാടെന്നും കോടതി പറഞ്ഞു. കോടതിയുടെ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ശ്രീധരന്‍ നായരുടെ അഭിഭാഷകനും ന്യായാധിപനും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. അത്തരത്തിലൊരു വാദം താന്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ നായര്‍ സരിതയ്ക്ക് പണം നല്‍കിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലും ഇത് വ്യക്തമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും എജി കോടതിയെ അറിയിച്ചു

deshabhimani

No comments:

Post a Comment