Saturday, October 26, 2013

സര്‍ക്കാര്‍ വാഗ്ദത്ത ഭൂമി ഇവര്‍ക്ക് നരകം "നാടുകടത്തലിന്" ഞങ്ങളെ കിട്ടില്ലെന്ന് മക്രേരിയിലെ ഗുണഭോക്താക്കള്‍

പെരളശേരി: നൂറുക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള പുല്ലുപോലും മുളയ്ക്കാത്ത പാറക്കെട്ടുള്ള മൂന്ന് സെന്റിലേക്ക് ഞങ്ങളില്ലെന്ന് മക്രേരി വില്ലേജിലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഗുണഭോക്തക്കള്‍. നാടും തൊഴിലും കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെടുത്തി വെള്ളവും വെളിച്ചവും ഗതാഗത സൗകര്യവുമില്ലാത്ത സ്ഥലത്ത് എങ്ങിനെ ജീവിതം പറിച്ചുനടുമെന്നാണ് ഇവരുടെ ചോദ്യം. രാജ്യത്തെ പ്രഥമ ഭൂരഹിതരില്ലാത്ത ജില്ലയെന്ന ബഹുമതി നേടിയെടുക്കാന്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവരെ ബലികൊടുക്കുന്നവര്‍ ഇതൊന്നും ചിന്തിക്കുന്നില്ല.

മക്രേരി വില്ലേജില്‍ നിന്ന് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 പേരില്‍ പതിനാലുപേരും "വാഗ്ദത്ത" ഭൂമിയിലേക്കില്ല. തളിപ്പറമ്പ് താലൂക്കിലെ പുളിങ്ങോം, ആലപ്പടമ്പ്, ചുഴലി വില്ലേജുകളിലാണ് ഇവര്‍ക്ക് സ്ഥലം നല്‍കിയത്. വടക്കുമ്പാട് ചോരക്കളത്തിനടുത്ത കുറുപ്പനാണ്ടി നസീമ(30)ക്ക് ചുഴലിയിലാണ് മൂന്നുസെന്റ് ഭൂമി അനുവദിച്ചിട്ടുള്ളത്. ഭര്‍ത്താവ് മൊഴിചൊല്ലിയ നസീമയ്ക്ക് പ്രായമായ ഉമ്മയെയും അഞ്ചിലും മൂന്നിലും അങ്കണവാടിയിലും പഠിക്കുന്ന പിഞ്ചുകുട്ടികളെയും കൂട്ടി അപരിചിതമായ ഭൂമിയിലേക്ക് പോകാനാവില്ല. പല വീടുകളിലും ജോലിക്ക് പോയാണ് നസീമ കുടുംബത്തെ പോറ്റുന്നത്. തലചായ്ക്കാനുള്ള ഭൂമിക്ക് പിറകെ പോയാല്‍ ഇവരുടെ ജീവിതം തുലയും. മുണ്ടലൂര്‍ തെരുപറമ്പത്ത് കെ ടി സോമനും അകലെയുള്ള ഭൂമിയിലേക്ക് പോകുന്നില്ല. ആശാര പണിക്കാരനായ സോമന് നാട് ഉപേക്ഷിച്ചാല്‍ ഇപ്പോഴുള്ള ജോലി നഷ്ടമാവും. പ്ലസ്ടുവിനും പഠിക്കുന്ന ഒരു കുട്ടിയും അഞ്ചാംക്ലാസിലുള്ള ഇരട്ടക്കുട്ടികളെയും ഭാര്യയെയും കൂട്ടി തളിപ്പറമ്പിനപ്പുറമുള്ള ഭൂമിയിലേക്ക് സോമനില്ല.

മുണ്ടലൂര്‍ ചാലുപറമ്പത്ത് കുത്തിപ്പാത്തുവും മക്രേരി പിലാക്കണ്ടി കോളനിയിലെ കെ വി മുംതാസ്, ഐവര്‍കുളം എ കെ ജി ലൈനിലെ ആര്‍ ജോണ്‍, കുന്നമ്പ്രത്തെ പെയിന്റിങ് തൊഴിലാളി കെ വിജയന്‍ മക്രേരി മണല്‍പൊയില്‍ അഹമ്മദ്കുട്ടി, കോട്ടം ഇടക്കണ്ടി ഹൗസില്‍ ഇ ലക്ഷ്മി, മുണ്ടലൂര്‍ കൈപ്പച്ചേരി കെ കെ ലീല, മക്രേരിവില്ലേജിലെ സെലൂജ, എം സമീറ, പി സനില്‍ബാബു, കെ സവിത, എം ഷെറീഫ എന്നിവരും വാഗ്ദത്ത ഭൂമിയില്‍ ദുരിതം തിന്നാനില്ലെന്ന് തീര്‍ത്ത് പറയുകയാണ്. എന്നാല്‍ മറ്റുഗതിയില്ലാത്തതിനാല്‍ വടക്കുമ്പാട് പടിഞ്ഞാറയില്‍ വീട്ടില്‍ ഖദീജയ്ക്ക് അനുവദിച്ച ഭൂമിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. വയനാട്ടിലെ 90 സെന്റ് ഭൂമി മൂന്ന് പെണ്‍മക്കളുടെ വിവാഹത്തിനായി വിറ്റതോടെ ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല. ഭര്‍ത്താവ് സത്താറും ഖദീജയും പെരളശേരിയിലെ വാടകവീട്ടിലാണ് താമസം. ഏറെ പ്രയാസമുണ്ടെങ്കിലും അനുവദിച്ച് തന്ന ഭൂമിയില്‍ പ്രവേശിക്കാന്‍ മനസ്സില്ലാമനസ്സോടെ ഇവര്‍ തയ്യാറായിട്ടുണ്ട്.
(പി വി ദാസന്‍)

deshabhimani

No comments:

Post a Comment