Saturday, October 12, 2013

ജനസമ്പര്‍ക്കം: എറണാകുളത്ത് അപേക്ഷ അഞ്ചിലൊന്നായി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വിശ്വാസക്കുറവു വന്നതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഇത്തവണ അപേക്ഷകര്‍ അഞ്ചിലൊന്നായി കുറഞ്ഞു. വിവിധ വകുപ്പുകളില്‍ ലഭിച്ച അപേക്ഷ 3245 ആണ്. ഒന്നാംഘട്ടത്തില്‍ 15,675 അപേക്ഷകളാണ് ലഭിച്ചത്. ഒന്നാംഘട്ടത്തിലെ 75 ശതമാനവും പരിഗണിച്ചില്ലെന്ന വിവരം അറിഞ്ഞതാണ് അപേക്ഷ കുറയാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. ഒന്നാംഘട്ടത്തില്‍ അടിയന്തര സഹായധനത്തിന് ലഭിച്ച അപേക്ഷ 3632 ആണ്. അപകടങ്ങളില്‍പ്പെട്ടവര്‍ക്കും വീടു നശിച്ചവര്‍ക്കുമാണ് അടിയന്തര സഹായമായി 30 ലക്ഷത്തോളം രൂപ അനുവദിച്ചത്. പെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്ന പരാതി 2467 എണ്ണവും കിട്ടിയതായി അധികൃതര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ വിതരണം ചെയ്യാനാകാഞ്ഞത്. 7.5 ലക്ഷത്തോളം രൂപയാണ് മുഖ്യമന്ത്രി വിവിധ പെന്‍ഷനുകള്‍ക്കായി അനുവദിച്ചത്. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സര്‍ക്കാര്‍ തുക നല്‍കാതിരുന്നതിനാലാണ് വൈകിയതെന്നും സാമൂഹ്യനീതിവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. പെന്‍ഷന്‍ കുടിശിക ഒന്നരക്കോടിയോളം രൂപ ലഭിച്ചിരുന്നുവെങ്കില്‍ കൃത്യസമയത്ത് എല്ലാവര്‍ക്കും വിതരണം ചെയ്യാനാകുമായിരുന്നു. പശ്ചിമകൊച്ചിയില്‍ സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി വീടു നിര്‍മിച്ചവര്‍ക്ക് തുക നല്‍കണമെന്ന രണ്ട് അപേക്ഷയില്‍16,000 രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചത്. ആശ്രിത നിയമനത്തിനും പട്ടികവര്‍ഗ മേഖലയിലെ കുടിയേറ്റത്തിനെതിരെയും വിവിധ സംഘടനകളും വ്യക്തികളും അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. വൈദ്യുതി ലൈന്‍ വലിക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴ പഞ്ചായത്തില്‍നിന്ന് 16 ആദിവാസികള്‍ സമര്‍പ്പിച്ച അപേക്ഷയിലും തീരുമാനമായില്ല.

നെല്‍കൃഷി നശിച്ച 36 കര്‍ഷകരുടെ അപേക്ഷയില്‍ തുക അനുവദിക്കണമെന്നു മാത്രം മുഖ്യമന്ത്രി രേഖപ്പെടുത്തി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ക്ക് നല്‍കുകയായിരുന്നു. രണ്ടുവര്‍ഷമായിട്ടും തീരുമാനമായില്ല. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഫണ്ട് വകമാറ്റിയ പരാതിയില്‍ അന്വേഷണം നടത്താന്‍ മാത്രമാണ് പട്ടികജാതി വികസന ഓഫീസറോട് ആവശ്യപ്പെട്ടത്. ഇത്തവണ ലഭിച്ച അപേക്ഷകളില്‍ അധികവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭിക്കാനാണ്. 1628 അപേക്ഷയാണ് ലഭിച്ചത്. റവന്യൂ റിക്കവറിയില്‍നിന്ന് കുടിശികക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 108 അപേക്ഷകളും ലഭിച്ചു. ജോലി ലഭിക്കുന്നതിന് 163 അപേക്ഷയും പെന്‍ഷനുകള്‍ക്കായി 724 അപേക്ഷയുമുണ്ട്. ജില്ലയില്‍ 25നാണ് ജനസമ്പര്‍ക്ക പരിപാടി.

deshabhimani

No comments:

Post a Comment