Saturday, October 12, 2013

ലാവ്ലിന്‍: വിടുതല്‍ ഹര്‍ജിയില്‍ നവംബര്‍ 5ന് വിധി

ലാവ്ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ നവംബര്‍ 5ന് സിബിഐ പ്രത്യേക കോടതി വിധി പറയും. ബുധനാഴ്ചത്തെ വിചാരണയിലും ജഡ്ജി ആര്‍ രഘു കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂട്ടര്‍ സി ഭാസുരന് മറുപടിയുണ്ടായില്ല.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസമാഹരണം നടത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൊതുതാല്‍പ്പര്യപ്രകാരമുള്ളതാണ്. അത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നിരിക്കെ അതെങ്ങനെ കുറ്റമാകും? അഴിമതി നിരോധന നിയമം 13-1(ഡി) പ്രകാരമാണ് കുറ്റപത്രം ചുമത്തിയത്. പൊതുതാല്‍പ്പര്യപ്രകാരമുള്ളതായതിനാല്‍ ഈ നിയമം എങ്ങനെ ഇക്കാര്യത്തില്‍ ബാധകമാകും. ഭരണപരമായ പാളിച്ചകള്‍ക്ക് എങ്ങനെ വ്യക്തി കുറ്റക്കാരനാകുമെന്നും കോടതി ചോദിച്ചു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് കരാറായത് 1997 ഫെബ്രുവരിയിലാണ്. ഒമ്പത് മാസം കഴിഞ്ഞ് ഡിസംബറില്‍ ക്യാന്‍സര്‍ സെന്ററിന് സഹായം വാഗ്ദാനംചെയ്തത് എങ്ങനെ ആദ്യനടപടിയുടെ ഗൂഢാലോചനയാകും? ഇതെല്ലാംകൂടിയാണ് ഗൂഢാലോചന എന്ന് സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞപ്പോള്‍ കുറ്റപത്രത്തില്‍ പറഞ്ഞ ഗൂഢാലോചന മാറുന്നതെങ്ങനെയെന്നും ഇടയ്ക്കിടെ മാറുന്നതാണോ ഗൂഢാലോചന എന്നും കോടതി തിരിച്ചു ചോദിച്ചു. ആദ്യത്തെ മന്ത്രി കുറ്റംചെയ്തില്ലെങ്കില്‍ രണ്ടാമത്തെ ആള്‍ എങ്ങനെ കുറ്റക്കാരനാകും? നിങ്ങള്‍ കുറ്റവിമുക്തനാക്കിയ ആളാണ് കരാറില്‍ ഒപ്പിട്ടത്. അയാള്‍ പ്രതിയല്ലാതെ മറ്റുള്ളവര്‍ എങ്ങനെ പ്രതികളാകും. കുറെ ആളുകളില്‍നിന്ന് പണം സമാഹരിച്ചു നല്‍കാമെന്ന് പറഞ്ഞു. അത് തന്നില്ല. ഇതെങ്ങനെ നിയമപരമായി നടപ്പാക്കാന്‍ പറ്റും. ഇന്ത്യന്‍ കരാര്‍നിയമപ്രകാരം ധാരണാപത്രമായാലും കരാര്‍ ആയാലും ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമോ? അങ്ങനെയിരിക്കെ ധാരണാപത്രം കരാര്‍ ആക്കിയില്ലെന്ന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ എം കെ ദാമോദരന്‍,മഞ്ചേരി കെ ശ്രീധരന്‍നായര്‍, രവീന്ദ്രനാഥ് എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment