Saturday, October 12, 2013

സോളാറിലെ വിധി നീതിന്യായവ്യവസ്ഥയെ തകര്‍ക്കുന്നത്: വി എസ്

സോളാര്‍ കേസില്‍ ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി നീതിന്യായവ്യവസ്ഥയെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വേഷണസംഘത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച പരാതി തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതാണ്.

ഹര്‍ജിയിലെ കക്ഷികളാരും ഉന്നയിക്കാത്തതും കോടതിയുടെ പരിഗണനയില്‍ പോലും വരാത്തതുമായ കാര്യങ്ങള്‍ വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. തട്ടിപ്പിന് പണം നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി പ്രേരിപ്പിച്ചാല്‍ എന്താണ് കുറ്റം എന്നാണ് വിധിയിലെ ചോദ്യം. പ്രഹസനമായിട്ടാണെങ്കില്‍ പോലും, നടപടിക്രമം അനുസരിച്ച് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും സി.സി ടിവി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്യാന്‍ അന്വേഷണസംഘം നിര്‍ബന്ധിതമായിത്തീര്‍ന്നു. ഈ വിവരം എ.ജി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല എന്നാണ് കോടതി പറയുന്നത്.

മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന 33 കേസുകളില്‍ അന്വേഷണസംഘം കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ വിധി അന്വേഷണ ഏജന്‍സിയ്ക്ക് പ്രതികള്‍ക്ക് അനുകൂലമായി ഇടപെടുന്നതിനും മജിസ്ട്രേട്ട് കോടതികളിലെ വിചാരണപ്രക്രിയയെ പ്രഹസമാക്കുന്നതിനും ഉതകുമെന്നുള്ളതില്‍ സംശയവുമില്ലെന്ന് വി.എസ്.പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment