Saturday, October 12, 2013

ചന്ദ്രശേഖരന്‍ കേസ് അന്തിമവാദം 17ന്

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം 17ന് തുടങ്ങും. പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദമാണ് ആദ്യം നടക്കുക. തുടര്‍ന്ന് പ്രതിഭാഗം വാദമടക്കമുള്ള നടപടിക്രള്‍ ഈമാസം തന്നെ പൂര്‍ത്തിയാക്കും. നവംബര്‍ 30നകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് ഹൈക്കോടതി നിര്‍ദേശം. പ്രതിഭാഗം സാക്ഷികളായി പത്തുപേരെയാണ് വിസ്തരിച്ചത്. രണ്ടുപേരെ പ്രതിഭാഗം ഒഴിവാക്കി. മൂന്ന് പത്രാധിപരടക്കം നാലുപേരെ വിസ്തരിക്കാനുള്ള അപേക്ഷ കോടതി നിരസിച്ചു.
സെപ്തംബര്‍ 24നാണ് പ്രതിഭാഗം സാക്ഷിവിസ്താരം ആരംഭിച്ചത്. സിപിഐ എം നേതാക്കളായ പി മോഹനന്‍ അടക്കമുള്ളവര്‍ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ ആരോപണം സാക്ഷിവിസ്താരത്തില്‍ പൊളിഞ്ഞിരുന്നു. ഗൂഢാലോചന ആരോപിക്കപ്പെട്ട സമയത്ത് മോഹനനടക്കമുള്ളവര്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ജാഥയിലാണെന്നതിന് തെളിവായി ചടങ്ങിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറെ പ്രതിഭാഗം വിസ്തരിച്ചു. അന്നത്തെ ചിത്രങ്ങള്‍ കോടതി തെളിവായി രേഖപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകരാണെന്ന് സ്ഥാപിക്കാനും പ്രതിഭാഗത്തിനായി. 66 രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയത് 579 രേഖകളാണ്. 166 പേരായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികള്‍. 284 സാക്ഷികളുടെ പട്ടികയാണ് കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ നല്‍കിയത്. കള്ളക്കഥയ്ക്കെതിരെ മൊഴി നല്‍കുമെന്നു കണ്ടതോടെ ഇതില്‍ നിരവധി പേരെ ഒഴിവാക്കി. ഫെബ്രുവരി 11ന് തുടങ്ങിയ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ജൂലൈ 31നാണ് പൂര്‍ത്തിയായത്. 52 സാക്ഷികള്‍ പ്രോസിക്യൂഷന്റെ കള്ളക്കഥയ്ക്കെതിരെ വിചാരണ വേളയില്‍ മൊഴി നല്‍കി.

പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായശേഷം വിചാരണ നേരിട്ടവരെ ക്രിമിനല്‍ നടപടിച്ചട്ടം 313-ാം വകുപ്പനുസരിച്ച് ജഡ്ജി ആര്‍ നാരായണ പിഷാരടി നേരിട്ട് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി. പ്രതിപ്പട്ടികയിലുള്ള 20 പേരെ പ്രോസിക്യൂഷന് വിസ്താരവേളയില്‍ തെളിവ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ സെപ്തംബര്‍ 11ന് ക്രിമിനല്‍ നടപടിച്ചട്ടം 232-ാം വകുപ്പനുസരിച്ച് കോടതി വെറുതെ വിട്ടു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കമുള്ളവരെയാണ് വിട്ടയച്ചത്. സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയ അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു ഈ വിധി. 76 പേരാണ് തുടക്കത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പ്രതിചേര്‍ത്ത രണ്ടുപേരെ കുറ്റപത്രം വായിക്കുന്നതിനു മുമ്പുതന്നെ കോടതി ഒഴിവാക്കി. രണ്ടുപേരെ പിടികൂടിയിട്ടില്ല. കെ കെ രാഗേഷ് അടക്കം 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ 57 പേരായി. സി എച്ച് അശോകന്‍ മരണമടഞ്ഞതോടെ 56 പേരാണ് വിചാരണ നേരിട്ടത്. ഇതില്‍ 20 പേരെ വിട്ടയച്ചതിനാല്‍ 36 പ്രതികളാണ് അവശേഷിക്കുന്നത്.

2012 മെയ് നാലിന് ഓര്‍ക്കാട്ടേരി ടൗണ്‍ഫീഡറില്‍ ലോഡ്ഷെഡിങ്

കോഴിക്കോട്: 2012 മെയ് നാലിന് ഓര്‍ക്കാട്ടേരി ടൗണ്‍ ഫീഡറിനുകീഴില്‍ രാത്രി 9 മുതല്‍ 9.30 വരെ ലോഡ് ഷെഡിങ്ങായിരുന്നുവെന്നും ജീപ്പ് സ്റ്റാന്‍ഡ് നില്‍ക്കുന്ന പ്രദേശം ഇതില്‍പ്പെടുമെന്നും സാക്ഷിമൊഴി. പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച കെഎസ്ഇബി ഓര്‍ക്കാട്ടേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനിയര്‍ എ കെ പവിത്രന്റേതാണ് മൊഴി. പ്രതിഭാഗം 10-ാം സാക്ഷിയാണ് പവിത്രന്‍. ലോഡ് ഷെഡിങ് സമയം വ്യക്തമാക്കുന്ന രേഖ കോടതിയില്‍ ഹാജരാക്കിയതായും സാക്ഷി പറഞ്ഞു. ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന പ്രോസിക്യൂഷന്‍ ആരോപണം സാക്ഷി നിഷേധിച്ചു. 2012 മെയ് നാലിന് ഓര്‍ക്കാട്ടേരിയില്‍ മറ്റ് സെക്ഷനുകളില്‍നിന്ന് ബാക്ക് ഫീഡിങ്ങായി വൈദ്യുതി ലഭിച്ചോ എന്ന് പറയാനാവില്ലെന്നും ലോഡ് ഷെഡിങ് സമയത്ത് ബാക്ക് ഫീഡിങ് നടത്താറില്ലെന്നും പ്രോസിക്യൂഷന്‍ ചോദ്യത്തിന് സാക്ഷി മറുപടി നല്‍കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കിര്‍മാണി മനോജിനെ സംഭവദിവസം രാത്രി 9.15ന് തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്‍ഡില്‍ കണ്ടുവെന്ന പ്രോസിക്യൂഷന്‍ സാക്ഷിമൊഴി ഖണ്ഡിക്കാനാണ് എന്‍ജിനിയറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ എം രാമദാസ്, വി വി ശിവദാസന്‍, വി ബിന്ദു എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും ഹാജരായി.

തെളിവെടുപ്പ് അവസാനിപ്പിക്കരുത്: ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിഭാഗം തെളിവെടുപ്പ് അവസാനിപ്പിക്കരുതെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഇടക്കാല ഉത്തരവ്. പ്രതിഭാഗം തെളിവെടുപ്പിന്റെ ഭാഗമായി കേസന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നടപടി. കേസിലെ 31-ാം പ്രതി ലംബു പ്രദീപനാണ് വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ കളവാണെന്നും നിഷ്പക്ഷവും നീതിപൂര്‍വകവുമായ വിചാരണയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പ്രതിഭാഗത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, പി ആര്‍ സുകുമാരന്‍ എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment