Friday, October 18, 2013

കടലാടിപ്പാറ ഖനനത്തിന് നല്‍കരുത്: പി കരുണാകരന്‍ എംപി

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കരുതെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷാപുര കമ്പനി ഇവിടെ ഖനനം നടത്തുന്നതിനുള്ള നീക്കം വീണ്ടും ആരംഭിച്ചു. പരിസ്ഥിതി അനുമതിക്കായുള്ള പഠനം നടത്തണമെന്ന അപേക്ഷ ആഷാപുര കമ്പനി കേന്ദ്രസര്‍ക്കാരിന് നല്‍കി. 2007 ല്‍ ഇതേ കമ്പനി ഇവിടെ ഖനനം നടത്താനുള്ള അനുമതിക്ക് ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചതാണ്. എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ വീണ്ടും പരിസ്ഥിതി അനുമതിക്കുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ദുരൂഹമാണ്. 200 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുമെന്നാണ് അപേക്ഷയില്‍ പറയുന്നത്. ജനവാസ കേന്ദ്രമായ ഇവിടെ ഖനനം നടത്തുന്നത് വന്‍തോതിലുള്ള പരിസ്ഥിതി ആഘാതത്തിന് ഇടയാക്കും. വിജന പ്രദേശമാണെന്ന കമ്പനിയുടെ അവകാശവാദം തെറ്റാണ്. ഇതിനു ചുറ്റും നാല് സ്കൂളുകളും ആശുപത്രി ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ആദിവാസി കോളനി ഈസ്ഥലത്തോട് ചേര്‍ന്നാണ്. ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിക്ക് ചുറ്റം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഈ പാറയില്‍ ഖനനം നടത്തിയാല്‍ ചുറ്റും താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതത്തെ ബാധിക്കും. എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ ദുരന്തംപോലെ മറ്റൊരു ദുരന്തത്തിനായിരിക്കും ഇത് വഴിവെക്കുക. ഖനനം നടത്തുന്നതിന് ദിവസവും 25,000 ലിറ്റര്‍ വെള്ളം വേണമെന്നാണ് കമ്പനിതന്നെ അവകാശപ്പെടുന്നത്. പൊതുവെ ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഇത്രയും വെള്ളത്തിന്റെ ദിനം പ്രതിയുള്ള ഉപയോഗം. കുടിക്കാന്‍ വെള്ളം കിട്ടാത്ത സ്ഥലത്താണ് ഇത്രയും വെള്ളം ഉപയോഗിച്ച് ഖനനം നടത്തുന്നത്.

സര്‍ക്കാര്‍ ഭൂമി പഞ്ചായത്തിന്റെ വികസന ആവശ്യത്തിനാണ് വിനിയോഗിക്കേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ ഗവ. പോളിടെക്നിക്കിന് ശുപാര്‍ശ ചെയ്തതാണ്. അതിനുപകരം 200 ഏക്കര്‍ സ്ഥലം ഖനനത്തിന് വിട്ടുകൊടുത്തതുകൊണ്ട് നാടിന് പ്രയോജനമൊന്നും ലഭിക്കില്ല. ഇവിടെ ബോക്സൈറ്റ് സംസ്കരണ ഫാക്ടറിയൊന്നും തുടങ്ങുന്നില്ല. ബോക്സൈറ്റ് ഖനനം നടത്തി മറ്റ് സ്ഥലങ്ങളിലേക്ക് കടത്തികൊണ്ടു പോകുകയാണ്. ഈ പ്രദേശത്തുള്ള ചുരുക്കം ചിലര്‍ക്ക് പണി കിട്ടിയാലായി എന്നതിനപ്പുറം ഒരുവികസനവും നാട്ടില്‍ ഉണ്ടാകില്ല. പൊതുമേഖലാ സ്ഥാപനമായ സിറാമിക്സ് ഫാക്ടറിക്ക് ചൈനാക്ലേ ഖനനത്തിന് അനുമതി നല്‍കിയതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ചെറിയ കൂലിക്ക് ഏതാനും പ്രദേശവാസികള്‍ക്ക് പണികൊടുത്തതല്ലാതെ ആ പ്രദേശത്തെ ആര്‍ക്കും ഗുണമുണ്ടായില്ല. ഖനനം തുടങ്ങിയാല്‍ ആധുനിക സൗകര്യമുള്ള ആശുപത്രിയും സ്കൂളും ഉള്‍പ്പടെ തുടങ്ങുമെന്ന് കമ്പനി പറയുന്നതുതന്നെ ഇതുമൂലം ജനങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്നതിന്റെ സൂചനയാണ്. മാത്രമല്ല ഇവിടെ പതിനഞ്ചോളം മീറ്റര്‍ ആഴത്തില്‍ കുഴിക്കുമ്പോഴുണ്ടാകുന്ന മണ്ണും കല്ലും മറ്റൊരു ബാധ്യതയായിരിക്കും. ഇത് എവിടെകൊണ്ടുപോയി തള്ളും എന്നതും പ്രശ്നമാണ്. 2007 ല്‍ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദമുണ്ടെന്നാണ് ജില്ലാ അധികൃതരില്‍നിന്ന് മനസിലാക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് സര്‍ക്കാര്‍ സ്ഥലം സ്വകാര്യ കമ്പനിക്ക് വിട്ട്കൊടുത്ത് നാടിന് ആവശ്യമില്ലാത്ത ഖനനം നടത്താന്‍ തുനിഞ്ഞാല്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നും എംപി പറഞ്ഞു.

deshabhimani

No comments:

Post a Comment