Friday, October 18, 2013

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നത് വരും തലമുറകളോടുള്ള വെല്ലുവിളി: പരിഷത്ത്

കല്‍പ്പറ്റ:ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരാകരിച്ചു കൊണ്ട് കസ്തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയവും വരും തലമുറകളോടുള്ള വെല്ലുവിളിയും ആണെന്ന് ശാസ്ത്രസാഹിത്യ പരിഷത് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. കാടു മാത്രമേ സംരക്ഷിക്കേണ്ടതുള്ളൂ, മനുഷ്യര്‍ അധിവസിക്കുന്ന ഭൂരിപക്ഷം പ്രദേശങ്ങളിലും ഒരു നിയന്ത്രണവും വേണ്ട എന്ന രീതിയിലുള്ള ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ അംഗീകരിക്കാന്‍ പോകുന്നത്. എന്നാല്‍ അതുപോലും സ്വീകാര്യമല്ല എന്നതാണ് തല്‍പ്പര കക്ഷികളുടെ പ്രഖ്യാപനം. ഇതു യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ നിലപാടാണോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഗാഡ്ഗില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏതളവു വരെ വേണം എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. സാധാരണക്കാരന്റെയും കര്‍ഷകരുടെയും പേരു പറഞ്ഞാണ് ഗാഡ്ഗില്‍ ശുപാര്‍ശകളെ എതിര്‍ക്കുന്നത് എന്നതാണ് വിരോധാഭാസം. സാധാരണക്കാരനോ കര്‍ഷകര്‍ക്കോ ഈ ശുപാര്‍ശകള്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. സുസ്ഥിരമായ ഭാവിക്ക് ഗുണപരവും കൂടിയാണ് ഈ ശുപാര്‍ശകള്‍. 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭൂപ്രദേശത്ത് വാര്‍ഷിക വിളകള്‍ കൃഷി ചെയ്യരുത് എന്ന് ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നു. കാരണം വാര്‍ഷിക വിളകളുടെ കൃഷിയുമായി ബന്ധപ്പെട്ട് നിരന്തരം കൊത്തും കിളയും നടത്തുന്നത് മണ്ണൊലിപ്പും ഉരുള്‍ പൊട്ടലും ഉണ്ടാക്കുകയും കൃഷിയേയും പ്രദേശത്തെ മനുഷ്യ ജീവനെ തന്നെയും അതു ബാധിക്കും. അത്തരം സ്ഥലങ്ങളില്‍ കാപ്പി പോലുള്ള ദീര്‍ഘകാല വിളകളാണ് മണ്ണു സംരക്ഷണത്തിന് ഉത്തമം. എന്നിരുന്നാലും അതു തങ്ങളുടെ പ്രദേശത്ത് നടപ്പാക്കേണ്ട എന്നാണ് ഒരു പഞ്ചായത്തു തീരുമാനിക്കുന്നത് എങ്കില്‍ അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ആ പഞ്ചായത്തിലെ അത്തരം കര്‍ഷകരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്ത് അവരെ അതിന്റെ ദോഷഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുകയും തല്‍ക്കാലത്തേക്ക് അവര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തി കൊടുക്കാന്‍ വേണ്ടുന്ന പിന്തുണാ സംവിധാനങ്ങള്‍ നല്‍കുകയും ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും ചെയ്യാം. ഈ വിഷയം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്നും അങ്ങനെ പഞ്ചായത്തില്‍ തീരുമാനം ഉണ്ടായി വരണമെന്നും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നു.

മനുഷ്യനും പ്രകൃതിയും നിലനില്‍പ്പിനു വേണ്ടി നടത്തുന്ന ഒരു സമരവേദിയായി മാറിയിരിക്കുന്നു പശ്ചിമ ഘട്ടം. ദക്ഷിണേന്ത്യയിലെ 25 കോടിയോളം വരുന്ന ജനങ്ങള്‍ അവരുടെ ജീവസന്ധാരണത്തിന് പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്നത് പശ്ചിമഘട്ടത്തെ ആണ്. പശ്ചിമഘട്ടം ഗുരുതരമായ പാരിസ്ഥിതികാഘാതം നേരിടുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെയാണു പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിച്ചത്. ജനങ്ങളുടെ സഹകരണത്തൊടെ ആരെയും കൂടിയൊഴിപ്പിക്കാതെയും സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന മൂലധന ശക്തികളുടെ അമിത ലാഭക്കൊതിയില്‍ നിന്ന് ഹൈറേഞ്ചിനെ സംരക്ഷിക്കുകയും ചെയ്യാനുതകുന്ന ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടു വച്ചത്. ഗാഡ്ഗിലിനെതിരെ തിരിയുന്നവര്‍ വരും തലമുറകളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. മുന്‍ തലമുറയുടെ കരുതലിന്റേയും കാരുണ്യത്തിന്റേയും തണലില്‍ ജീവിക്കുന്ന ഇന്നത്തെ തലമുറകള്‍ക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ്ണ പരിഭാഷ പരിഷത് തയ്യാറാക്കിയിട്ടുണ്ട്. ഇത് ജില്ലയില്‍ ഉടന്‍ പ്രകാശനം ചെയ്യുമെന്നും പരിഷത് ഭരവാഹികള്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment