Thursday, October 10, 2013

യന്ത്രത്തിന് കെയ്കോ വന്‍തുക ഈട് വാങ്ങുന്നു

കുട്ടനാട് കാര്‍ഷിക പാക്കേജില്‍പ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതിയന്ത്രം കിട്ടണമെങ്കില്‍ കൊയ്ത്തിനുമുമ്പ് കര്‍ഷകര്‍ കെയ്കോയ്ക്ക് വന്‍തുക ഈട്നല്‍കണം. അഴിമതി തടയാനെന്ന പേരിലാണ് അധികൃതരുടെ ഈ കര്‍ഷകദ്രോഹ നിബന്ധന. ആവര്‍ത്തിച്ചുണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് അധികൃതരുടെ തീരുമാനം തിരിച്ചടിയായി. അമ്പലപ്പുഴയിലെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (കെയ്കോ) ആണ് കൊയ്ത്ത്മെതിയന്ത്രം ഒരുദിവസത്തിലധികം കൊയ്യാന്‍ 20,000 രൂപ മുന്‍കൂറായി ഈടാക്കാന്‍ തീരുമാനിച്ചത്. ഒരുദിവസത്തെ കൊയ്ത്തിന് 6000 രൂപയും നല്‍കണം. കൊയ്ത്തിനിടെ യന്ത്രത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരം ഈ തുകയില്‍നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കെയ്കോയില്‍നിന്ന് കൊയ്ത്ത്മെതി യന്ത്രങ്ങള്‍ ഏജന്റുമാര്‍ക്ക് മറിച്ചുനല്‍കി വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല നടപടിയും നേരിട്ടു. ഇതേത്തുടര്‍ന്നാണ് അഴിമതി ഇല്ലാതാക്കാനെന്ന പേരില്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്. നിലവില്‍ കെയ്കോയുടെ കൈവശമുള്ള 65ല്‍ 55 യന്ത്രങ്ങളാണ് വിതരണത്തിന് സജ്ജമായിട്ടുള്ളത്. പാടശേഖര സമിതികള്‍ക്ക് 750 രൂപ ദിവസ വാടകയ്ക്കാണ് ഇവ നല്‍കുക. ജില്ലയില്‍ രണ്ടാംകൃഷി ആരംഭിച്ചിട്ടും ഭൂരിഭാഗം പാടശേഖര സമിതികളും ഇതുവരെയും യന്ത്രത്തിന് അപേക്ഷിച്ചിട്ടില്ല. ഇതുവരെ 13 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചതെന്ന് കെയ്കോ അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച മുതല്‍ യന്ത്രം ലഭ്യമാക്കുമെന്ന് കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കെയ്കോയുടെ യന്ത്രം പാടത്ത് എത്തിക്കുന്നതിന് ലോറി വാടകയും യന്ത്രത്തിന്റെ ഇന്ധനച്ചെലവും അടക്കം കര്‍ഷകര്‍ വഹിക്കണം. കൂടാതെ പലയിടത്തും യന്ത്രം എത്തിക്കാന്‍ ചെങ്ങാടം വേണ്ടിവരും. ഇത്തരം അധികച്ചെലവുകള്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍വക ഇരട്ടപ്രഹരം. ഓരോ സീസണിലും 160ഓളം യന്ത്രങ്ങളാണ് ഏജന്റുമാര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്നത്. കൊയ്ത്തിനുശേഷം നെല്ലെടുക്കുമ്പോള്‍ സിവില്‍സപ്ലൈസിന്റെ പിആര്‍എസ് കിട്ടിയശേഷമാണ് ഭൂരിഭാഗം കര്‍ഷകരും യന്ത്രവാടക നല്‍കാറുള്ളത്. ഈസാഹചര്യത്തിലാണ് സര്‍ക്കാര്‍ യന്ത്രങ്ങള്‍ക്ക് വന്‍തുക ഈട് വാങ്ങുന്നത്.

കുട്ടനാട്ടിലെ കൃഷിയും കര്‍ഷകരുടെ വരുമാനവും മെച്ചപ്പെടുത്താന്‍ ആവിഷ്കരിച്ച പദ്ധതിയുടെ പണം ഉപയോഗിച്ച് വാങ്ങിയ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇക്കുറി ജില്ലയില്‍ 9,000 ഹെക്ടറിലാണ് രണ്ടാംകൃഷി ഉള്ളത്. മുട്ടാര്‍, തലവടി മേഖലകളില്‍ രണ്ടാംകൃഷി വിളവെടുപ്പ് ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി കെ സജിത പറഞ്ഞു. വരുംദിവസങ്ങളില്‍ കൊയ്ത്ത് വ്യാപകമാകും. മൂന്നുതവണയുണ്ടായ വെള്ളപ്പൊക്കത്തില്‍ മടവീണും ബണ്ട്കവിഞ്ഞും മുങ്ങിയ പാടശേഖരങ്ങള്‍ കഠിന പ്രയത്നം ചെയ്താണ് കര്‍ഷകര്‍ വീണ്ടും വിളവിറക്കിയത്. ഈ കര്‍ഷകര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയായത്.

deshabhimani

No comments:

Post a Comment