Sunday, October 13, 2013

മെട്രോ: മുന്നൊരുക്കത്തില്‍ അനാസ്ഥ തുടരുന്നു-പി രാജീവ്

മെട്രോ റെയില്‍ നിര്‍മാണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൗത്ത് മേല്‍പ്പാലത്തിന്റെയും എംജി റോഡിന്റെയും വീതികൂട്ടല്‍, വൈറ്റില ഫ്ളൈഓവര്‍ എന്നീ പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന സര്‍ക്കാരിന്റെയും കെഎംആര്‍എലിന്റെയും നിലപാട് കൊച്ചിയുടെ വികസനത്തെയും മെട്രോയുടെ സമയബന്ധിത പൂര്‍ത്തീകരണത്തെയും ദോഷകരമായി ബാധിക്കും. മെട്രോ യാഥാര്‍ഥ്യമായാല്‍ ഈ പദ്ധതികള്‍ നടപ്പാക്കാനാവില്ല. മെട്രോയ്ക്കൊപ്പം ഈ പദ്ധതികള്‍കൂടി യാഥാര്‍ഥ്യമാക്കാന്‍ ജനകീയസമ്മര്‍ദം അനിവാര്യമാണ്. സൗത്ത് മേല്‍പ്പാലം വീതികൂട്ടി നാലുവരിയാക്കുന്നതു സംബന്ധിച്ച് 2012 ആഗസ്ത് 25ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കത്തു നല്‍കിയെങ്കിലും ഇതുവരെ കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും പ്രതികരിച്ചില്ല. 100 മീറ്ററോളം പാലത്തിലൂടെ മെട്രോ കടന്നുപോകേണ്ടിവരും. ഈ ഭാഗത്ത് പാലത്തിലെ റോഡിന് നിലവിലെ ഏഴുമീറ്ററിനു പകരം 10.8 മീറ്റര്‍ വീതിയെങ്കിലും വേണം. അതാണ് മെട്രോ നിര്‍മാണത്തിനുമുമ്പ് പാലം വീതികൂട്ടണമെന്ന് ഡിഎംആര്‍സി ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും പ്രതികരിക്കാത്തതിനാല്‍ പണി ആരംഭിക്കുമ്പോള്‍ ഒറ്റവരി ഗതാഗതം സാധ്യമാകുംവിധം താല്‍ക്കാലിക സംവിധാനത്തിന് നവംബര്‍ 12ന് പുതിയ നിര്‍ദേശം സമര്‍പ്പിച്ചെങ്കിലും കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും ഇതിനോടും പ്രതികരിച്ചിട്ടില്ല.

സൗത്ത് മേല്‍പ്പാലം വീതികൂട്ടുന്നതിന് 100 കോടി രൂപ ചെലവുവരുമെന്നും അതിനുള്ള പണം കെഎംആര്‍എലിന്റെ പക്കലില്ലെന്നുമാണ് എംഡി പറയുന്നത്. എന്നാല്‍ 2012-13ലെ റെയില്‍ ബജറ്റില്‍ സൗത്ത് മേല്‍പ്പാലം വീതികൂട്ടുന്നതിന് റെയില്‍വേ ബോര്‍ഡ് 18.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാലത്തിലൂടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും എണ്ണപൈപ്പുകള്‍ കടന്നുപോകുന്നതിനാല്‍ വീതികൂട്ടലിന് ആവശ്യമായ തുകയില്‍ ഒരുവിഹിതം ഇവരില്‍നിന്നും ഈടാക്കാം. ഫലത്തില്‍ ഭൂമിയേറ്റെടുക്കേണ്ട ചെലവു മാത്രമേ സംസ്ഥാന സര്‍ക്കാരിനുള്ളൂ. സൗത്ത് മേല്‍പ്പാലത്തിന്റെ വീതികൂട്ടുന്നതു തടയാന്‍ ഏതെങ്കിലും ലോബി പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി. നോര്‍ത്ത് പാലത്തിന്റെ പണി തുടങ്ങുന്നതിനൊപ്പം തമ്മനം-പുല്ലേപ്പടി റോഡ് വികസിപ്പിക്കുകയും എംജി റോഡുമായി ബന്ധിപ്പിക്കുമെന്നും 2011 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി എത്ര ഫണ്ട് വേണമെങ്കിലും നല്‍കാമെന്നും ആദ്യപടിയായി 25 കോടി യോഗത്തില്‍വച്ചുതന്നെ അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നോര്‍ത്ത് പാലം പൂര്‍ത്തിയാകാറായിട്ടും തമ്മനം-പുല്ലേപ്പടി റോഡ് വികസനം എങ്ങുമെത്തിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിരുത്തരവാദപരമാണ്. ജനകീയസമ്മര്‍ദവും മറ്റും പരിഗണിച്ച് ഇടപ്പള്ളി ഫ്ളൈ ഓവര്‍ എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും വൈറ്റിലയിലെ ഫ്ളൈ ഓവറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ദേശീയപാതയിലെ ഫ്ളൈ ഓവര്‍ എന്ന നിലയ്ക്ക് ആവശ്യമായ പണത്തിന്റെ ഒരുഭാഗം വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും പി രാജീവ് പറഞ്ഞു.

തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതും അട്ടിമറിക്കുന്നു

കൊച്ചി: മെട്രോ റെയില്‍ ആദ്യഘട്ടത്തില്‍തന്നെ തൃപ്പൂണിത്തുറയിലേക്കു നീട്ടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഉറപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പി രാജീവ് എംപി.

പദ്ധതിനിര്‍മാണോദ്ഘാടന വേദിയില്‍ നല്‍കിയ ഉറപ്പനുസരിച്ച് മെട്രോ തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഡിഎംആര്‍സി രേഖാമൂലം നല്‍കിയിട്ടും ഇതുവരെ കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തിട്ടില്ല. തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നത് അടുത്തഘട്ടത്തില്‍ മതിയെന്നാണ് കെഎംആര്‍എല്‍ ഇപ്പോള്‍ പറയുന്നത്. ഇതുസംബന്ധിച്ച് മന്ത്രിസഭയും കെഎംആര്‍എലുമായി ചര്‍ച്ച നടത്തിയിട്ടില്ല. അടുത്തഘട്ടത്തില്‍ പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്കു നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശവും കെഎംആര്‍എല്‍ വേണ്ടെന്നുവച്ചു. തൃപ്പൂണിത്തുറയില്‍നിന്ന് ഇരുമ്പനംവഴിയും നഗരത്തില്‍നിന്ന് പാലാരിവട്ടംവഴിയും മെട്രോ കാക്കനാട്ടേക്കു നീട്ടാനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നതെന്നും രാജീവ് പറഞ്ഞു.

കുടിവെള്ള പൈപ്പ് നിര്‍മാണത്തിനിടയിലെ തടസ്സങ്ങള്‍ നീക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി നിര്‍മാണത്തിന് ആവശ്യമായ സൗകര്യമൊരുക്കേണ്ട കെഎംആര്‍എല്‍ അതിനു തയ്യാറാകുന്നില്ല. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മുന്‍കൈയെടുക്കാനോ നേതൃത്വപരമായ പങ്കുവഹിക്കാനോ ജനപ്രതിനിധികളുള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തുന്നതിനോ കെഎംആര്‍എലിന് താല്‍പ്പര്യമില്ല. ഡിഎംആര്‍സിക്കൊപ്പംതന്നെ ജീവനക്കാരെ ഇതിനകം നിയമിച്ച കെഎംആര്‍എല്‍ അവരെ ഉപയോഗിക്കുന്നതില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment