Sunday, October 13, 2013

മത്തായിചാക്കോയെ സ്മരിക്കുമ്പോള്‍

വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ജില്ലയിലെ സിപിഐ എമ്മിന്റെ സമുന്നത നേതാവായി മാറിയ മത്തായിചാക്കോ അന്തരിച്ചിട്ട് ഒക്ടോബര്‍ 13ന് ഏഴു വര്‍ഷമായി. 2006-ലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. രണ്ടു പതിറ്റാണ്ടിലധികം പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. രണ്ടുവര്‍ഷം സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരവേയായിരുന്നു മരണം.

മലയോരത്തെ സാധാരണ കര്‍ഷകകുടുംബത്തില്‍ പിറന്ന ചാക്കോ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പ്രവര്‍ത്തിച്ചത്. ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മാര്‍ക്സിസ്റ്റ് ദര്‍ശനമായിരുന്നു സഖാവിന്റെ വഴികാട്ടി. ക്യാമ്പസുകളിലാകെ എസ് എഫ്ഐയുടെ മുന്നേറ്റം ശക്തമായിത്തുടങ്ങിയ എണ്‍പതുകളിലാണ് ചാക്കോ സംഘടനയെ നയിച്ചത്. സ്വകാര്യ മേഖലയില്‍ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിനെതിരായും പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം കിട്ടുന്നതിനും നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ചാക്കോ ഉണ്ടായിരുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1986-ല്‍ മന്ത്രി എം കമലത്തെ കൊടുവള്ളിയില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഭീകര ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിഷേധിച്ച് എം വി രാഘവനെ തടഞ്ഞതിന് പുതിയാപ്പയില്‍ നടന്ന ലാത്തിച്ചാര്‍ജിലും നാല്‍പ്പാടി വാസു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ ലാത്തിച്ചാര്‍ജിലും പരിക്കേറ്റിരുന്നു. പലപ്പോഴായി ജയില്‍വാസവും അനുഭവിച്ചു. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ചാക്കോ ഉന്നത വിദ്യാഭ്യാസരംഗത്തെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. 1987-91ല്‍ മന്ത്രി ടി കെ രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

2001- 06ല്‍ മേപ്പയൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 2006-ലെ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ യുഡിഎഫിന്റെ കോട്ട തകര്‍ത്ത് വിജയം നേടിയെങ്കിലും രോഗബാധിതനായതിനാല്‍ മണ്ഡലത്തില്‍ പോകാനായില്ല. തെരഞ്ഞെടുപ്പു വിജയത്തിന്റെ ആവേശം ഇരമ്പുമ്പോള്‍ ചാക്കോ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിയാണ് സ്പീക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രോഗശയ്യയില്‍ കിടക്കുമ്പോഴും മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ നന്നായി ഇടപെട്ടു. ചാക്കോയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയം വരിച്ചു. അഴിമതിയിലും ജനദ്രോഹത്തിലും അതിവേഗം മുന്നേറുന്ന കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ ജനം വലയുകയാണ്. ഉമ്മന്‍ചാണ്ടിയും മന്‍മോഹന്‍സിങ്ങും സോളാര്‍-കല്‍ക്കരി അഴിമതികളില്‍ മുങ്ങി നാടിന് നാണക്കേടായി. ഈ ജനവിരുദ്ധര്‍ക്കെതിരെയും വര്‍ഗീയതക്കെതിരെയും ജനകീയ സമരനിര വളര്‍ത്തിയാലേ നാടിനെ രക്ഷിക്കാനാകൂ. ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്താന്‍ മത്തായി ചാക്കോയുടെ സ്മരണ നമുക്ക് ശക്തിപകരും.

(ടി പി രാമകൃഷ്ണന്‍ (സെക്രട്ടറി, സിപിഐ എം ജില്ലാ കമ്മിറ്റി))

deshabhimani

No comments:

Post a Comment