Thursday, October 17, 2013

ബംഗാളില്‍ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്

പശ്ചിമ ബംഗാളിലാകെ അരാജകത്വം സൃഷ്ടിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അക്രമവും അരാജകത്വവും അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ശാന്തിയും സമാധാനവും നിലനിര്‍ത്തുക, നിത്യോപയോഗ സാധന വിലക്കയറ്റം നിയന്ത്രിക്കുക, സ്ത്രീകള്‍ക്കെതിരായ അക്രമം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പ്രക്ഷോഭമെന്ന് മുന്നണി യോഗത്തിനു ശേഷം ചെയര്‍മാന്‍ ബിമന്‍ ബസു അറിയിച്ചു. പഞ്ചായത്തുതലം മുതല്‍ ജില്ലാതലംവരെ കാല്‍നടജാഥ, യോഗം, റാലി, ധര്‍ണ എന്നിവ സംഘടിപ്പിക്കും.

ഉപജില്ലകള്‍ കേന്ദ്രീകരിച്ച് പ്രകടനവും പൊതുയോഗവും നടത്തും. ജനുവരിയില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ വന്‍റാലി നടത്തും. ഇതേ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലും റാലി നടത്തും. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കുകയാണെന്ന് ബിമന്‍ ബസു പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 29 പേരും അതിനുശേഷം ഒമ്പതുപേരും കൊല്ലപ്പെട്ടു. ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. അക്രമവും ബൂത്തുപിടിത്തവും ചെറുത്ത് ഇടതുമുന്നണി വിജയിച്ച പഞ്ചായത്തുകളുടെ ഭരണം അട്ടിമറിക്കാനും ശ്രമമുണ്ട്.

സംസ്ഥാനത്തൊട്ടാകെ സ്ത്രീപീഡനം വ്യാപകമായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ മമത സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നില്ല. സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുന്നു. നിത്യോപയോഗസാധനങ്ങള്‍ ന്യായവില ഷോപ്പുകള്‍ വഴി വിതരണം നടത്തണമെന്നും രണ്ടു രൂപ നിരക്കില്‍ മാസം 35 കിലോ അരി നല്‍കണമെന്നും ബസു ആവശ്യപ്പെട്ടു.
(ഗോപി)

deshabhimani

No comments:

Post a Comment