Thursday, October 17, 2013

മിനിമം ചാര്‍ജ്: ദൂരം വെട്ടിക്കുറച്ചും റയില്‍വേയുടെ ചൂഷണം

കണ്ണൂര്‍: പാസഞ്ചര്‍ ട്രെയിനുകളില്‍ മിനിമം ചാര്‍ജില്‍ യാത്രചെയ്യാവുന്ന ദൂരപരിധി റെയില്‍വെ വെട്ടിക്കുറച്ചു. പാസഞ്ചറുകളില്‍ അഞ്ച് രൂപ മിനിമം ചാര്‍ജില്‍ നേരത്തെ 22 കിലോമീറ്റര്‍വരെ യാത്ര ചെയ്യാമായിരുന്നു. ഇത് 15 കിലോമീറ്ററായാണ് കുറച്ചത്. ഈ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. യാത്രനിരക്ക് വര്‍ധനക്കുപിന്നാലെയാണ് സ്ലാബില്‍ മാറ്റംവരുത്തിയും റെയില്‍വെ പകല്‍ക്കൊള്ള നടത്തുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ യാത്രനിരക്ക് രണ്ടുമുതല്‍ അഞ്ചുശതമാനം വരെ വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. ഇതോടൊപ്പമാണ് സ്ലാബ് മാറ്റി യാത്രക്കാരില്‍നിന്ന് ലക്ഷങ്ങള്‍ പിഴിയുന്നത്.

കണ്ണൂരില്‍നിന്ന് അഞ്ചുരൂപ ടിക്കറ്റില്‍ നേരത്തെ തെക്കോട്ട് തലശേരിവരെയും വടക്കോട്ട് പയ്യന്നൂര്‍ വരെയും യാത്ര ചെയ്യാമായിരുന്നു. പുതിയ സ്ലാബ് പരിഷ്കരണത്തോടെ ഇത് യഥാക്രമം ധര്‍മടവും പഴയങ്ങാടിയുമായി ചുരുങ്ങും. തലശേരിയിലേക്കും പയ്യന്നൂരിലേക്കുമുള്ള യാത്രക്ക് ഇനി പത്തുരൂപ ടിക്കറ്റ് എടുക്കണം. ഓരോ നഗരത്തില്‍നിന്നും തൊട്ടടുത്ത നഗരത്തിലേക്ക്പോകുന്നവരാണ് ഹ്രസ്വദൂര യാത്രക്കാരില്‍ ഭൂരിപക്ഷവും. ഇതില്‍ മഹാഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും മറ്റുമാണ്. കഴിഞ്ഞ വര്‍ഷവും സ്ലാബില്‍ മാറ്റം വരുത്തി കൂടുതല്‍ തുക ഈടാക്കിയിരുന്നു.

ദിവസേന ലക്ഷക്കണക്കിന് യാത്രക്കാര്‍ പാസഞ്ചര്‍ വണ്ടികളില്‍ യാത്രചെയ്യുന്നുണ്ട്. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ചാര്‍ജ് കൂട്ടിയതിനൊപ്പം നേരത്തെ സുരക്ഷാ സെസ്സിനത്തിലും ടിക്കറ്റിന് ഒരു രൂപ വര്‍ധിപ്പിച്ചു. ഇതിനൊക്കെ പുറമെ കൂപ്പണ്‍ വഴി ടിക്കറ്റെടുക്കുന്നവരുടെ ബോണസും നിര്‍ത്തലാക്കി. കൂപ്പണ്‍ നല്‍കി ടിക്കറ്റെടുക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ബോണസ് നേരത്തെ നല്‍കിയിരുന്നു. അഞ്ഞൂറ്, ആയിരം തുടങ്ങിയ സംഖ്യ മുന്‍കൂര്‍ അടച്ചായിരുന്നു കൂപ്പണ്‍ നല്‍കിയിരുന്നത്. എത്ര ദൂരം സഞ്ചരിക്കുന്നവര്‍ക്കും ഈ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത് നൂറ്റമ്പത് കിലോമീറ്ററായി പരിമിതപ്പെടുത്തി. മുമ്പ് റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് പയറ്റിയ അതേ തന്ത്രമാണ് ഇപ്പോള്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ആവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതിരുന്ന ലാലു മറ്റു വഴികളിലൂടെ യാത്രക്കാരെ പിഴിയുകയായിരുന്നു. സാധാരണ മെയില്‍/ എക്സ്പ്രസ് ട്രെയിനുകളാകെ അക്കാലത്ത് സൂപ്പര്‍ ഫാസ്റ്റുകളായി മാറി. റെയില്‍വെ അനുബന്ധ സേവനങ്ങളുടെ നിരക്കും കുത്തനെ വര്‍ധിപ്പിച്ചു.
(പി കെ ബൈജു)

deshabhimani

No comments:

Post a Comment