Monday, October 14, 2013

ശൈശവ വിവാഹം: യുഎന്‍ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ

ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന യുഎന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല. യോഗത്തില്‍ ഇന്ത്യ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ഒരു തരത്തിലും പ്രമേയത്തെ അനുകൂലിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ശൈശവ വിവാഹം വളരെ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എത്യോപ്യ, തെക്കന്‍ സുഡാന്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങി 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

ശൈശവ വിവാഹത്തിനെതിരെ രാജ്യാന്തര തലത്തില്‍ കൂട്ടായ്മ ഉയരുമ്പോഴാണ് ഇന്ത്യ പ്രമേയത്തെ എതിര്‍ത്തത്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തെ എതിര്‍ക്കുകയെന്നതാണ് യുഎന്‍ പ്രമേയത്തിന്റെ മുഖ്യലക്ഷ്യം. ബലം പ്രയോഗിച്ചുള്ള വിവാഹത്തെയയും പ്രമേയം എതിര്‍ക്കുന്നു. ഇന്ത്യയുടെ വിവാദ നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ഐക്യരാഷ്ട്രസഭാപ്രമേയത്തെ പിന്തുണയ്ക്കാത്തത് തെറ്റ്: മഹിളാ അസോസിയേഷന്‍

ശൈശവവിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാത്തത് അങ്ങേയറ്റം തെറ്റാണെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു. അല്‍പ്പമെങ്കിലും ജനാധിപത്യബോധവും പുരോഗമനസ്വഭാവവുമുള്ള ഏതു സര്‍ക്കാരും അംഗീകരിക്കേണ്ട പ്രമേയമാണ് ഇത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശവും പദവിയും നല്‍കണമെന്ന് പുരോഗമനവാദികളായ മുഴുവന്‍ മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. മനുഷ്യരാശിയുടെ സുസ്ഥിരതയ്ക്കും അന്തസ്സിനും ആവശ്യമാണിത്. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് തുല്യാവകാശം വാഗ്ദാനം ചെയ്യുന്നുണ്ട്. മത തീവ്രവാദികളുടെയും പുരുഷമേധാവിത്വപരമായ യാഥാസ്ഥിതികവാദികളുടെയും പിന്തുണ നഷ്ടപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാരിന്റെ ഈ പിന്തിരിപ്പന്‍ സമീപനം. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഇതിനെതിരെ ശക്തമായി എതിര്‍പ്പ് ഉയര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശൈശവവിവാഹം: പ്രമേയത്തില്‍ ഒപ്പുവയ്ക്കാത്തത് ലജ്ജാകരം- ഡിവൈഎഫ്ഐ

തിരു: ശൈശവ വിവാഹത്തിനെതിരെ ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഒപ്പുവയ്ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കമീഷനാണ് ശൈശവ വിവാഹത്തിനെതിരെയും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തിനെതിരെയുമുള്ള പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്. നൂറിലധികം രാഷ്ട്രങ്ങള്‍ ഈ സാമൂഹ്യ അനാചാരത്തെ എതിര്‍ത്തപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ നാണംകെടുത്തുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയില്‍ സ്വീകരിച്ചത്്. ജാതി-മത-വര്‍ഗീയ ശക്തിളെ പ്രീണിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി രാജ്യത്തെ പതിറ്റാണ്ടുകളോളം പിറകോട്ടുനയിക്കാനാണ് വഴിവയ്ക്കുക. രാജ്യത്തെ ഓരോ പൗരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഡിവൈഎഫ്ഐ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

deshabhimani

No comments:

Post a Comment