Monday, October 14, 2013

ഹ്രസ്വകാലത്തേക്ക് വായ്പാപരിധി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്‍സമ്മതം

അമേരിക്കയില്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ തുടരവെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. വരുന്ന പതിനേഴിനകം കടമെടുക്കല്‍പരിധി ഉയര്‍ത്താന്‍ യുഎസ് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക പാപ്പരാകും. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ദുരന്തം സംഭവിക്കാനിടയില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്. "ഒബാമകെയറി"ന്റെ പേരില്‍ ബജറ്റ് പാസാക്കാന്‍ വിസമ്മതിച്ച റിപ്പബ്ലിക്കന്മാര്‍ക്കെതിരെ അമേരിക്കയില്‍ ശക്തമായ ജനരോഷമുണ്ട്. രാജ്യത്തെ പാപ്പരാക്കുന്നതിലേക്കുകൂടി നയിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് വിലയിയിരുത്തല്‍. 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പാപരിധി കൂടുതല്‍ ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്മാര്‍ സഹകരിക്കുമെന്ന് ഒബാമയുമായുള്ള ചര്‍ച്ചയില്‍ അവര്‍ അറിയിച്ചു. എന്നാല്‍, ആറാഴ്ചത്തേക്ക് മാത്രം കടപരിധി ഉയര്‍ത്താമെന്നാണ് റിപ്പബ്ലിക്കന്മാരുടെ നിര്‍ദേശം. ബജറ്റ് പാസാക്കുന്നതില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കാന്‍ വീണ്ടും ഒബാമയ്ക്കുമേല്‍ സമ്മര്‍ദം തുടരാനുള്ള തന്ത്രമാണിതെന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ആറാഴ്ച കഴിഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു. റിപ്പബ്ലിക്കന്മാരുമായുള്ള ചര്‍ച്ചയില്‍ ഒബാമ സ്വന്തം നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ജനപ്രതിധിനി സഭയില്‍ സ്പീക്കറായ റിപ്പബ്ലിക്കന്‍ നേതാവ് ജോണ്‍ ബീനറുമായി ഒബാമ ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ച ക്രിയാത്മകമായിരുന്നെന്നും കൂടിയാലോചന തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പിന്നീട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ കണ്ട ഒബാമ അവരുടെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഓരോദിവസവും സ്ഥിതി മോശമാക്കുകയാണെന്നും ഇത് പരിഹരിക്കാനാണ് തങ്ങള്‍ക്കും ആഗ്രഹമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സ് പറഞ്ഞു.

ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെ ബജറ്റ് അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കന്മാര്‍ ശാഠ്യംപിടിച്ചതോടെയാണ് സാമ്പത്തിക വര്‍ഷാരംഭമായ ഒക്ടോബര്‍ ഒന്നുമുതല്‍ അമേരിക്ക "അടച്ചുപൂട്ടി"യത്. എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുന്നത്. ഇവരില്‍ പ്രതിരോധവകുപ്പിലെ ജീവനക്കാരോട് ഈ ആഴ്ച മുതല്‍ ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്നു. സ്റ്റാറ്റ്യൂ ഓഫ് ലിബര്‍ട്ടി അടക്കമുള്ള പാര്‍ക്കുകളും ദേശീയോദ്യാനങ്ങളും താല്‍ക്കാലികമായി തുറക്കാനും വഴിയൊരുങ്ങി. അതത് സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കാന്‍ രംഗത്തെത്തിയതോടെയാണിത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജി20 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രനാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷികയോഗത്തിന് മുന്നോടിയായാണ് ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും സമ്മേളിച്ചത്. ധനമന്ത്രി പി ചിദംബരം പങ്കെടുത്തു.

സാമ്പത്തിക പ്രതിസന്ധി ആഗോള മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡോ. എബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഎംഎഫ് മേധാവിയുടെ അഭിപ്രായ പ്രകടനം. അമേരിക്കന്‍ പ്രതിസന്ധിയെക്കുറിച്ച് ലോക ബാങ്ക് തലവന്‍ കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ഒബാമ കെയര്‍ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരില്‍ പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ടായതോടെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധിസംഘങ്ങള്‍ ബജറ്റ് പാസാക്കാന്‍ തയാറാവാതിരുന്നതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലായത്. കടമെടുക്കാന്‍ പ്രസിഡന്റിനുള്ള അധികാരം 17ന് അവസാനിക്കും. അത് കുറച്ചുകാലത്തേക്ക് നീട്ടിക്കൊടുക്കാമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധിസഭാംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും കുറച്ചുകലാത്തേക്ക് മാത്രമായി കടമെടുക്കല്‍ പരിധി നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

deshabhimani

No comments:

Post a Comment