Friday, October 25, 2013

ഡ്രോണ്‍ ആക്രമണം തുടരും: യുഎസ്

വാഷിങ്ടണ്‍: ഭീകരവേട്ടയുടെ പേരില്‍ സാധാരണക്കാരെ കൊന്നൊടുക്കുന്ന ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ആവശ്യം അമേരിക്ക തള്ളി. പൈലറ്റില്ലാവിമാനം (ഡ്രോണ്‍) ഉപയോഗിച്ചുള്ള "സൂക്ഷ്മമായ" ബോംബാക്രമണം "ഫലപ്രദവും" "നിയമവിധേയവു"മാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി ജെ കാര്‍ണെ പറഞ്ഞു. പാക് അതിര്‍ത്തി മേഖലയില്‍ തുടരുന്ന ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് ആവശ്യപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണങ്ങളിലൂടെ അമേരിക്ക നിയമവിരുദ്ധ കൊലപാതകം നടത്തുകയാണെന്നും ഇവ യുദ്ധകുറ്റകൃത്യമായി പരിഗണിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പും ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാനില്‍ അമേരിക്കയുടെ ഒമ്പത് ഡ്രോണ്‍ ആക്രമണത്തില്‍ 29 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി കണ്ടെത്തി. യെമനില്‍ യുഎസിന്റെ ആറ് ആക്രമണത്തില്‍ 57 സാധാരണക്കാരടക്കം 82 പേര്‍ കൊല്ലപ്പെട്ടെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പും കണ്ടെത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നും മരണം സബന്ധിച്ച് അമേരിക്കയുടെയും അതത് സര്‍ക്കാരുകളുടെയും കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും ജെ കാര്‍ണെ പ്രതികരിച്ചു. ഡ്രോണ്‍ ആക്രമണങ്ങളില്‍ സാധാരണക്കാരും ഇരകളാകാറുണ്ടെന്ന് മെയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ സമ്മതിച്ചിരുന്നു. പാകിസ്ഥാനില്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോംബിടാന്‍ ചില പാക് സംഘടനകളും ഓസ്ട്രേലിയ, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004നും 2013 സെപ്തംബറിനുമിടയില്‍ പാകിസ്ഥാനില്‍ അമേരിക്ക 374മുതല്‍ 330വരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പാക് സര്‍ക്കാരിന്റെയും പാക് സന്നദ്ധസംഘടനകളുടെയും കണക്കുകള്‍ ഉദ്ധരിച്ച് ആംനസ്റ്റി ചൂണ്ടിക്കാട്ടി. 400മുതല്‍ 900വരെ പാക് പൗരന്മാര്‍ കൊല്ലപ്പെട്ടു. 600 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഫ്രാന്‍സില്‍ ചാരപ്പണി : വാര്‍ത്ത ശരിയല്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഫ്രഞ്ച് പൗരന്മാരുടെ 70 കോടിയിലേറെ ഫോണ്‍വിളി അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തിയെന്നുള്ള ഫ്രഞ്ച് ദിനപത്രത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന അവകാശവാദവുമായി അമേരിക്ക രംഗത്ത് എത്തി. അമേരിക്കയുടെ ആഗോളചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡെന്‍ പുറത്തുവിട്ട രേഖകളെ അധികരിച്ചുള്ള വെളിപ്പെടുത്തല്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അമേരിക്കയുടെ ദേശീയ ഇന്റലിജന്‍സ് മേധാവി ജെയിംസ് ആര്‍ ക്ലാപര്‍ പ്രസ്താവന ഇറക്കി. വിവരം ചോര്‍ത്തലിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എല്ലാ രാജ്യവും ചെയ്യുന്നതുപോലെമാത്രമേ അമേരിക്കയും ചാരപ്പണി നടത്താറുള്ളു. രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള ചാരപ്പണിയാണ് നടത്തുന്നതെന്നും ക്ലാപര്‍ അവകാശപ്പെട്ടു. ഫ്രഞ്ച്ദിനപത്രം ലെ മൊണ്ടെയുടെ വെളിപ്പെടുത്തല്‍ അമേരിക്കയും ഫ്രാന്‍സും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് വാര്‍ത്ത നിഷേധിച്ച് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ രംഗത്തു വന്നത്. അമേരിക്ക ചാരപ്പണി നടത്തിയത് ഫ്രാന്‍സില്‍ വന്‍ ജനകീയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

യുഎസ് സ്ഥാനപതിക്ക് ജര്‍മനിയുടെ സമന്‍സ്

ബര്‍ലിന്‍: ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ഫോണ്‍ സംഭാഷണം ചാരപ്പണിയുടെ ഭാഗമായി ചോര്‍ത്തിയതിലുള്ള പ്രതിഷേധം അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ജര്‍മനി അറിയിക്കും. അമേരിക്കന്‍ ചാര ഏജന്‍സി വര്‍ഷങ്ങളോളം ആംഗലയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ജര്‍മന്‍ വിദേശമന്ത്രി ഗ്വിഡോ വെസ്റ്റര്‍വില്ലെ അമേരിക്കന്‍ സ്ഥാനപതി ജോണ്‍ ബി എമേഴ്സന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ സമന്‍സ് അയച്ചത്. അടുത്ത ബന്ധമുള്ള സുഹൃദ്രാഷ്ട്രങ്ങള്‍ തമ്മില്‍ ഇത്തരമൊരു നടപടി അസാധാരണമാണ്. അമേരിക്കയുടെ ആഗോളചാരപ്പണി സഖ്യരാജ്യങ്ങള്‍ക്കുപോലും അസഹനീയമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ജര്‍മന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സി ബിഎന്‍ഡിയും ഫെഡറല്‍ ഓഫീസ് ഫോര്‍ സെക്യൂരിറ്റി ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും നടത്തിയ അന്വേഷണത്തിലാണ് മെര്‍ക്കലിന്റെ ഫോണ്‍ അമേരിക്ക ചോര്‍ത്തുന്നതായി വെളിപ്പെട്ടത്. സംഭവത്തില്‍ അടിയന്തരവും സമഗ്രവുമായ വിശദീകരണം നല്‍കാന്‍ ജര്‍മനി അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ആംഗല മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ സംഭവം സത്യമാണെങ്കില്‍ ഒരുതരത്തിലും അംഗീകരിക്കാനാകാത്ത വിശ്വാസവഞ്ചനയാണെന്നും സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഇത്തരം ചാരപ്രവൃത്തി ഒരിക്കലും പാടില്ലെന്നും മെര്‍ക്കല്‍ ഒബാമയോടു പറഞ്ഞു. ജര്‍മനിയില്‍ നടത്തിയ ചാരപ്രവൃത്തിയുടെ മുഴുവന്‍ വിവരവും ധരിപ്പിക്കണമെന്നും അമേരിക്കയോട് ആവശ്യപ്പെട്ടതായി മെര്‍ക്കലിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അമേരിക്കയുടെ ചാരപ്പണി മുഖ്യ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പായി. യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദുമായി മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രഞ്ച് നയതന്ത്രവൃത്തങ്ങള്‍ പറഞ്ഞു. ജര്‍മനി തന്നെ ചാരപ്പണിക്ക് ഇരയായ പുതിയ സംഭവവികാസത്തോടെ അമേരിക്കക്കെതിരെ കടുത്ത വിമര്‍ശം ഉച്ചകോടിയില്‍ ഉയരും. വിവരസംരക്ഷണത്തിന് ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ഇയു എക്സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തു. പൗരന്മാരുടെ ഇ-മെയില്‍ ആയാലും ചാന്‍സലറുടെ മൊബൈല്‍ഫോണ്‍ ആയാലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഇയു നീതിന്യായ കമീഷണര്‍ വിവേന്‍റെഡിങ് പറഞ്ഞു. പ്രഖ്യാപനങ്ങളല്ല, പ്രവൃത്തിയാണ് ഇയു ഉച്ചകോടിയില്‍ ഉണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു. വിവരസംരക്ഷണനിയമം 28 അംഗ ഇയുവില്‍ അഭിപ്രായഭിന്നതയെ തുടര്‍ന്ന് പാസാക്കാനായിട്ടില്ല.

deshabhimani

No comments:

Post a Comment