Thursday, October 17, 2013

പുടവകൊടയ്ക്കു കുളിക്കാത്ത പുരുഷോത്തമനുണ്ടോ പുലകുളിക്കുക!

പുരുഷോത്തമന്‍ ഒരിക്കലും കുളിക്കാറേയില്ല. പണ്ടെങ്ങോ കിടാവായിരുന്നപ്പോള്‍ പാളയില്‍ കിടത്തി തന്നെ അമ്മ കുളിപ്പിച്ചതും പുരുഷോത്തമന് ഓര്‍മ്മയില്ല. വയലില്‍ പണികഴിഞ്ഞ് ദേഹമാസകലം ചെളിപുരണ്ടു വരുന്ന അയാളോട് ആരെങ്കിലും ഒന്നു കുളിക്കാന്‍ പറഞ്ഞാല്‍ നാലഞ്ചുദിവസം കുടി പാടത്തു പണിയുണ്ടല്ലോ. അതു കഴിയട്ടെ എന്നാകും നിസംഗതയോടെ മറുപടി!

പുരുഷോത്തമനു കല്യാണാലോചനയായി. കുളിച്ചിട്ടേ പെണ്ണുകാണാന്‍ പോകാവൂ എന്ന് അമ്മയുടെ വാശി. ഒടുവില്‍ സമ്മതിച്ചു. ഒരു ബക്കറ്റ് വെള്ളമെടുത്ത് തലവഴി താഴേയ്ക്കു ഒരു ഡ്രെയിനേജ് പരിപാടി! പിന്നെ ഒരു തുടയ്ക്കല്‍. ദോഷം പറയരുതല്ലോ. പുരുഷോത്തമന്‍ എന്നും മുഖം കഴുകും. അരോഗദൃഢഗാത്രനും ആജാനുബാഹുവുമായ ചെക്കനെ പെണ്ണിനു നന്നേ ബോധിച്ചു. കല്യാണ നാളില്‍ പുരുഷോത്തമനെ ഒന്നു കുളിപ്പിച്ചെടുത്ത് പ്രതിഛായ മിനുക്കാന്‍ വീട്ടുകാരും കരക്കാരും നടത്തിയ പ്രയത്‌നമൊക്കെ പാളി. ഒടുവില്‍ പുത്തനുടുപ്പുമിട്ട് പുരുഷോത്തമന്‍ പുടവ കൊടുക്കാന്‍ പോയി.
കല്യാണം കഴിഞ്ഞു മണവാട്ടിയുമായി മടങ്ങിയെത്തിയശേഷം ചിലര്‍ മനസില്‍ മന്ത്രിച്ചു; ഇങ്ങിനെയും ഒരു ജന്മം! കുറേനാള്‍ കഴിഞ്ഞ് പുരുഷോത്തമന്റെ അമ്മ നാടുനീങ്ങി. പതിനാറാം നാളില്‍ മൂത്ത പുത്രനായ പുരുഷോത്തമന്‍ ആചാരമനുസരിച്ച് പുലകുളിക്കേണ്ടതാണ്. പക്ഷേ ഒരു കുലുക്കവുമില്ലാതെ പുരുഷോത്തമന്‍ പറഞ്ഞു; എനിയ്ക്ക് കുളിക്കേണ്ട! കേട്ടു നിന്നു കരപ്രമാണിയുടെ പരിഹാസം. 'പുടവ കൊടയ്ക്കു കുളിക്കാത്ത പുരുഷോത്തമനുണ്ടോ പുലകുളിക്ക് കുളിക്കുന്നു~!'

പ്രമാണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയത് കേരളത്തിലെ കോണ്‍ഗ്രസിലെ തമ്മില്‍ പടയ്ക്ക് തീര്‍പ്പാക്കാന്‍ നടക്കുന്ന ചിരിച്ചു മണ്ണുകപ്പിപോകുന്ന സീനുകള്‍ക്കിടയിലെ ഷോര്‍ട്ട് ബ്രേക്കുകളാണ്. മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യന്റെ സാന്നിധ്യത്തില്‍ ആര്യാടന്‍ - തിരുവഞ്ചൂര്‍ വാക്പയറ്റ് കയ്യാങ്കളിയുടെ വക്കത്തേക്ക്, അവരെ പിടിച്ചു മാറ്റാന്‍ മറ്റു കുറേ മന്ത്രിമാര്‍, എല്ലാം കണ്ടും കേട്ടും മൗനിബാബയായി ഉമ്മന്‍ചാണ്ടി, വിരട്ടാന്‍ നോക്കിയാല്‍ വിരട്ടല്‍ പഠിപ്പിച്ചു കളയുമെന്ന് തിരുവഞ്ചൂരിനോട് ചീഫ്‌വിപ്പ് പി സി ജോര്‍ജ്, ഐ ഗ്രൂപ്പിനെതിരേ പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിലേക്ക് ദേശാടനപക്ഷികളെപ്പോലെ പറക്കുന്ന മറ്റൊരു ചെറിയ ഇടവേള, രമേശ് ചെന്നിത്തലയുടെ പൊതുപരിപാടികള്‍ ബഹിഷ്‌കരിച്ചുകൊണ്ട് എ ഗ്രൂപ്പിന്റെ നാടകത്തിനുള്ളിലെ നാടകം. എ ഗ്രൂപ്പിനെതിരേ കൊമ്പും കുഴലുമായി മുരളീധരന്‍. ആര്യാടന് തനി പിരാന്തെന്ന് ലീഗ്, പി സി ജോര്‍ജിനെ ആമത്തിലിട്ട് ചികിത്സിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്, ഹരം കൊള്ളിക്കുന്ന രംഗങ്ങളാല്‍ രാഷ്ട്രീയ കേരളത്തെ ധന്യമാക്കുന്ന കോണ്‍ഗ്രസും കൂട്ടുകക്ഷികളും.

സാക്ഷാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാജിയുടെ ദര്‍ശനം കൊണ്ട് ഒററക്കെട്ടാവുമെന്ന് രമേശ് പ്രഖ്യാപിച്ചപ്പോള്‍ ചിലതെല്ലാം നടക്കുമെന്ന് ദേവികയ്ക്ക് തോന്നിപ്പോയി. പക്ഷേ ചിലതെല്ലാം നടന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ പൂതപ്പാട്ടും തെറിപ്പാട്ടും കിരാത -കത്തിവേഷങ്ങളും കണ്ട് സോണിയ ഓടിയ വഴിയില്‍ ഇനി ഭൂമിമലയാളമുള്ള കാലത്തോളം ഒരു പുല്‍നാമ്പുപോലും കിളിര്‍ക്കില്ല!
ഇത്രയും കഴിഞ്ഞപ്പോഴാണ് പിന്നെയും രമേശിന്റെ ഭീഷണി, വീരപ്പമൊയ്‌ലിയും മുകുള്‍വാസ്‌നിക്കും വരുന്നുണ്ട്. എല്ലാം മംഗളമാകും. അതു പറഞ്ഞു തീരും മുമ്പ് പിന്നെയും കൂട്ടയടി. സോണിയ വന്നിട്ടു നടക്കാത്ത കാര്യമാണോ മൊയ്‌ലിയും മുകുളും ചേര്‍ന്ന് പരിഹരിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ചോദിച്ചു. മൊയ്‌ലിയും വാസ്‌നിക്കും കൂടിയാലോചിച്ചു. നമ്മള്‍ അവിടെ ചെന്നാല്‍ കോണ്‍ഗ്രസുകാര്‍ നമ്മെ ഈഞ്ചപ്പരുവമാക്കും. അതുകൊണ്ട് നമുക്ക് കേരള സന്ദര്‍ശനമേ വേണ്ട എന്ന കൂട്ടായ തീരുമാനം. ഇതെല്ലാം കണ്ടപ്പോഴാണ് 'പുടവ കൊടയ്ക്കു കുളിക്കാത്ത പുരുഷോത്തമനുണ്ടോ അമ്മയുടെ പുലകുളി കുളിക്കുന്നത്' എന്ന പണ്ടത്തെ കരപ്രമാണിയുടെ പരിഹാസം ഓര്‍ത്തുപോയത്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തെന്നും മൊഴിയെടുത്തെന്നും അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ ബോധിപ്പിച്ചെന്നു കേട്ടപാടെ മാധ്യമങ്ങള്‍ എടുത്തുചാടി ചോദ്യം ചെയ്യല്‍ കൊണ്ടാടിയതു കണ്ടപ്പോള്‍ അന്തം പറിഞ്ഞുപോയി. കുളം എത്ര ആസനം കണ്ടിരിക്കുന്നു, ആസനം എത്ര കുളം കണ്ടിരിക്കുന്നുഎന്നപോലെയല്ലേയുള്ളൂ ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യല്‍! പാമോയില്‍ അഴിമതി, ടൈറ്റാനിയം കുംഭകോണം തുടങ്ങിയ എത്രയെത്ര ചോദ്യം ചെയ്യലുകള്‍. ഇനി ഫയാസിന്റെ കേസിലും ചോദ്യം ചെയ്യലിന് റെഡിയായി നില്‍പ്പാണ് മുഖ്യമന്ത്രി. ചോദ്യം ചെയ്യാന്‍ വരുന്ന ഹേമചന്ദ്രന്‍ ഏമാനടക്കമുള്ളവര്‍ മുട്ടുകുത്തി നിന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന ശൈലിയിലോ അള്‍ത്താരമുന്നില്‍ കുര്‍ബാന കൈക്കൊള്ളുന്നതു പോലെയോ ഉമ്മന്‍ചാണ്ടിയെ ഭയഭക്ത്യാദര പുരസരം ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കലില്‍ ഒരു 'ചാണ്ടിയന്‍ യുഗ'വും പിറന്നു!

ഭരണ - രാഷ്ട്രീയവും ക്രിമിനലുകളും അരങ്ങു വാഴുന്നതിനിടയില്‍ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചില വര്‍ഗസമരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മെ ആവേശം കൊള്ളിക്കുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ അമ്പലങ്ങളിലെ വെളിച്ചപ്പാടുകള്‍ വാളും ചിലമ്പുമായി ജീവന്മരണ സമരത്തിനിറങ്ങുന്നു. ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നിട്ട് ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ നാലുവര്‍ഷമായി. പക്ഷേ ഇതുവരെ വെളിച്ചപ്പാടുകളുടെ ശമ്പളവര്‍ധനയെക്കുറിച്ച് മിണ്ടാട്ടമില്ല. അങ്ങനെ സമരമെങ്കില്‍ സമരം തന്നെ എന്ന മട്ടിലാണ് വെളിച്ചപ്പാടുകളുടെ പുറപ്പാട്. എങ്കിലും ഒരപേക്ഷയുണ്ട്. നിര്‍മ്മാല്യം സിനിമയിലെ വെളിച്ചപ്പാടായ പി ജെ ആന്റണി ചെയ്ത മട്ടില്‍ സമരം മൂക്കുമ്പോള്‍ നെറ്റിയില്‍ വാള്‍ പ്രയോഗം നടത്തുന്ന സാഹസമൊന്നും കാട്ടിക്കളയരുതേ!

സ്ത്രീശാക്തീകരണം കാണണമെങ്കില്‍ നമ്മുടെ മലയാളി മങ്കമാര്‍ കര്‍ണാടകയിലെ ഗോകര്‍ണേശ്വരത്തേക്ക് ചെല്ലുക, പൂജാകര്‍മ്മങ്ങള്‍ ബ്രാഹ്മണരുടേയും പുരുഷന്മാരുടേയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച പെണ്ണുകള്‍ നടത്തി വന്ന പ്രക്ഷോഭത്തിന് പരിസമാപ്തി. രണ്ടു പെണ്ണുകള്‍ ഈ മാസം ആദ്യം ക്ഷേത്രത്തിലെ പൂജാരിമാരായി ചുമതലയേറ്റു. വാദ്യഘോഷങ്ങളോടെ അവരെ വരവേറ്റ് ശ്രീകോവിലിലേയ്ക്കും ശ്രീലകത്തേയ്ക്കും ആനയിക്കുന്നത് ഒന്നു കാണേണ്ടതായിരുന്നു. 'ബ്രഹ്മജ്ഞാനേഷു ബ്രാഹ്മണ' എന്നും 'നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നും പറഞ്ഞവരോട് പോകാന്‍ പറ.
അതേസമയം രാജസ്ഥാനിലെ ക്ഷേത്രങ്ങളില്‍ പൂജാരിണികള്‍ക്ക് വന്‍ ഡിമാന്‍ഡ് എന്ന വാര്‍ത്തയും പൊട്ടിവീഴുന്നു. ആകെ പെണ്ണുങ്ങളായ പൂജാരികളുടെ ഒരു പൂക്കാലം!

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനലൂര്‍ മദ്യദുരന്തത്തില്‍ മരിച്ചവരിലൊരാള്‍ ഒരു ജ്യോത്സ്യനായിരുന്നു. പട്ടണത്തില്‍ വഴിവക്കില്‍ കുഴിച്ചിട്ട വര്‍ണകുടയ്ക്ക് കീഴിലിരുന്നു നക്ഷത്രങ്ങളെയും സാക്ഷിയാക്കി നാട്ടാരുടെ ഫലം പറയും. ഇടയ്ക്കിടെ സഞ്ചിച്ചാരായം മോന്തും. ഒരുനാള്‍ അകത്താക്കിയതു വിഷമദ്യം. മാലോകരുടെ ഭാവി പ്രവചിച്ച ജ്യോത്സ്യന്‍ തന്റെ ഭാവി പ്രവചിക്കാനാവാതെ വിഷച്ചാരായമടിച്ചു വടിയായി!

റാഞ്ചിയില്‍ ബിര്‍സാമുണ്ടാ സെന്‍ട്രല്‍ ജയിലില്‍ മൂട്ട കടിയേറ്റും ഗോതമ്പുണ്ട തിന്നും അഴികളെണ്ണുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും മുന്‍കേന്ദ്ര റയില്‍മന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ ദയനീയാവസ്ഥ കേട്ടപ്പോള്‍ പുനലൂരിലെ പരലോക പ്രാപ്തനായ ജ്യോത്സ്യനെ ഓര്‍ത്തുപോയെന്നു മാത്രം. പുള്ളിക്കാരന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദമുണ്ടെന്നാണ് കേള്‍വി. റയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ എന്ന ബഹുമതിയും ചാര്‍ത്തിക്കിട്ടി. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ചെന്ന് സ്വയം അവരോധിത മാനേജ്‌മെന്റ് വിദഗ്ധനായി ക്ലാസെടുത്തുകളഞ്ഞു.

ഇപ്പോള്‍ അദ്ദേഹം സഹജയില്‍ പുള്ളികള്‍ക്ക് രാഷ്ട്രമീമാംസയിലും മാനേജ്‌മെന്റിലും ക്ലാസെടുക്കാന്‍ പോകുന്നു. ഒരാളിന് ഒരുദിവസം 25 രൂപയേ ഫീസുള്ളൂ. താന്‍ പഠിച്ച ഈ വിഷയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ മൂട്ടകടി കൊള്ളേണ്ടിവരുമായിരുന്നോ! പക്ഷേ ലാലു പണ്ട് പഠിച്ചത് കുരാഷ്ട്രമീമാംസയും മിസ്മാനേജുമെന്റുമെന്ന് ശത്രുക്കള്‍ പറയുന്നു. സഹപുള്ളികളെ കൊടുംക്രിമിനലുകളാക്കാനാണ് ലാലുവിന്റെ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മറ്റൊരു കൂട്ടര്‍, എന്തു പറയാന്‍! 'ഒന്നിന്നുമില്ലനില ഉന്നതമായ കുന്നും എന്നല്ല ആഴിയുമൊരിക്കല്‍ നശിച്ചുപോകാം' എന്നല്ലേ പ്രമാണം!

ദേവിക janayugom

2 comments:

  1. ഒന്നിന്നുമില്ലനില ഉന്നതമായ കുന്നും എന്നല്ല ആഴിയുമൊരിക്കല്‍ നശിച്ചുപോകാം

    ReplyDelete
  2. >>മാലോകരുടെ ഭാവി പ്രവചിച്ച ജ്യോത്സ്യന്‍ തന്റെ ഭാവി പ്രവചിക്കാനാവാതെ വിഷച്ചാരായമടിച്ചു വടിയായി! << :)

    ReplyDelete