Thursday, October 17, 2013

സോണിയയ്ക്ക് രോഗമെന്ന് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ്

ലക്‌നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ രോഗിയായി ചിത്രീകരിച്ച് ലക്‌നൗവില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ പേരില്‍ അലഹബാദിലെ  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു പി കോണ്‍ഗ്രസ് കമ്മിറ്റി നോട്ടീസ് നല്‍കി.  ഉത്തര്‍ പ്രദേശിലെ ഫൂല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളിലാണ് സോണിയയെ രോഗിയാക്കിയത്.

'അമ്മയ്ക്ക് മിക്കപ്പോഴും അസുഖമാണ്. സഹോദരനമാണെങ്കില്‍ കനത്ത ജോലിഭാരവും. പ്രിയങ്ക ഫൂല്‍പൂരില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനുവേണ്ടി പ്രചരണം നടത്തിയാല്‍ പാര്‍ട്ടി കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തിലെത്തും' എന്നതാണ് ബോര്‍ഡിലെ വാചകം.

സംഭവം വിവാദമായതിനെതുടര്‍ന്ന് ഫൂല്‍പൂര്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ഹസീബ് അഹ്മദിനും ,പ്രദേശിക നേതാവ് സരീഷ് ചന്ദ്ര ദുബൈക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് മാധ്യമങ്ങളെ അറിയിച്ചു.  കോണ്‍ഗ്രസ് പ്രസിഡന്റിനെയും പ്രിയങ്ക ഗാന്ധിയെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച  സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫൂല്‍പൂര്‍. ഇതിനിടെ കഴിഞ്ഞ ദിവസം അലഹബാദിലും പ്രിയങ്കയെ സ്ഥാനര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫള്ക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

janayugom

No comments:

Post a Comment