Tuesday, October 22, 2013

അധ്യാപക തസ്തികകള്‍ക്ക് ധനവകുപ്പിന്റെ വിലക്ക്

സംസ്ഥാനത്ത് സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ വിലക്ക്. സ്കൂളുകളില്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായെങ്കിലും തസ്തിക നിര്‍ണയം നീളുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാത്തതാണ് ധനവകുപ്പിന്റെ എതിര്‍പ്പിന് പ്രധാന കാരണം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1:30 അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിര്‍ണയിക്കേണ്ടത്. നിലവില്‍ 1:40 ആണ് മാനദണ്ഡം. 1:30 കണക്കാക്കിയാല്‍ ഏഴായിരം അധിക തസ്തിക സൃഷ്ടിക്കേണ്ടിവരും. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഇത് സാധ്യമല്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. തസ്തികാ നിര്‍ണയത്തിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുമില്ല.

2010-നുശേഷം സംസ്ഥാനത്ത് സ്കൂള്‍ അധ്യാപകരുടെ തസ്തിക നിര്‍ണയം നടന്നിട്ടില്ല. എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള അധ്യാപകര്‍ രാജിവയ്ക്കുകയോ വിരമിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ പകരം നിയമനത്തിന് സാധുത നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് എയ്ഡഡ് മേഖലയില്‍ നിയമനം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ പിഎസ്സി മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഏതാനും ഒഴിവുകളില്‍ മാത്രമാണ് നിയമനം നടന്നത്. അധ്യാപക ഒഴിവുകള്‍ നികത്താത്തത് സ്കൂളുകളുടെ പഠന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. തസ്തിക അനുവദിച്ചില്ലെങ്കിലും എയ്ഡഡ് മാനേജ്മെന്റുകള്‍ വന്‍ തുക കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്നു. ഇവര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളമില്ല. 180 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍പി സ്കൂളുകളിലും 200ന് മുകളിലുള്ള യുപിയിലും പ്രധാനാധ്യാപകരെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഒഴിവുകളിലും മാനേജര്‍മാര്‍ കാശുവാങ്ങി നിയമനം നടത്തി. ധനവകുപ്പ് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഇവരുടെയെല്ലാം ഭാവി അനശ്ചിതത്വത്തിലാകും. 1:30 അനുസരിച്ച് തസ്തിക നിര്‍ണയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക എയ്ഡഡ് മേഖലയ്ക്കാണ്. ആകെയുള്ള ഏഴായിരത്തില്‍ 5000-വും ഈ മേഖലയിലാണ്. ഇതില്‍ ഭൂരിഭാഗവും കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് കീഴിലെ സ്കൂളുകളിലും. ഇത്രയും പേര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതിന് പകരം നിലവില്‍ ജോലി നഷ്ടപ്പെട്ട് പുറത്തുനില്‍ക്കുന്ന എയ്ഡഡ് അധ്യാപകരെ ഏറ്റെടുത്താല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. നിശ്ചിത അനുപാതം കണക്കാക്കി തസ്തികകള്‍ സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇതിന് മാനേജ്മെന്റുകള്‍ വഴങ്ങിയിട്ടില്ല. സ്കൂളുകള്‍ അടച്ചിട്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നാണ് അവരുടെ ഭീഷണി. മാനേജ്മെന്റുകളെ പിണക്കാനും സര്‍ക്കാരിന് താല്‍പ്പര്യമില്ല.
(സി പ്രജോഷ്കുമാര്‍)

deshabhimani

No comments:

Post a Comment