Tuesday, October 22, 2013

ഭരണം മോശം; കുറ്റം കലക്ടര്‍മാര്‍ക്ക്

തമ്മിലടിയും കെടുകാര്യസ്ഥതയും അഴിമതിയുംമൂലം ഭരണം മോശമായതിന്റെ പഴി കലക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും.സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ കലക്ടര്‍മാര്‍ പരാജയപ്പെട്ടെന്നാണ് കലക്ടര്‍മാരുടെയും വകുപ്പുതലവന്മാരുടെയും വാര്‍ഷിക അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ വിമര്‍ശം. ചില ജില്ലകളില്‍ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും നിര്‍ജീവമാണെന്നുവരെ എത്തി കുറ്റപ്പെടുത്തലുകള്‍. വികസനരംഗത്ത് മരവിപ്പ് രൂക്ഷമാണ്. പദ്ധതിനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. നികുതിപിരിവില്‍ മുമ്പില്ലാത്തവിധം പിന്നോട്ടടിയാണ് ഉണ്ടായിരിക്കുന്നതെന്നും യോഗം വിലയിരുത്തി.

സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും പ്രശ്നം സൃഷ്ടിക്കുന്നതായി ചില കലക്ടര്‍മാര്‍ പറയാതെ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനപദ്ധതികള്‍ സംസ്ഥാനത്ത് എങ്ങുമെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2009നുശേഷമുള്ള വിദ്യാഭ്യാസവായ്പ കുടിശ്ശിക തിരിച്ചടയ്ക്കുന്നതുസംബന്ധിച്ച തീരുമാനം നടപ്പാക്കാന്‍ കലക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ കലക്ടര്‍മാര്‍ നേരിട്ട് ഇടപെടണമെന്ന് ധനമന്ത്രി കെ എം മാണി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രതിച്ഛായ കലക്ടര്‍മാര്‍ വഴിയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്ന് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ പറഞ്ഞു. കെ എം മാണിക്കുപുറമേ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്, കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, അനൂപ് ജേക്കബ് എന്നിവര്‍മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം ചൊവ്വാഴ്ച അവസാനിക്കും.

deshabhimani

1 comment:

  1. ഇങ്ങനെ പറഞ്ഞിട്ടുന്റെങ്ങിൽ യു ആർ രൈഇറ്റ്

    ReplyDelete