Tuesday, October 8, 2013

ആന്ധ്രയില്‍ നിരോധാജ്ഞ; ചന്ദ്രബാബു നായിഡു നിരാഹാരം തുടങ്ങി

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തിങ്കളാഴ്ച്ച നിരാഹാര സമരം തുടങ്ങി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ.എസ് ജഗ്മോഹന്‍ റെഡ്ഡിയുടെ നിരാഹാര സമരം തുടരുകയാണ്. തെലങ്കാന രൂപവത്ക്കരണത്തിനെതിരെ അന്ധ്രയില്‍ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദ് സീമാന്ധ്രയെ ദുരിതത്തിലാഴ്ത്തി. തെലങ്കാന രൂപവത്ക്കരണത്തിനെതിരെ സീമാന്ധ്ര പ്രദേശത്ത് നടക്കുന്ന സമരം പലതവണ അക്രമാസക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആന്ധ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്നങ്ങളേറെയുണ്ടായ വിജയനഗരത്തില്‍ സമരാനുകൂലികളെ കണ്ടാലുടനെ വെടിവെക്കാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. പ്രതിഷേധം ആന്ധ്രയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. പതിനഞ്ച് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ കര്‍ഫ്യൂ തുടരുകയാണ്.

തെലങ്കാന: മന്ത്രിമന്ദിരങ്ങള്‍ ആക്രമിച്ചു

ഹൈദരാബാദ്/ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. റായലസീമയിലും സീമാന്ധ്രയിലും കൂടാതെ പ്രക്ഷോഭം ഹൈദരാബാദിലേക്കും വ്യാപിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്ത സമരക്കാരെ പൊലീസ് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ് ചെയ്തു.

സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാര്‍ ഞായറാഴ്ച തുടങ്ങിയ പണിമുടക്ക് ശക്തമായതോടെ സംസ്ഥാനത്തിന്റെ പകുതിഭാഗം ഇരുട്ടിലായി. തിങ്കളാഴ്ച നിരവധി തീവണ്ടി സര്‍വീസുകള്‍ മുടങ്ങി. വിശാഖപട്ടണത്ത് കേന്ദ്രമന്ത്രി ഡി പുരന്ദരേശ്വരിയുടെ ക്യാമ്പ് ഓഫീസ് അക്രമിക്കാനുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത സമരക്കാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. പ്രക്ഷോഭകര്‍ സംസ്ഥാന മന്ത്രി ഗണ്ട ശ്രീനിവാസ റാവുവിന്റെ വീടാക്രമിച്ചു. മന്ത്രിമാരുടെ വീടുകള്‍ക്കുമുന്നില്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.

കേന്ദ്രമന്ത്രി പള്ളം രാജുവിന്റെ രാജി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജുവിന്റെ കാക്കിനടയിലെ വീടിനുമുന്നില്‍ ധര്‍ണ നടത്തി. കാക്കിനട രംഗരായ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും ജീവനക്കാരും കേന്ദ്രമന്ത്രിമാരുടെ കോലത്തില്‍ പ്രതീകാത്മക പോസ്റ്റ്മോര്‍ട്ടം നടത്തി. കഴിഞ്ഞ ദിവസം ബന്ദിനിടെ സമരം ചെയ്യുന്നവരെ ആക്രമിച്ച അമലപുരം എംപി ജി ഹര്‍ഷകുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അഭിഭാഷകരും ഡോക്ടര്‍മാരും റാലി നടത്തി. സമൈക്യ ആന്ധ്രസമിതി നേതൃത്വത്തില്‍ തിങ്കളാഴ്ച കൃഷ്ണ ജില്ലയില്‍ കേന്ദ്രമന്ത്രിമാരുടെ കോലം കത്തിച്ചു. തിരുപ്പതിയില്‍ അധ്യാപകരും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും കേന്ദ്രമന്ത്രിമാരുടെ കോലവുമായി "ശവഘോഷയാത്ര" നടത്തി. നെല്ലൂരില്‍ സംസ്ഥാനമന്ത്രി അനം രാമനാരായണ്‍ റെഡ്ഡിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയവരെ അറസ്റ്റ് ചെയ്തു. കഡപ്പയില്‍ വിദ്യാര്‍ഥികളെ ലാത്തി വീശി. ജീവനക്കാര്‍ 20വരെ പുതിയ സമരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയല്ലാതെ മറ്റാരുമായും ചര്‍ച്ചയ്ക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ജീവനക്കാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിര്‍മാണ-വിതരണ തൊഴിലാളികളുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സീമാന്ധ്രയിലും റായലസീമയിലും ഹൈദരാബാദിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 13 ജില്ല ഇരുട്ടിലായി. 6090 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള താപനിലയത്തില്‍നിന്ന് തിങ്കളാഴ്ച 2990 മെഗാവാട്ട് വൈദ്യുതിമാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ജലവൈദ്യുത പദ്ധതികളിലും ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. വാതകനിലയങ്ങളില്‍ ഉല്‍പ്പാദനം മുടങ്ങി. വരും ദിവസങ്ങളില്‍ ഇത് അങ്ങേയറ്റം രൂക്ഷമാകുമെന്ന് വൈദ്യുതിവകുപ്പ് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

വിഭജനത്തിനെതിരെ തെലുങ്കുദേശം പാര്‍ടി നേതാവ് ചന്ദ്രബാബുനായിഡു ഡല്‍ഹിയില്‍ സത്യഗ്രഹം തുടങ്ങി. ഹൈദരാബാദില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ നായിഡു രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ജന്തര്‍ മന്ദറില്‍ സത്യഗ്രഹമിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, അവസാനനിമിഷം സത്യഗ്രഹം ആന്ധ്രഭവനിലേക്ക് മാറ്റി. ആന്ധ്രപ്രദേശിനെവച്ച് കോണ്‍ഗ്രസ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് നായിഡു ആരോപിച്ചു.

സമരത്തിനിടെ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കംബദൂര്‍ ചേന്നംപള്ളിയില്‍നിന്നുള്ള സുഗലി മല്ലികാര്‍ജുന്‍(30) ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ അനന്തപുര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

deshabhimani

No comments:

Post a Comment