Tuesday, October 8, 2013

കെഎസ്ആര്‍ടിസി കമ്പനിയാക്കുന്നു

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ കമ്പനിയാക്കുന്നു. ഒറ്റ കമ്പനിയായോ, മേഖല തിരിച്ച് അഞ്ച് കമ്പനിയായോ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. ഇതിനായുള്ള ആലോചന മന്ത്രിതലത്തില്‍ തുടങ്ങി. പ്രത്യേക കമ്പനി രൂപീകരിച്ചില്ലെങ്കില്‍ 1000 പുതിയ ജന്‍റം ബസുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് മറയാക്കിയാണ് കോര്‍പറേഷനെ കമ്പനിയാക്കാന്‍ നീക്കം.

കമ്പനി രൂപീകരണത്തോടെ കോര്‍പറേഷന്‍ സേവന മേഖലയില്‍നിന്നുമാറി വ്യവസായമാകും. നിലവില്‍ നല്‍കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും നിലയ്ക്കും. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ അനിശ്ചിതത്വത്തിലാകും. മുന്‍ യുഡിഎഫ് സര്‍ക്കാരുകളെല്ലാം നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത്. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാടും കമ്പനിവല്‍ക്കരണ നീക്കത്തിന് വേഗം പകര്‍ന്നു. കെഎസ്ആര്‍ടി കമ്പനി എന്ന പേരില്‍ ഒറ്റ കമ്പനിയോ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് മേഖലകളില്‍ പ്രത്യേക കമ്പനികളോ രൂപീകരിക്കലാണ് ലക്ഷ്യം. നിലവില്‍ 1550 കോടി രൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത. ആസ്തിമൂല്യം 500 കോടിയില്‍ താഴെയും. കമ്പനിവല്‍ക്കരണത്തോടെ ആസ്തി പുനര്‍നിര്‍ണയിക്കാം. വിപണി വിലയ്ക്കനുസരിച്ച് ആസ്തി മൂല്യനിര്‍ണയം നടത്തുക വഴി കൂടുതല്‍ കടമെടുക്കാനാകും. ഇതിലൂടെ മൂലധന ലഭ്യത ഉറപ്പാക്കാനാകുമെന്ന ഉപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കാനാവില്ലെന്ന നിലപാട് ധനവകുപ്പ് സ്വീകരിച്ചതോടെയാണ് ഗതാഗതവകുപ്പും കമ്പനിവല്‍ക്കരണത്തിന് അനുകൂലിക്കുന്നത്. കമ്പനി രൂപീകരണത്തോടെ കോര്‍പറേഷന്റെ സേവനങ്ങളെല്ലാം നിലയ്ക്കും. കമ്പനിയുടെ ലക്ഷ്യം ലാഭം മാത്രമാവും. യാത്രാ സൗജന്യം ഇല്ലാതാകും. അതിവിദൂര ഗ്രാമീണ മേഖലയിലടക്കമുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാതാകും. ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബസ് ജീവനക്കാരുടെ ന്യായ വേതനത്തിന് ആനൂപാതികമായി ക്രമപ്പെടുത്തും.

പെന്‍ഷന്‍ ഫണ്ട് രൂപീകരണമാണ് ആലോചനയിലുള്ള മറ്റൊരു വിഷയം. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫണ്ടിന് ആനുപാതികമായ പെന്‍ഷന്‍ നല്‍കാനാണ് ആലോചന. 1982 മുതല്‍ തുടങ്ങിയതാണ് ഗതാഗത മേഖലയില്‍ കമ്പനിവല്‍ക്കരണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ ശ്രമം. വയനാടന്‍ കമ്പനി എന്ന പേരില്‍ വയനാടന്‍ മേഖലയില്‍ ഗതാഗത സൗകര്യമൊരുക്കാന്‍ അന്ന് ധനമന്ത്രി കെ എം മാണി 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചു. ജീവനക്കാരുടെ സമരം ശക്തമായപ്പോള്‍ പിന്മാറി. 1984-ല്‍ ഏഴ് കമ്പനികളുടെ രൂപീകരണമെന്ന നിര്‍ദേശംവന്നു. 1985-ല്‍ അഞ്ച് കമ്പനി രൂപീകരണ നിര്‍ദേശം വന്നു. ജീവനക്കാരുടെ പണിമുടക്ക് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ നിര്‍ദേശം പിന്‍വലിച്ചു. 1993-ല്‍ കെഎസ്ആര്‍ടി കമ്പനി രൂപീകരണവുമായി ഗതാഗത മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള മുന്നിട്ടിറങ്ങി. എറണാകുളത്ത് രജിസ്ട്രേഷനും നടത്തി. എന്നിട്ടും പരാജയപ്പെട്ടു.
(ജി രാജേഷ് കുമാര്‍)

deshabhimani

No comments:

Post a Comment