Tuesday, October 8, 2013

വൈദ്യുതി ബോര്‍ഡിന് നഷ്ടത്തില്‍ റെക്കോഡ് വര്‍ധന

കഴിഞ്ഞ സാമ്പത്തികവര്‍ഷം വൈദ്യുതി ബോര്‍ഡിന് 3493 കോടി രൂപയുടെ നഷ്ടം. തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം അംഗീകരിച്ച കണക്കുപ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 1375 കോടി രൂപയുടെ വന്‍വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നഷ്ടം 2118 കോടിയായിരുന്നു. ബോര്‍ഡിന് 7651 കോടി രൂപയുടെ വരവുണ്ടായപ്പോള്‍ ചെലവായത് 11,144 കോടി രൂപയാണ്. വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് താരിഫ് വരുമാനം 7447 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്നിലത്തെ വര്‍ഷം ഇത് 5817 കോടിയായിരുന്നു. വരുമാനം കൂടിയെങ്കിലും വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിച്ചതുമൂലമാണ് നഷ്ടം കുത്തനെ ഉയര്‍ന്നത്. താരിഫ് വരുമാനമായി ലഭിച്ച 7765 കോടിയേക്കാള്‍ 318 കോടി രൂപ അധികം ചെലവിട്ടാണ് ബോര്‍ഡ് വൈദ്യുതി വാങ്ങിയത്.

സംസ്ഥാനത്തുണ്ടായ കടുത്ത വരള്‍ച്ചയും കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ഉയര്‍ന്ന വിലയുമാണ് ചെലവ് കൂടാന്‍ കാരണമെന്നാണ് കെഎസ്ഇബി പറയുന്നത്. ശമ്പളം, പെന്‍ഷന്‍ എന്നീ വകയില്‍ ബോര്‍ഡിന് 2100 കോടി രൂപ നല്‍കി. അറ്റകുറ്റപ്പണിക്കായി 252 കോടി ചെലവിട്ടപ്പോള്‍ ഭരണനിര്‍വഹണച്ചെലവ് 204 കോടി രൂപയാണ്. പലിശയിനത്തില്‍ മാത്രം 48 കോടി രൂപ ബോര്‍ഡിന് ചെലവായിട്ടുണ്ട്. കണക്കുകള്‍ റെഗുലേറ്ററി കമീഷനെ അറിയിക്കും. കമീഷനാണ് ബോര്‍ഡിന്റെ വരവ്-ചെലവ് കണക്ക് അന്തിമമായി അംഗീകരിക്കുക.

deshabhimani

No comments:

Post a Comment