Tuesday, October 8, 2013

സെമിനാര്‍ വിജയത്തില്‍ ലീഗിന് ഭയം

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി കണ്ണൂരില്‍ ചേര്‍ന്ന മുസ്ലിംലീഗ് കണ്‍വന്‍ഷനില്‍ പ്രസംഗിച്ച നേതാക്കള്‍ക്ക് ആശങ്കയേറെയും "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാറിന്റെ വന്‍ വിജയത്തില്‍. കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല് നടക്കുമ്പോഴും നേതാക്കള്‍ സംസാരിച്ചത് സെമിനാറിനെ ഇകഴ്ത്തിയും സിപിഐ എമ്മിനെ ആക്ഷേപിച്ചുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏറെയൊന്നും പ്രതിപാദിച്ചുമില്ല. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ ഭീതിയാണ് നിഴലിച്ചത്. ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ പച്ചക്കള്ളമാണ് തട്ടിവിട്ടത്. സിപിഐ എം കേന്ദ്രങ്ങളില്‍ പള്ളിയും മദ്രസയും പണിയാന്‍ സമ്മതിക്കുന്നില്ലെന്നും മറ്റുമാണ് അദ്ദേഹം ഉത്തരവാദിത്വരഹിതമായി പ്രസംഗിച്ചത്. തലശേരിമേഖലയില്‍ നിരവധി പള്ളികള്‍ തകര്‍ത്തിട്ടിട്ടുണ്ടെന്നും ആരോപിച്ചു. പള്ളികള്‍ സംരക്ഷിച്ച പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആത്മവഞ്ചന നടത്തുകയായിരുന്നു ബാവ. കുന്നോത്തുപറമ്പ് ജുമാമസ്ജിദിനുനേരെ കഴിഞ്ഞ ദിവസം ആര്‍എസ്എസ്സുകാര്‍ അതിക്രമം കാട്ടിയപ്പോള്‍ സമാധാനസന്ദേശവുമായി എത്തിയത് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനാണെന്നതും അറിയാത്തതല്ല.

ബിജെപിയുടെ ഭീഷണി ഒഴിവാക്കാന്‍ ഇടതുപക്ഷം സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് മന്ത്രി എം കെ മുനീര്‍ പ്രസംഗം തുടങ്ങിയതെങ്കിലും ന്യൂനപക്ഷ സെമിനാര്‍ താത്വികമായി ശരിയല്ലെന്ന് പറഞ്ഞു. കെ പി എ മജീദും ഇ അഹമ്മദുമെല്ലാം പ്രസംഗത്തില്‍ മറന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് കാര്യം. കൂട്ടത്തല്ലുണ്ടായതിനാല്‍ പൂക്കോയ തങ്ങളെയും മറ്റും ഉദ്ധരിച്ച് പ്രവര്‍ത്തകരെ തണുപ്പിക്കാനാണ് വൈകിയെത്തിയ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്. കണ്ണൂരില്‍ നടന്ന "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ ലീഗ്-കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ചരിത്രം കുറിച്ച സെമിനാറിലെ വന്‍ ജനപങ്കാളിത്തം മുസ്ലിംവിഭാഗങ്ങളിലെ മാറ്റത്തിന്റെ തെളിവാണ്. ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" പുസ്തകം രണ്ടാംപതിപ്പ് 1500 കോപ്പിയാണ് സെമിനാറില്‍ വിറ്റുപോയത്. സ്ത്രീകള്‍ വന്‍തോതില്‍ അണിനിരന്നതും ലീഗുകാര്‍ക്ക് പ്രകോപനമായി. നിരവധി ആഭ്യന്തരപ്രശ്നങ്ങളില്‍ കുഴങ്ങുന്ന ലീഗിന് തങ്ങളുടെ സ്വാധീനം കുറയുന്നതില്‍ കടുത്ത ആശങ്കയുണ്ട്. കാന്തപുരം വിഭാഗത്തിനെതിരെ ലീഗുകാര്‍ അടുത്തിടെ നടത്തിയ വധശ്രമം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ സമുദായത്തില്‍ വലിയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത പണപ്പിരിവ്, തീവ്രവാദ സംഘടനകളുമായുള്ള രഹസ്യബന്ധം തുടങ്ങിയവയും ലീഗ് അണികളില്‍ ചര്‍ച്ചാവിഷയമാണ്.

കണ്ണൂരില്‍ ലീഗ് കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല്

മുസ്ലിംലീഗ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച ജവഹര്‍ ലൈബ്രറി ഹാളില്‍ വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനാണ്് തല്ലിപ്പിരിഞ്ഞത്. യൂത്ത്ലീഗ് നേതാവിനെതിരെ കേസെടുത്ത പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം മറയാക്കിയാണ് ലീഗില്‍ പുകയുന്ന ചേരിതിരിവ് തമ്മിലടിയിലെത്തിയത്. കണ്‍വന്‍ഷന്‍ അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ കല്ലായി രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ്, മന്ത്രി എം കെ മുനീര്‍ എന്നിവരെ പ്രവര്‍ത്തകര്‍ വേദിയില്‍ തടഞ്ഞ് മുദ്രാവാക്യം മുഴക്കി. ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കി. കെ പി എ മജീദ്, ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കെ ബാവ എന്നിവര്‍ക്കുശേഷം ഇ അഹമ്മദ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് തല്ല് തുടങ്ങിയത്. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്കുശേഷം ഒരു വിഭാഗം പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു. ആലക്കോട് നടുവില്‍ സ്വദേശിയും യൂത്ത്ലീഗ് ജില്ലാ ട്രഷററുമായ വി പി മൂസാന്‍കുട്ടിയുടെ നേതൃത്വത്തിലാണ് വേദി കൈയേറിയത്. വധശ്രമക്കേസില്‍ ഏഴു വര്‍ഷം തടവുശിക്ഷ ലഭിച്ച ഇയാള്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യംനേടി പുറത്തിറങ്ങിയതാണ്.

എപി സുന്നിവിഭാഗം പ്രവര്‍ത്തകനായ പരപ്പയിലെ ഷറഫുദ്ദീനെ ഒരുസംഘം ലീഗ് ക്രിമിനലുകള്‍ രണ്ടാഴ്ചമുമ്പ് വഴിയില്‍ തടഞ്ഞ് നഗ്നനാക്കി മര്‍ദിച്ചിരുന്നു. നിടുവോട്ടെ പള്ളിയില്‍ അഭയം തേടിയ ഷറഫുദ്ദീനെ ആലക്കോട് സിഐ എം എ മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷിച്ച് ആശുപത്രിയിലാക്കിയത്. 20 ലീഗ് ക്രിമിനലുകള്‍ക്കെതിരെ കേസെടുത്ത സിഐ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളികളെ അറസ്റ്റ് ചെയ്തതാണ് മൂസാന്‍കുട്ടിക്ക് സിഐയോടുള്ള വിരോധത്തിന് കാരണം. 29ന് നടുവില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്് ഡ്യൂട്ടിക്കെത്തിയ സിഐയെ മൂസാന്‍കുട്ടി പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥലത്തെത്തിയപ്പോഴേക്കും സദസ്യരില്‍ ഭൂരിഭാഗവും സ്ഥലംവിട്ടു. സംഘര്‍ഷത്തിനിടെ ചാനല്‍ ക്യാമറാമാന്മാരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കരുതെന്ന് ഇന്റലിജന്‍സ് കുഞ്ഞാലിക്കുട്ടിയോട് അഭ്യര്‍ഥിച്ചിരുന്നു. സെക്രട്ടറിയുടെ രാജി സ്വീകരിച്ചില്ലെന്നും ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുമെന്നും ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി പറഞ്ഞു.

deshabhimani

No comments:

Post a Comment