Friday, October 4, 2013

വില്‍ക്കാന്‍വച്ച പാടത്ത് നൂറുമേനി

ചേര്‍ത്തല: റെയില്‍വെ വാഗണ്‍ ഫാക്ടറിക്കെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച തിരുവിഴയിലെ ഇലഞ്ഞിപ്പാടശേഖരത്തില്‍ ഉള്‍പ്പെടെ സ്വാശ്രയക്കൂട്ടായ്മയില്‍ നെല്‍കൃഷിക്ക് നൂറുമേനി. ഇലഞ്ഞിപ്പാടത്തെ നാല് ഏക്കറില്‍ അടക്കം 15 ഏക്കറിലാണ് "ഹരിത" സ്വാശ്രയസംഘം സമൃദ്ധിയുടെ വിളവ് കൊയ്തത്. വേറെ സ്ഥലമുണ്ടായിട്ടും 67 ഏക്കറോളം പാടശേഖരം നികത്തി വ്യവസായസ്ഥാപനം തുടങ്ങാന്‍ വെമ്പുന്ന അധികാരികള്‍ക്ക് മറുപടിയായി നെല്‍കൃഷിയും വിളവെടുപ്പും.

ചേര്‍ത്തല തെക്ക് 13-ാം വാര്‍ഡിലെ തിരുവിഴ "ഹരിത" സ്വാശ്രയസംഘമാണ് നെല്‍വയലും പരിസ്ഥിതിയും തകര്‍ക്കാനൊരുങ്ങുന്ന സര്‍ക്കാരിന് കാര്‍ഷികമുന്നേറ്റത്തിലൂടെ അര്‍ഥപൂര്‍ണമായ മറുപടി നല്‍കിയത്. തിരുവിഴ മേഖലയിലെ 13 പേര്‍ ഉള്‍പ്പെട്ട സ്വാശ്രയസംഘം രണ്ടുവര്‍ഷമായി കൃഷിയില്‍ കര്‍മനിരതം. കഴിഞ്ഞവര്‍ഷം എട്ട് ഏക്കറിലാണ് ഇവര്‍ കൃഷിയിറക്കിയത്. വര്‍ഷങ്ങളായി തരിശുകിടന്ന പാടത്തായിരുന്നു കൃഷി. ഒപ്പം വന്‍തോതില്‍ പച്ചക്കറികളും വിളയിച്ചു. ഈ കാര്‍ഷികമുന്നേറ്റത്തില്‍നിന്ന് ലഭിച്ച ഊര്‍ജവുമായാണ് ഇത്തവണ 15 ഏക്കറില്‍ നെല്‍കൃഷിയിറക്കിയത്. മുന്‍വര്‍ഷം ഇലഞ്ഞിപ്പാടത്തിന് സമീപത്തെ തരിശ് നിലങ്ങളിലായിരുന്നു കൃഷി. ഇത്തവണ ഇലഞ്ഞിപ്പാടശേഖരത്തിലെ നാല് ഏക്കര്‍കൂടി ഇവര്‍ പാട്ടത്തിനുവാങ്ങി കൃഷിയിറക്കി. കഴിഞ്ഞവര്‍ഷം ചേര്‍ത്തല തെക്ക് സഹകരണബാങ്കിലെ വായ്പത്തുകയും കൃഷിവകുപ്പ് സഹായവും കൃഷിച്ചെലവിന് ഉപയോഗപ്പെടുത്തി. ഇത്തവണ കൃഷിവകുപ്പ് നെല്‍വിത്ത് സൗജന്യമായി നല്‍കിയപ്പോള്‍ കൃഷിച്ചെലവ് അംഗങ്ങള്‍തന്നെ വഹിച്ചു. സര്‍ക്കാര്‍സഹായം പിന്നീട് ലഭിക്കുമെന്നാണ് പ്രതീക്ഷ.

വ്യാഴാഴ്ച രാവിലെ വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി ഏലശേരി അധ്യക്ഷനായി. പഞ്ചായത്തംഗങ്ങള്‍ ആര്‍ ബെന്‍സിലാല്‍, എസ് രഘുവരന്‍, ചേര്‍ത്തല തെക്ക് സഹകരണബാങ്ക് പ്രസിഡന്റ് സി വി മനോഹരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീനാ നടേശ്, ചേര്‍ത്തല തെക്ക് കൃഷി ഓഫീസര്‍ ലക്ഷ്മിശ്രീ, ഇലഞ്ഞിയില്‍ പാടശേഖരസമിതി ചെയര്‍മാന്‍ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, പ്രൊഫ. ആര്‍ അയ്യപ്പന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് എ ദേവാനന്ദന്‍ സ്വാഗതവും സെക്രട്ടറി ഡി സാനു നന്ദിയും പറഞ്ഞു. തരിശുകിടക്കുന്ന വിശാലമായ ഇലഞ്ഞിപ്പാടശേഖരം നെല്‍കൃഷിക്ക് ഉപയുക്തമാണെന്നും പാട്ടത്തിന് കിട്ടിയാല്‍ പൂര്‍ണമായി കൃഷിയിറക്കുമെന്നും സ്വാശ്രയസംഘം ഭാരവാഹികള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment