Saturday, October 26, 2013

ഐ ഗ്രൂപ്പിലെ തല്ല്: അന്വേഷണ കമീഷനെച്ചൊല്ലി തര്‍ക്കം വ്യാപകം

കോഴിക്കോട്: ഐ ഗ്രൂപ്പിലെ തല്ല് അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണനെ നിയമിച്ച നടപടിയില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം വ്യാപകം. സുമ ബാലകൃഷ്ണനെ ദൗത്യം ഏല്‍പ്പിച്ചത് അന്വേഷണം പ്രഹസനമാക്കുമെന്ന് ഐ ഗ്രൂപ്പിലെ അടികൊണ്ട കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. പി എം നിയാസിനെ അനുകൂലിക്കുന്നവരും എ ഗ്രൂപ്പുകാരും പറയുന്നു. നിയാസിനെ അടിച്ച കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്തിന്റെ അടുത്ത അനുയായിയാണ് സുമ ബാലകൃഷ്ണന്‍ എന്നാണ് ഇവരുടെ വാദം. ഇവര്‍ രണ്ടുപേരും എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്റിയോടൊപ്പം ലോകനാര്‍കാവില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രമാണ് ഇതിനുള്ള തെളിവെന്ന് എ ഗ്രൂപ്പുകാര്‍ പറയുന്നു. ഫേസ്ബുക്കില്‍ സുമ ബാലകൃഷ്ണന്റെ പേജിലാണ് ഈ ചിത്രം. കൂടാതെ അന്വേഷണ കമീഷനും അടിച്ചയാളും കെ സുധാകരന്റെ അരുമ ശിഷ്യന്മാരുമാണ്.

സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ട്് താന്‍ അയച്ച എസ്എംഎസ് സന്ദേശം നിയാസ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തിയതില്‍ അരിശം പൂണ്ടാണ് ജയന്ത് നിയാസിനെ തല്ലിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രമേശ് ചെന്നിത്തലയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ഇത്. എന്നിട്ടും അന്വേഷണ കമീഷനെ വെക്കേണ്ട ഗതികേടിലാണോ ചെന്നിത്തലയെന്നാണ് എ ഗ്രൂപ്പുകാരുടെ ചോദ്യം. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടുള്ള എസ്എംഎസിന് പിന്നില്‍ ഐ ഗ്രൂപ്പിലെ സുമ ബാലകൃഷ്ണന്‍ അടക്കമുള്ള സുധാകരപക്ഷം മുഴുവനുമുണ്ടെന്നാണ് ചെന്നിത്തല അനുകൂലികള്‍ പറയുന്നത്. കൂടാതെ ഇത്തവണ കണ്ണൂര്‍ സീറ്റ് മുല്ലപ്പള്ളിക്ക് വിട്ടുകൊടുത്തിട്ട് കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുളള പുറപ്പാടിലാണ് കെ സുധാകരനെന്നും സംസാരമുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് ജയന്തിന്റെ വിവാദ എസ്എംഎസ് എന്നാണ് എ ഗ്രൂപ്പുകാരുടെ കണ്ടെത്തല്‍. പുതിയ വിവാദം ഐ ഗ്രൂപ്പിന്റെ ശക്തി കുറയ്ക്കുമെന്ന ഭീതിയില്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രശ്നം ഒത്തുതീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതായും വിവരമുണ്ട്. കമീഷനായി സുമ ബാലകൃഷ്ണനെ നിയമിച്ചത് മുരളീധരന്റെ തന്ത്രമായും വിലയിരുത്തുന്നു.

പ്രശ്നം വിവാദമായ സാഹചര്യത്തില്‍ പേരിനൊരു അന്വേഷണ കമീഷനെവച്ച് വിവാദം തണുപ്പിക്കുന്നതിന്റെ ശ്രമമാണ് സുമ ബാലകൃഷ്ണന്റെ വരവിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് പാളയത്തിലെ സംസാരം. അതേസമയം കെ സുധാകരന്റെ ജില്ലയിലെ വലംകൈയായ ജയന്തിന്റെ ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഭൂരിപക്ഷം കോണ്‍ഗ്രസുകാരുടെയും ആവശ്യം. ശനിയാഴ്ചയാണ് അടികൊടുത്തവനെയും അടികൊണ്ടവനെയും വിസ്തരിക്കാന്‍ സുമ ബാലകൃഷ്ണന്‍ ഡിസിസി ഓഫീസിലെത്തുന്നത്. തുടര്‍ന്ന് ചേരുന്ന ഡിസിസി യോഗവും പ്രക്ഷുബ്ധമാവുമെന്നാണ് സൂചന.

deshabhimani

No comments:

Post a Comment