Wednesday, October 23, 2013

അമിതചൂഷണം: കയറ്റുമതിക്കാര്‍ വല്ലാര്‍പാടം വിടുന്നു

തുറമുഖ കൈകാര്യ നിരക്കിന്റെ (ടെര്‍മിനല്‍ ഹാന്‍ഡ്ലിങ് ചാര്‍ജ്- ടിഎച്ച്സി) പേരിലെ അമിത ചൂഷണം കയറ്റുമതിക്കാരെ വല്ലാര്‍പാടം തുറമുഖത്തുനിന്ന് അകറ്റുന്നു. തുറമുഖ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡും (ഡിപി വേള്‍ഡ്) ഷിപ്പിങ് കമ്പനിയുടെ ഏജന്റുമാരും ചേര്‍ന്നുള്ള കള്ളക്കളിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. കൊച്ചിവഴി പോയിരുന്ന പരമ്പരാഗത ചരക്കുപോലും ഇതര തുറമുഖങ്ങളിലേക്ക് വഴിമാറുകയാണ്. ഇടപാടുകാരെയും മെയിന്‍ലൈന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിനായി കൊച്ചി തുറമുഖ ട്രസ്റ്റ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോള്‍ത്തന്നെയാണ് ഇതിന്റെ നേട്ടം ഇല്ലാതാക്കിയുള്ള അമിത ചൂഷണം. തൂത്തുക്കുടി, ചെന്നൈ, മംഗലാപുരം തുറമുഖങ്ങളില്‍ സാധാരണ കണ്ടെയ്നറിന് ഫ്രെയിറ്റ് നിരക്കിനുപുറമെ ഏറിയാല്‍ 4500 രൂപവരെയാണ് ഈടാക്കുന്നതെങ്കില്‍ വല്ലാര്‍പാടത്ത് കുറഞ്ഞത് 7500 രൂപയെങ്കിലും ചെലവാകുന്നു. ശീതീകരണ സംവിധാനമുള്ള റീഫര്‍ കണ്ടെയ്നറുകള്‍ക്ക് 23,000 രൂപവരെ ആകുന്നു. മറ്റിടങ്ങളില്‍ ഇതിന് 9000-10,000 രൂപയേ ആകുന്നുള്ളൂ.

ഇതര തുറമുഖങ്ങളില്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ 22 ഡോളറാണെങ്കില്‍ വല്ലാര്‍പാടത്ത് 45 ഡോളറാണ്. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ തൂത്തുക്കുടിയെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ മംഗലാപുരത്തെയും ആശ്രയിക്കാന്‍ തുടങ്ങി. പതിവായി വല്ലാര്‍പാടംവഴി പോയിരുന്ന കശുവണ്ടിപോലുള്ള ചരക്കുപോലും തൂത്തുക്കുടിയിലേക്കാണ്് പോക്ക്. തുറമുഖങ്ങളിലെ ചരക്ക് കൈകാര്യനിരക്ക് നിശ്ചയിക്കുന്ന താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്സ് (ടാംപ്) നിശ്ചയിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ കരാറുകാര്‍ക്കും നടത്തിപ്പുകാര്‍ക്കും അധികാരമില്ല. ഈ വ്യവസ്ഥ മറികടക്കാന്‍ ഇടപാടുകാര്‍ക്ക് ഡിപി വേള്‍ഡിനുപകരം ഷിപ്പിങ് ഏജന്റ് ബില്‍ നല്‍കുകയാണ്്. ബില്ലില്‍ച്ചെലവിന്റെ ഇനംതിരിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഉണ്ടാവാറില്ലെന്ന് സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് നോര്‍ബര്‍ട്ട് കാരിക്കശേരി "ദേശാഭിമാനി"യോട് പറഞ്ഞു.

ചരക്കും മെയിന്‍ ലൈന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിന് വന്‍ ഇളവാണ് കൊച്ചി തുറമുഖ ട്രസ്റ്റ് നല്‍കുന്നത്. ഉദാഹരണത്തിന് തൂത്തുക്കുടിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിയിലേക്ക് ഒരു കണ്ടെയ്നറിന് 400 ഡോളറാണ് ചെലവെങ്കില്‍ കൊച്ചിയില്‍നിന്ന് 150 ഡോളര്‍ മതിയാകും. എന്നിട്ടും കൊച്ചിയില്‍ കപ്പല്‍ അടുക്കാത്തതിനു കാരണം ഇതര ചെലവുകളിലുള്ള വര്‍ധനയാണ്. ചൈനയില്‍നിന്നുള്ള പഴങ്ങളുടെ പ്രധാന ഉപഭോക്താവ് കേരളമാണെങ്കിലും ഇറക്കുന്നത് ചെന്നൈ തുറമുഖത്താണ്. ഈ പഴങ്ങള്‍ പരിശോധിക്കാനുള്ള ലാബും കൊച്ചിയിലില്ല. കസ്റ്റംസ് പരിശോധിച്ച് സീല്‍വച്ച ഉല്‍പ്പന്നങ്ങള്‍ റോഡില്‍ വീണ്ടും പരിശോധിക്കുന്നത്, ചെക്ക്പോസ്റ്റുകളിലെ ബുദ്ധിമുട്ട്, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍, വല്ലാര്‍പാടത്തെ ക്ലിയറിങ് താമസം തുടങ്ങിയവയും ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇതര തുറമുഖങ്ങളില്‍ കയറ്റിറക്കിന് രണ്ടോ മൂന്നോ ദിവസം മതിയെങ്കില്‍ ഇവിടെ 10 ദിവസംവരെ ആകും.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment