Wednesday, October 23, 2013

പലിശയിളവില്‍ കിട്ടുന്നത് നിസ്സാര തുക; കടമ്പകളേറെ

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശയിളവ് നാമമാത്രം. വായ്പ നല്‍കിയ ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് നല്‍കുന്ന ഇളവിനേക്കാള്‍ കുറഞ്ഞ തുകയാണ് സര്‍ക്കാര്‍ പ്രഖ്യാപനംവഴി ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ദ്രുതഗതിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമാണ് ആനുകൂല്യം ലഭിക്കുക.

 2009ലാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പകളില്‍ പലിശയിളവ് പ്രഖ്യാപിച്ചത്. മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ അതിനു മുമ്പ് വായ്പയെടുത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരമായാണ് 2004 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലത്ത് എടുത്ത വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശയിളവ് പ്രഖ്യാപിച്ചത്. 2012-13 ബജറ്റില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്കുമാത്രമായിരുന്നു ആനുകൂല്യം. കഴിഞ്ഞ ബജറ്റില്‍ മൂന്ന് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി. ഈ മാസം 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലയളവ്. ദേശസാല്‍കൃത-വാണിജ്യ ബാങ്കുകളില്‍നിന്നും വായ്പയെടുത്തവര്‍ക്കു മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. കോഴ്സ് വിജയിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പഠനകാലയളവ് കഴിഞ്ഞ് ഒരുവര്‍ഷംവരെയുള്ള പലിശയില്‍മാത്രമാണ് ഇളവ് ലഭിക്കുക. കോഴ്സിന്റെ സ്വഭാവമനുസരിച്ചാണ് കാലയളവ് നിശ്ചയിക്കുന്നത്. ചുരുക്കത്തില്‍ രണ്ടും മൂന്നും വര്‍ഷങ്ങളിലെ പലിശയിളവ് മാത്രമാണ് ലഭിക്കുക. അപേക്ഷകരില്‍ ഭൂരിഭാഗവും പഠനകാലയളവ് കഴിഞ്ഞ് നാലും അഞ്ചും വര്‍ഷം പിന്നിട്ടവരാണ്. കോഴ്സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷംവരെ വായ്പയ്ക്ക് സാധാരണ പലിശയാണെങ്കില്‍ അതിനുശേഷം കൂട്ടുപലിശ നല്‍കണം. ഭീമമായ തുകയാണ് ഈയിനത്തില്‍ ബാങ്കുകള്‍ പിഴിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് ഈ പലിശയില്‍ ഇളവ് ലഭിക്കില്ല.

ആനുകൂല്യം ലഭിക്കാന്‍ നിരവധി രേഖകളും വിദ്യാര്‍ഥികള്‍ ഹാജരാക്കണം. പഠന കാലയളവ് വ്യക്തമാക്കി പഠിച്ച സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, റവന്യൂ അധികാരികള്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, തൊഴില്‍രഹിതനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍/ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ തീര്‍പ്പാകുന്നതിനും നിരവധി കടമ്പകളുണ്ട്. പരിഗണനാര്‍ഹമായ അപേക്ഷകളുടെ പകര്‍പ്പ് കലക്ടര്‍ ലീഡ് ബാങ്ക് മാനേജര്‍ വഴി ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അയക്കും. ബാങ്ക് പലിശ കണക്കാക്കി കലക്ടറെ അറിയിക്കും. ക്ലെയിം സര്‍ട്ടിഫിക്കറ്റ് പ്ലാനിങ് ഓഫീസറുടെ സഹായത്തോടെ പരിശോധിച്ച് തുക പാസാക്കി കലക്ടര്‍ സാമ്പത്തികകാര്യ സെക്രട്ടറിയെ അറിയിക്കണം. ഇതിന് ശേഷമാണ് സര്‍ക്കാര്‍ തുക അനുവദിക്കുക.

deshabhimani

No comments:

Post a Comment