Sunday, October 13, 2013

തടിയൂരാനാകാതെ ഉമ്മന്‍ചാണ്ടി

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയെങ്കിലും കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാനാകില്ല. പത്തനംതിട്ട മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരോടൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, ഹര്‍ജി തള്ളിയ കോടതിയുടെ ചില പരാമര്‍ശം വിവാദമാകുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വഞ്ചനക്കുറ്റം ചുമത്താനാകില്ലെന്നാണ് കോടതി പറയുന്നത്. എന്നാല്‍, വഞ്ചനാ പ്രേരണക്കുറ്റം ചെയ്തുവെന്ന് കോടതി വിധിയില്‍ വരികള്‍ക്കിടയിലൂടെ പറയുന്നു. നിക്ഷേപത്തിന് മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചാല്‍ അത് വഞ്ചനക്കുറ്റമാകില്ലെന്നാണ് കോടതിയുടെ നിഗമനം. നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു എന്നാണ് ശ്രീധരന്‍നായര്‍ പറഞ്ഞതും. ഇതിലൂടെ തട്ടിപ്പ് സംഘത്തിന്റെ കൂട്ടുപ്രതിയായി മാറുകയാണ് മുഖ്യമന്ത്രി. ശ്രീധരന്‍നായര്‍ നല്‍കിയ രഹസ്യമൊഴി കോടതി പരിശോധിച്ചില്ല. ശ്രീധരന്‍നായരുടെ അഭിഭാഷകന്റെ പരാമര്‍ശങ്ങളും കണക്കിലെടുത്തില്ല. ഈ രഹസ്യമൊഴി പുറത്തുവിടാനോ തുടര്‍നടപടി എടുക്കാനോ അന്വേഷണസംഘവും തയ്യാറായിട്ടില്ല. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തതെന്ന് പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ മൊഴി കോടതിയും പൊലീസും മുഖവിലയ്ക്കെടുക്കുന്നുമില്ല.

ശ്രീധരന്‍നായര്‍ മാത്രമല്ല, തട്ടിപ്പിനിരയായവര്‍ ഉമ്മന്‍ചാണ്ടിയെയൊ അദ്ദേഹത്തിന്റെ സ്റ്റാഫിനെയൊ ഓഫീസിനെയൊ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം സ്വദേശി ടി സി മാത്യു പറഞ്ഞത് താന്‍ മുഖ്യമന്ത്രിയുടെ അടുത്ത് പറഞ്ഞ പരാതി നിമിഷങ്ങള്‍ക്കകം അറിഞ്ഞ പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ്. തട്ടിപ്പിനിരയായ സജ്ജാദും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ ഇടപെടലുകളെക്കുറിച്ച് പരാതിപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂന്ന് സ്റ്റാഫിനെ തട്ടിപ്പുമായി ബന്ധപ്പെട്ട് മാറ്റി. ഈ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകളാണ് മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിച്ചിരുന്നത്. കേസില്‍ ഇതുവരെ അകത്തായില്ലെങ്കിലും ഡല്‍ഹിയിലെ വിശ്വസ്തനും തിരുവനന്തപുരത്തെ ഉന്നതനും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിരവധി പരിപാടികളില്‍ സരിത എസ് നായര്‍ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ പൊതുപരിപാടിക്കിടെ സ്വകാര്യം പറയുന്നിടത്തേക്കുവരെ അവരുടെ ബന്ധം വളര്‍ന്നു. സരിതയുടെ ഭര്‍ത്താവും തട്ടിപ്പ് സംഘത്തിന്റെ തലവനുമായ ബിജു രാധാകൃഷ്ണനുമായി എറണാകുളത്തെ ഗസ്റ്റ്ഹൗസില്‍ അടച്ചിട്ട മുറിയില്‍ സംസാരിച്ചതെന്തെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടില്ല. സരിതയുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിന് പിന്നിലും വമ്പന്മാരുണ്ട്. ഇപ്പോഴും പുതിയ തെളിവുകള്‍ പുറത്തുവരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെയും ഓഫീസിനെയും ഒഴിവാക്കിയതും ഈ തട്ടിപ്പുകളിലെ പങ്ക് പുറത്തുവരാതിരിക്കാനാണ്. പ്രതിപക്ഷം നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നാണ് ഇതുവരെ ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഏറ്റവും പ്രധാന ആവശ്യം പോലും സ്വീകരിച്ചില്ല.

deshabhimani

No comments:

Post a Comment