Friday, October 18, 2013

എല്‍ഡിഎഫ് ഹര്‍ത്താലിന് വന്‍ജനപിന്തുണ

കസ്തൂരിരംഗന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താലിന് സമ്പൂര്‍ണ പിന്തുണ. ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ 48 വില്ലേജുകളെ അതീവഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണന്നും ഇതിനെതിരെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കാനും എല്‍ഡിഎഫ് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. പതിനായിരക്കണക്കിന് കൃഷിക്കാരുടെ നിലനില്‍പ്പിനെ ഗൗരവതരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഏതു നീക്കത്തെയും ശക്തിയുപയോഗിച്ച് ചെറുക്കുംമെന്ന സന്ദേശമാണ് വിവിധ മേഖലകളില്‍നിന്നും ഉയരുന്നത്. ഹൈറേഞ്ച് സംരക്ഷണസമിതിയും യുഡിഎഫിലെ ചില ഘടകകക്ഷികളും വ്യാപാര-കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ കമീഷന്‍ നടപ്പാക്കിയാല്‍ ജില്ലയുടെ ജനജീവിതത്തെ തകര്‍ത്തെറിയുന്ന സാഹചര്യമാണുണ്ടാവുകയെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് ഒഴികയുള്ള രാഷ്ട്രീയപാര്‍ടികള്‍ക്കുള്ളതാണ് പിന്തുണ കൂടാന്‍ കാരണം.

ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. ഹര്‍ത്താലിന് മുന്നോടിയായി തൊടുപുഴ ടൗണില്‍ ബഹുജന പ്രകടനം നടന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയറിന് സമീപം സമാപിച്ചു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി വി മത്തായി സംസാരിച്ചു. കട്ടപ്പന: ഹാര്‍ത്താലിന് പിന്തുണയറിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, വി ആര്‍ സജി, ടോമി ജോര്‍ജ്, ടി ആര്‍ ശശിധരന്‍, വി ആര്‍ ശശി, പി കെ ഷാജി, കെ പി സുമോദ് ബിജു ഐക്കര, കെ എന്‍ വാസു എന്നിവര്‍ സംസാരിച്ചു.

കര്‍ഷകവിരുദ്ധ നിലപാടിനെതിരെയുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കുക: കെ കെ ജയചന്ദ്രന്‍

ചെറുതോണി: കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ക്രൂരമായ കര്‍ഷകവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എംഎല്‍എ അഭ്യര്‍ഥിച്ചു.

ഹൈറേഞ്ച് സംരക്ഷണസമിതി ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പൊതുസമൂഹത്തോടൊപ്പം അണിനിരന്നത് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. ജില്ലയൊന്നാകെ ഒരേമനസ്സോടെ കര്‍ഷക പ്രക്ഷോഭത്തിന് തയ്യാറാകേണ്ട സമയമാണിത്. ജനിച്ചുവീണ മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാനുള്ള ഭരണകൂട ഭീകരതയുടെ കിരാതമായ ചുവടുവയ്പാണ് കമ്മിഷന്‍റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി ഭൂമിയില്‍ രക്തവും വിയര്‍പ്പും സമര്‍പ്പിച്ച പതിനയിരക്കണക്കിന് കൃഷിക്കാരെ മലയോരത്തുനിന്നും ഇറക്കിവിടാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പങ്കാളികളാവുകയാണ്. ജില്ലയിലെ കുടിയിറക്ക് വിരുദ്ധ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച് പാരമ്പര്യമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ആദ്യം രംഗത്തെത്തിയത് ജില്ലയുടെ പാര്‍ലമെന്റ് അംഗമാണെന്നതാണ് ജനതയെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസുകാര്‍പോലും എംപി യുടെ നിലപാടില്‍ ലജ്ജിച്ച് തലതാഴ്ത്തി. വമ്പിച്ച ബഹുജനപ്രതിഷേധം എംപി ക്കെതിരെ ഉയരുന്ന ഘട്ടത്തില്‍ അല്‍്പം പിന്നോട്ട് മാറിയ എംപി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഭരണപരമായ ഇടപെടല്‍ നടത്തിയെന്നുവേണം കരുതാന്‍. ഇപ്പോഴും പി ടി തോമസ് തുടരുന്ന മൗനം അതാണ് സൂചിപ്പിക്കുന്നത്.

ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുമെന്ന് പറയുന്ന കസ്തൂരിരംഗനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും എന്തിനാണ് കട്ടപ്പന, വണ്ടന്‍മേട്, പുറ്റടി, നെടുങ്കണ്ടം, തങ്കമണി, ഇടുക്കി വില്ലേജുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറ്റവും ജനവാസകേന്ദ്രമായ കട്ടപ്പനയെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് ജനവാസ കേന്ദ്രത്തെ ഒഴിവാക്കുമെന്ന് തന്നെ ആവര്‍ത്തിക്കുന്നത്് വഞ്ചനയാണ്. സര്‍ക്കാരിന്റെ കാപട്യമുള്ള ഇരട്ടമുഖമാണ് പുറത്തുവരുന്നത്. ഒരു ചതിരശ്ര കിലോമീറ്ററില്‍ 100 ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ ആ പ്രദേശം പരിസ്ഥിതിലോല പരിധിയില്‍ വരില്ലെന്നാണ് മറ്റൊരു നിര്‍ദേശം. ഒരു കിലോമീറ്റര്‍ പരിധിയില്‍ 100 പേര്‍ താമസിക്കാത്ത ഏതു കാര്‍ഷിക മേഖലയാണ് ഇടുക്കിയിലുള്ളത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന പ്രഖ്യാപന തട്ടിപ്പുകളാണ്. എംപിയും കോണ്‍ഗ്രസ് നേതാക്കളും ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം. കര്‍ഷകന്റെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ നിലനില്‍പ്പിന് വേണ്ടി ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ജനകീയ ഹര്‍ത്താലിന്റെ വിജയത്തോടെ കോണ്‍ഗ്രസിന്റെയും എംപി യുടെയും കപടമുഖത്തെ ജനങ്ങള്‍ പിച്ചിചീന്തിയെറിയുമെന്നും കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം വസ്തുതാവിരുദ്ധം: സി കെ കൃഷ്ണന്‍കുട്ടി

കട്ടപ്പന: മലയോര ജനതയുടെ സംരക്ഷണത്തിനായി എല്‍ഡിഎഫ് വെള്ളിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ എല്ലാ വിഭാഗങ്ങളും അണിനിരക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം വസ്തുതാ വിരുദ്ധമാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായി കൂട്ടായ പ്രക്ഷോഭങ്ങള്‍ക്ക് സര്‍വകക്ഷി സമിതി ജില്ലയില്‍ രൂപീകരിച്ചിരുന്നു. സമിതി മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യോഗം ചേരുമ്പോള്‍ ഈ സാഹചര്യമായിരുന്നില്ല നിലവിലുണ്ടായിരുന്നത്. റിപ്പോര്‍ട്ടുകളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സര്‍വകക്ഷി സമിതിയോഗം റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹ നയങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കസ്തൂരി രംഗന്‍ ശുപാര്‍ശ അംഗീകരിക്കാന്‍ തയാറായ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അടിയന്തിരമായി കൂടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുതിയ സാഹചര്യത്തില്‍ യോജിച്ച പ്രക്ഷോഭത്തിന് മുന്‍കൈ എടുക്കേണ്ട ഡിസിസി പ്രസിഡന്റുകൂടിയായ സമരസമിതി കണ്‍വീനറുടെ ഭാഗത്ത് നിന്ന് കൂടിയാലോചന ഉണ്ടാകാതെ വന്നത് എന്തുകൊണ്ട് എന്നത് ദുരൂഹമാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.

ജില്ലയുടെ വികസനം മുരടിക്കുമെന്ന് ആശങ്ക

കാര്‍ഷിക പ്രതിസന്ധിയും വന്യമൃഗശല്യവും മൂലം ദുരിതം പേറുന്ന ജില്ലയുടെ വികസനം കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാകുന്നതോടെ മുരടിക്കുമെന്ന് ആശങ്ക.വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ നിലവിലുള്ള വനസംരക്ഷണനിയമങ്ങള്‍ പോലും ഭാരമാകുമ്പോഴാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്.കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയതതില്‍ ജില്ലയില്‍ 13 വില്ലേജുകളണ്ട്.മാനന്തവാടി താലൂക്കിലെ പേര്യ, തൊണ്ടര്‍നാട്, തിരുനെല്ലി, തൃശിലേരി, വൈത്തിരി താലൂക്കിലെ വെള്ളരിമല, കോട്ടപ്പടി,ചുണ്ടേല്‍,കുന്നത്തിടവക, അച്ചൂരാനം,തരിയോട്,പൊഴുതന, ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ,കിടങ്ങനാട് ഗ്രാമങ്ങളുമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശം ഉണ്ടാക്കാന്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശ നിലവില്‍ വരുന്നതോടെ ജില്ലയുടെ നാലിലൊന്ന് ഭഭാഗം അതീവ പരിസ്ഥിതി ലോല പ്രദേശമായി മാറും. പ്രഫ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ അതോ ഡോ കസ്തൂരിരംഗന്‍ ശുപാര്‍ശയാണോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്ന് അറിയിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തില്‍ നവംബര്‍ 12 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഡോ കസ്തൂരിരംഗന്‍ ശുപാര്‍ശ അംഗീകരിച്ചത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സോണ്‍ ഒന്നിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. മാര്‍ഗ നിര്‍ദേശം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ ഇക്കൊല്ലം ഏപ്രില്‍ എട്ടിന് വയനാട് കലക്ടേറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്ന് താലൂക്കുകള്‍ക്ക് പകരം അദ്ദേഹം സമര്‍പ്പിച്ച ശുപാര്‍ശയില്‍ വില്ലേജ് തിരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യ മേഖല കണക്കാക്കിയിട്ടുള്ളത്. ഗാഡ്ഗില്‍ പശ്ചിമഘട്ടമലനിരകളെ ആകെ പരിസ്ഥിതി ലോലപ്രദേശമായി തരം തിരിച്ചപ്പോള്‍ കസ്തൂരി രംഗന്‍സമിതി പശ്ചിമഘട്ടത്തെ രണ്ടായി തിരിച്ചു.പ്രകൃത്യായുള്ള പശ്ചിമഘട്ട ഭൂപ്രദേശങ്ങള്‍,സാംസ്കാരിക പശ്ചിമഘട്ട ഭൂ പ്രദേശങ്ങള്‍. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് എന്നീ വില്ലേജുകളും ബത്തേരി താലൂക്കിലെ ചെതലയം പ്രദേശം ഉള്‍പ്പെടുന്ന കിടങ്ങനാട്, നൂല്‍പ്പുഴ വില്ലേജുകളും വൈത്തിരി താലൂക്കിലെ അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല വില്ലേജുകളുമാണ് ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യ പ്രദേശങ്ങള്‍. ഇത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നാല്‍ ഈ പ്രദേശങ്ങളില്‍ ഒരു നിര്‍മാണ പ്രവൃത്തികളും പുതുതായി നടക്കില്ല. വീടുകള്‍ ഒഴികെയുള്ള എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത നിയന്ത്രണം വരും. സ്കൂളുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രയാസം ഉണ്ടാവും. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭഭൂമിയുടെ തരംമാറ്റലും ക്രയവിക്രയവും ഏറെക്കുറെ നിലയ്ക്കും.ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു.വലിയ ടൂറിസം പദ്ധതിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്തും.

30 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യും. കപ്പ, വാഴ, ഇഞ്ചി, ചേന തുടങ്ങിയ ഭഭക്ഷ്യവിളകളെ ഇത് പ്രതികൂലമായി ബാധിക്കും.അതീവപരിസ്ഥിതി ലോല വില്ലേജുകളില്‍ ജൈവകൃഷി, ജൈവകീടനാശിനി എന്നിവയാണ് പ്രോല്‍സാഹിപ്പിക്കുക. ഈ പ്രദേശങ്ങളില്‍ പുതിയ റോഡുകളോ നിലവിലുള്ളതിന്റെ വ്യാപനമോ പ്രയാസകരമാവും. കുഴല്‍കിണല്‍ നിര്‍മാണം, മരം മുറി എന്നിവയ്ക്കൊക്കെ കടുത്ത നിയന്ത്രണം വരും.റെയില്‍വേ പോലുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കസ്തൂരി രംഗന്‍ ശുപാര്‍ശ ചെയ്യുന്നു. കരിങ്കല്‍ ക്വാറികളും മണല്‍ ഖനനവും അനുവദിക്കില്ല. ജില്ലയില്‍ ശേഷിക്കുന്ന പ്രദേശം സോണ്‍ രണ്ട്, മൂന്ന് എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഡോ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. കിടങ്ങനാട്, നൂല്‍പ്പുഴ, തിരുനെല്ലി, തൃശിലേരി, പേരിയ, തൊണ്ടര്‍നാട് വില്ലേജുകളെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ ശുപാര്‍ശ അനുസരിച്ച് പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കവും സജീവമാണ്. ഇവിടങ്ങളില്‍ അരകിലോമീറ്ററോളമാവും വന്യജീവി സങ്കേതത്തിന്റെ പാരിസ്ഥിതിക സംവേദക മേഖല. ഡോ കസ്തൂരിരംഗന്‍ ശുപാര്‍ശ അംഗീകരിച്ച സാഹചര്യത്തില്‍ ഇത് അടുത്ത ദിവസങ്ങളില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റില്‍ വിജ്ഞാപനം ചെയ്ത് നടപ്പില്‍ വന്നതായി പ്രഖ്യാപിക്കും.

നിര്‍ദിഷ്ട ചുരം ബദല്‍ റോഡുകള്‍ക്കും റെയില്‍പ്പാതക്കും തിരിച്ചടി

പ്രഫ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശം ഉണ്ടാക്കാന്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ചുരം ബദല്‍ റോഡുകളും നടക്കില്ല. നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പ്പാതയെന്ന ആവശ്യത്തിനും തിരശീല വീഴും.ജില്ലയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ശ്രീചിത്തിര സെന്ററിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമാവും. ശ്രീചിത്തിര സെന്ററിനായി 75 ഏക്കറോളം ഭഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് പേര്യ വില്ലേജിലാണ്. ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശയില്‍ പേര്യ വില്ലേജ് പൂര്‍ണമായും അതീവ പരിസ്ഥിതി ലോല പ്രദേശമാണ്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന തിരുനെല്ലി, തൃശിലേരി, തൊണ്ടര്‍നാട് വില്ലേജുകളും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ജില്ലയുടെ നാലിലൊന്ന് ഭഭാഗം അതീവ പരിസ്ഥിതി ലോല പ്രദേശമായി മാര്‍ക്ക് ചെയ്തിട്ടുള്ളതാണ് കസ്തൂരിരംഗന്‍ ശുപാര്‍ശ. ഗ്രീന്‍ ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗന്‍ ശുപാര്‍ശ അംഗീകരിച്ചത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് റോഡിന് തടസം ഇതുവരെ വനഭൂമിയായിരുന്നുവെങ്കില്‍ ഇനി മറ്റൊരു പ്രധാന പ്രതിബന്ധം കൂടിയാവും. ഈ റോഡ് ആരംഭിക്കുന്നതും കടന്നുപോവുന്നതും രണ്ട് അതീവ പരിസ്ഥിതി ലോല വില്ലേജുകളിലൂടെയാണ്. വയനാട്ടില്‍ കുന്നത്തിടവക വില്ലേജും കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി വില്ലേജും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മറ്റൊരു ചുരം ബദല്‍ റോഡാണ് കള്ളാടി-ആനക്കാംപൊയില്‍. ഈ റോഡും വയനാട് ജില്ലയിലെ അതീവ പരിസ്ഥിതി ലോല മേഖലയായ വെള്ളരിമല വില്ലേജിലും കോഴിക്കോട് ജില്ലയിലെ അതീവ പരിസ്ഥിതി മേഖലയായ തിരുവമ്പാടി വില്ലേജിലും ഉള്‍പ്പെടുന്നതാണ്. ഫലത്തില്‍ ഈ രണ്ട് ബദല്‍പാതകള്‍ക്കും അകാല ചരമമായിരിക്കും ഫലം. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം വന്നാല്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വലിയ നിര്‍മാണ പ്രവൃത്തികളൊന്നും നടക്കില്ല. കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വീടുകള്‍ ഒഴികെയുള്ള എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അതീവ പരിസ്ഥിതിലോല മേഖലയില്‍ കടുത്ത നിയന്ത്രണം വരും. സ്കൂളുകളും ആശുപത്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രയാസം ഉണ്ടാവും. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭഭൂമിയുടെ തരംമാറ്റലും ക്രയവിക്രയവും ഏറെക്കുറെ നിലയ്ക്കും. ഫലത്തില്‍ ഇത് വയനാടിന്റെ റെയില്‍വേ മോഹം, ചുരം ബദല്‍ റോഡുകള്‍ എന്നിവയെയെങ്കിലും പ്രതികൂലമായി ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടപ്പാടിയിലും ആശങ്ക

അഗളി: മാധവ്ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അട്ടപ്പാടിയിലും ആശങ്ക ഉയര്‍ത്തുന്നു.വനവും ജനവാസ കേന്ദ്രങ്ങളും ഇടകലര്‍ന്ന പ്രദേശമായതിനാല്‍ അട്ടപ്പാടി പരിസ്ഥിതി ദുര്‍ബലമേഖലയില്‍ പെടുന്ന സ്വാഭാവിക ഭൂപ്രകൃതിയില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ തന്നെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴകളിലെ മണല്‍ ഖനനവും കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും തടഞ്ഞിരിക്കുകയാണ്.ഇതില്‍ 90 ശതാമാനവും പരിസ്ഥിതി ദുര്‍ബലമേഖലയാകും. ആദിവാസി ഊരുകളുടെ നിര്‍മാണം, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം തടയസ്സപ്പെടുമോ എന്ന ആശങ്ക ഉയരുകയാണ്.

അട്ടപ്പാടിയിലെ ഊരുകളില്‍ 36 എണ്ണവും റിസര്‍വ് വനത്തിനുള്ളിലാണ്. പ്രാക്തന ഗോത്രമായ കുറുംബരാണ് വനത്തിനുള്ളില്‍ താമസിക്കുന്നത്. നിലവില്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. മറ്റ് 91 ഊരുകള്‍ റിസര്‍വ് വനത്തിന് സമീപത്താണ്. ഇവിടെയെല്ലാം കൂടുതല്‍ നിയന്ത്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോള്‍ പരിസ്ഥിതി ദുര്‍ബലമേഖലയില്‍ പെടുന്നതാണ്. കൂടാതെ വടക്കുഭാഗം ലോക പൈതൃക പട്ടികയില്‍ പെടുന്ന നീലഗിരിയോട് ചേര്‍ന്നുകിടക്കുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ സൈലന്റ്വാലി നിത്യഹരിത വനങ്ങളോടു ചേര്‍ന്നു. നിലവില്‍ ഈ മേഖലയില്‍ പരിമിതമായിട്ടാണെങ്കിലും നിയന്ത്രണങ്ങളുണ്ട്. 745.9 ചതുരശ്ര കിലോമീറ്ററാണ് അട്ടപ്പാടിയുടെ ഭൂ വിസ്തൃതി. ഇതില്‍ 146.16 ചതുരശ്ര കിലോമീറ്ററും ഇടതൂര്‍ന്ന നിത്യഹരിതവനമാണ്. 40 .38 ചതുരശ്ര കിലോമീറ്റര്‍ തുറന്ന നിത്യഹരിതവനവും ആകെയുള്ള 745.9 ചതുരശ്ര കിലോമീറ്ററില്‍ 444.07 ചതുരശ്ര കിലോമീറ്റര്‍ വനവുമായി ബന്ധപ്പെട്ട മേഖലയാണ്. കേരളത്തില്‍ 17214 ചതുരശ്ര കിലോമീറ്റര്‍ ജനവാസമുള്ള ഭൂപ്രകൃതിയാണ്. 12477 ചതുരശ്ര കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രകൃതിയില്‍പ്പെടും. അട്ടപ്പാടിയിലെ മനോഹരമായ ഭൂപ്രകൃതി സംരക്ഷിക്കപ്പെടുന്നതോടൊപ്പം ഇവിടെ ജനിച്ചുവളര്‍ന്ന കാടിന്റെ മക്കളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയരുകയാണ്.

deshabhimani

1 comment:

  1. make a century of hartal in a year!!! so that you can be in Guinness Book.

    ReplyDelete