Friday, October 18, 2013

യുഎസ് കപ്പലിനെ രക്ഷിക്കാന്‍ ശ്രമം

ആയുധശേഖരവുമായി കന്യാകുമാരിതീരത്ത് പിടിയിലായ അമേരിക്കന്‍ കപ്പലിനെതിരായ അന്വേഷണം മരവിപ്പിക്കാനും കപ്പലിനെ രക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തായിരുന്നു അമേരിക്കന്‍ കപ്പല്‍ എന്ന വാദമാണ് ഇതിനായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായി ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്‍ നെഹ്ചല്‍ സന്ധു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തി. അതിനപ്പുറമുള്ള സ്ഥലത്ത് ഏതെങ്കിലും കപ്പല്‍ എന്തെങ്കിലും ചെയ്താല്‍ നമുക്കെന്തെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയില്ലെന്ന് സന്ധു വിശദീകരിച്ചു. കപ്പലിലെ 10 ജീവനക്കാര്‍ക്കും 25 ഗാര്‍ഡുകള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായതുകൊണ്ടാണ്. ഇത് മറച്ചുവച്ചാണ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്റെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടിന് വിരുദ്ധമാണ് കേന്ദ്രഉപദേശകന്റെ വിശദീകരണം. എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ എന്ന അമേരിക്കന്‍ കപ്പലില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഏത് ഇനത്തില്‍പെടുന്നതാണെന്നോ അത് എവിടെ നിര്‍മിച്ചതാണെന്നോ ഉള്ള വിവരമൊന്നും പുറത്തുവിടുന്നില്ല. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുവിടുന്നതില്‍ അധികൃതര്‍ മടി കാട്ടാറില്ല. അമേരിക്കന്‍ കപ്പലിലെ ആയുധങ്ങള്‍ ഏതൊക്കെയാണ്, ഏത് രാജ്യത്തിന്റേതാണ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് അധികൃതര്‍ ഭയക്കുന്നു.

കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയില്‍വച്ച് പിടികൂടിയ കോള്‍ട്ട് എം-16 ഇനത്തില്‍ പെട്ട റൈഫിള്‍ ആണ് കപ്പലിലുള്ളതെങ്കില്‍ അത് ഗുരുതരമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും. വനമേഖലയിലെ യുദ്ധത്തിന് ഉപയോഗിക്കുന്നതാണ് കോള്‍ട്ട് എം-16 റൈഫിള്‍. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക ഉപയോഗിച്ചിരുന്ന തോക്കുകളുടെ പരിഷ്കരിച്ച രൂപമാണിത്. മാവോയിസ്റ്റുകള്‍ വനമേഖലയിലാണ് പ്രധാനമായും നടത്തുന്നത്. അവര്‍ക്ക് അമേരിക്കയുടെ തോക്കുകള്‍ കിട്ടുന്നുവെന്നത് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. തീവ്രവാദത്തിനെതിരെ ഗിരിപ്രഭാഷണം നടത്തുന്ന അമേരിക്കതന്നെയാണ് തീവ്രവാദ സംഘടനകള്‍ക്ക് ആയുധസഹായം നല്‍കുന്നതെന്ന വിവരം പുറത്തറിയുന്നത് തടയാനാണ് ഇപ്പോള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ കപ്പല്‍ അധികൃതര്‍ ഉന്നയിക്കാനിടയുള്ള വാദങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍തന്നെ മുന്‍കൂറായി പറയാന്‍ തുടങ്ങിയിരിക്കുന്നു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment